കെഎസ്ഇബി ജീവനക്കാരുടെ അനാസ്ഥ മൂലം വ്യാപാരികള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം

കെഎസ്ഇബി ജീവനക്കാരുടെ അനാസ്ഥ മൂലം വ്യാപാരികള്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി ആക്ഷേപം. വലിക്കകത്ത് അപ്‌ഹോള്‍സ്റ്ററി സ്ഥാപനവും തൊട്ടടുത്ത മലാസ് ജ്യൂസ് കടയുമാണ് ബുധനാഴ്ച്ച പുലര്‍ച്ചെ രണ്ടോടെ അഗ്‌നിക്ക് ഇരയായത്. ഗാന്ധിനഗര്‍ അഗ്‌നിരക്ഷ സേനയിലെ രണ്ട് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
കലൂര്‍ കെ.എസ്.ഇ.ബി ഓഫീസിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കാരണമെന്ന് കടഉടമ ബെന്നിയും ടി.ജെ. വിനോദ് എം.എല്‍.എയും ആരോപിച്ചു.ചൊവ്വാഴ്ച രാത്രി എട്ടോടെ കടയില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. കലൂര്‍ കെ.എസ്.ഇ.ബി ഓഫീസില്‍ അറിയിച്ചെങ്കിലും ഒറ്റപ്പെട്ട സംഭവമായതിനാല്‍ ഇപ്പോള്‍ നോക്കാനാകില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് എം.എല്‍.എയെ വിഷയം ധരിപ്പിച്ചു. എം.എല്‍.എ എക്‌സി. എന്‍ജിനിയറെ വിളിച്ച് അറിയിച്ചതിനാല്‍ ജീവനക്കാര്‍ സ്ഥലത്തെത്തി. പോസ്റ്റിലേക്ക് ടോര്‍ച്ചടിച്ച് നോക്കി സര്‍വീസ് വയര്‍ കരിഞ്ഞുപോയിട്ടുണ്ടെന്ന് അറിയിച്ചതല്ലാതെ പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറായില്ല. ഇപ്പോള്‍ ഒന്നുംചെയ്യാന്‍ കഴിയില്ലെന്നും രാവിലെ ഓഫീസിലേക്ക് വരാനും ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ മടങ്ങി.
രാത്രി തീ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. സര്‍വീസ് വയര്‍ കരിഞ്ഞത് മനസിലാക്കിയ ഉദ്യോഗസ്ഥര്‍ ലൈന്‍ ഓഫ് ചെയ്ത് പരിഹാരം കണ്ടിരുന്നെങ്കില്‍ തീപിടിത്തമുണ്ടാകില്ലായിരുന്നുവെന്നും ബെന്നി ആരോപിച്ചു. ഉദ്യോഗസ്ഥരുടെ അലംഭാവത്തില്‍ നടപടിയെടുക്കണമെന്ന് ടി.ജെ. വിനോദ് ആവശ്യപ്പെട്ടു. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അഗ്‌നിരക്ഷാസേനയും കെ.എസ്.ഇ.ബിയും വിശദമായ അന്വേഷണം നടത്തും.
https://www.facebook.com/Malayalivartha

























