മകളുടെ വിവാഹം നടന്ന ആഡംബര ഹോട്ടലിൽ ദിവസങ്ങൾക്ക് മുമ്പെത്തി മുറിയെടുത്തു:- വസ്ത്രങ്ങളിടുന്ന സ്റ്റാൻഡിൽ ജീവനൊടുക്കി ദമ്പതികൾ:- ആത്മഹത്യാ കുറിപ്പിൽ ഗർഭിണിയായ മകളെ ഉപദ്രവിക്കരുതെന്ന് യാചന...

ആഡംബര ഹോട്ടലിൽ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഹരിപ്പാട് ചേപ്പാട് സ്വദേശികളായ സുഗതൻ(70), ഭാര്യ സുനിലാ സുഗതൻ(60) എന്നിവരെയാണ് ബുധനാഴ്ച വൈകീട്ട് ഹോട്ടൽമുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദിവസങ്ങൾക്കു മുൻപാണ് മകൾക്കൊപ്പം വന്ന് ഇവർ ഹോട്ടലിൽ മുറിയെടുത്തത്. മുറിയെടുത്തു നൽകിയ ശേഷം മകൾ മടങ്ങിപ്പോയി. അധികം പുറത്തൊന്നും പോകാത്ത ഇവർ കൂടുതൽ സമയവും മുറിക്കുള്ളിലാണ് കഴിഞ്ഞിരുന്നത്. ബുധനാഴ്ച വൈകീട്ട് മുറി വൃത്തിയാക്കാൻ എത്തിയപ്പോൾ, മുറി തുറക്കാത്തത് സംശയത്തിനിടയാക്കി. തുടർന്ന് ജീവനക്കാർ മ്യൂസിയം പോലീസിനെ അറിയിച്ചു.
പോലീസ് എത്തി വാതിൽ തുറന്ന് നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. ചുമരിലുറപ്പിച്ച വസ്ത്രങ്ങളിടുന്ന സ്റ്റാൻഡിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം.കഴിഞ്ഞ ജനുവരിയിൽ ഇവരുടെ മകളുടെ വിവാഹം ഇതേ ഹോട്ടലിൽ വച്ചായിരുന്നുവെന്നും മകളെ ഉപദ്രവിക്കരുതെന്നും സൂചിപ്പിച്ച ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സുഗതൻ ഏറെക്കാലം മസ്‌കറ്റിലായിരുന്നു. പ്രവാസ ജീവിതം മതിയാക്കി വന്ന ശേഷം ചെന്നൈയിൽ സ്‌പെയർപാർട്സ് വ്യാപാരവും നടത്തിയിരുന്നു.
പിന്നീട് ഇവർ മലയിൻകീഴ് കരിപ്പൂര് പ്രകൃതി ഗാർഡൻസ് ധനികയിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ജനുവരിയിൽ ഈ വീട് വിറ്റ് ഇവിടെനിന്നു മാറി പടിഞ്ഞാറേക്കോട്ടയ്ക്കടുത്ത് താമസം തുടങ്ങി. ഈ വീടിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഹോട്ടലിൽ മുറിയെടുത്ത് താമസം തുടങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു.
നാട്ടുകാരോടു വലിയ അടുപ്പം സൂക്ഷിക്കാത്തവരായിരുന്നതിനാൽ ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അയൽവാസികൾക്കും ലഭ്യമല്ല. സാമ്പത്തികമായി ഉയർന്ന നിലയിലായിരുന്ന ഇവർക്ക് ഇടക്കാലത്തുണ്ടായ സാമ്പത്തികപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമായതെന്നാണ് പോലീസിന്റെ നിഗമനം. ഗർഭിണിയായ മകളെ ഉപദ്രവിക്കരുതെന്ന് അഭ്യർഥിച്ച് എഴുതിയ കുറിപ്പാണു പോലീസ് കണ്ടെടുത്തത്.
അസ്വാഭാവിക മരണത്തിനു മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്. മകളുടെ വിവാഹച്ചടങ്ങ് നടന്നത് ഇതേ ഹോട്ടലിലായിരുന്നു. ഇക്കാരണത്താൽ മുൻകൂർ തുക വാങ്ങാതെയാണു ഹോട്ടലിൽ മുറി നൽകിയത്. മലയിൻകീഴ് കരിപ്പുർ നക്ഷത്ര ഗാർഡൻസിൽ താമസിച്ചിരുന്ന ഇവർ ജനുവരിയിലാണ് ആ വീടു വിറ്റത്.
2021ൽ വാങ്ങിയതിനെ അപേക്ഷിച്ച് വലിയ നഷ്ടം സഹിച്ചായിരുന്നു വിൽപ്പന. തുടർന്നു കഴക്കൂട്ടത്തും പിടിപി നഗറിലും വാടകയ്ക്കു താമസിച്ചശേഷം പടിഞ്ഞാറേക്കോട്ടയിൽ വീട് വാങ്ങി. മകൾ ഉത്തര സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയാണ്. ഗിരീഷാണു ഭർത്താവ്. ദൗർഭാഗ്യകരമായ സംഭവത്തിൽ ദുഃഖിതരാണെന്നും പൊലീസ് അന്വേഷണത്തിൽ സഹകരിക്കുമെന്നും ഹോട്ടൽ അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha

























