സെപ്തംബര്‍ ആദ്യം നടന്ന ക്രൂരമായ സവര്‍ണജാതി വെറി മന്ത്രി അറിഞ്ഞില്ലേ....? എന്തെങ്കിലും നടപടി സ്വീകരിക്കുന്നത് പോയിട്ട്, ഒരു രണ്ട് വരി പ്രസ്താവന ഇറക്കാന്‍ പോലും തയ്യാറായില്ല....കേരളത്തെ നവോത്ഥാനത്തിന്റെ സ്വര്‍ഗ്ഗീയഭൂമിയാക്കാനാണ്, നവോത്ഥാന സമിതി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചത്....

ഏഴ് മാസം മുമ്പ് പയ്യന്നൂരിലെ ക്ഷേത്രത്തില്‍ വെച്ച് തനിക്കുണ്ടായ ജാതി വിവേചനത്തെ കുറിച്ച് തുറന്നടിക്കുകയും മനുഷ്യന് അയിത്തം, പൈസയ്ക്കില്ല- എന്ന് ശക്തമായി പ്രതികരിക്കുകയും ചെയ്ത ദേവസ്വം മന്ത്രിക്കൊപ്പം രാഷ്ട്രീയ ഭേദമന്യേ യു.ഡി.എഫും ഒപ്പം നിന്നു. എന്നാല്‍ മന്ത്രി ഭരിക്കുന്ന ദേവസ്വം ബോര്‍ഡിന്റെ തിരുവനന്തപുരം നന്ദാവനം ഓഫീസിന് മുന്നില്‍ സെപ്തംബര്‍ ആദ്യം നടന്ന ക്രൂരമായ സവര്‍ണജാതി വെറി മന്ത്രി അറിഞ്ഞില്ലേ. ടൈംസ് ഓഫ് ഇന്ത്യയും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസും വിശദമായി ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയിരുന്നു. മലയാളത്തില്‍ മാധ്യമം ഒഴികെയുള്ള പത്രങ്ങള്‍ വഴിപാട് പോലെ വാര്‍ത്ത പ്രസിദ്ധീകരിച്ചു. ഇതെല്ലാം മന്ത്രിയോ, അദ്ദേഹത്തിന്റെ ഓഫീസിലുള്ളവരോ, ദേവസ്വം പ്രസിഡന്റോ കാണാതിരിക്കാനിടയില്ല. എന്നിട്ട് എന്തെങ്കിലും നടപടി സ്വീകരിക്കുന്നത് പോയിട്ട്, ഒരു രണ്ട് വരി പ്രസ്താവന ഇറക്കാന്‍ പോലും തയ്യാറായില്ല. കേരളത്തെ നവോത്ഥാനത്തിന്റെ സ്വര്‍ഗ്ഗീയഭൂമിയാക്കാനാണ് നവോത്ഥാന സമിതി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചത്.
പി. രാമഭദ്രനാണ് സമിതിയുടെ ജനറല്‍ സെക്രട്ടറി. അദ്ദേഹത്തോട് ദേവസ്വം ആസ്ഥാനത്ത് ശബരിമല ഉണ്ണിയപ്പം ലേലം നടന്നതിന് ശേഷമുണ്ടായ നിന്ന്യവും നീചവുമായ നടപടിയെ കുറിച്ച് ചോദിച്ചു. പത്രത്തില്‍ വാര്‍ത്തകണ്ടെന്നും പരാതി ലഭിക്കാതെ എങ്ങനെ നടപടി സ്വീകരിക്കും എന്നായിരുന്നു മറുപടി. മൈക്കിനെതിരെ സ്വമേധയാ കേസെടുക്കുന്ന സര്‍ക്കാരിലെ പ്രധാനിയുടെ മറുപടി ഇങ്ങിനെയാണ്. അതായത് ഇവരെയോ, ഇവര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്കോ എന്തെങ്കിലും സംഭവിച്ചാല്‍ പരാതി കൊടുക്കേണ്ട കാര്യമില്ല. നടപടിയുണ്ടാകും. ദേവസ്വം ആസ്ഥാനത്ത് നടന്ന സംഭവത്തെ കുറിച്ച് പറയുംമുമ്പ് അല്പം ചരിത്രം പറയാം.അരനൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള സി.പി.എം പൊളിറ്റ്ബ്യൂറോയില്‍ ഒരു ദളിതനെ എടുത്തത് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലാണ്.
അതും മാധ്യമങ്ങളുടെ നിരന്തര വിമര്‍ശനത്തിന് ശേഷം. ആ വിഭാഗത്തില്‍ നിന്ന് പ്രാപ്തിയുള്ള ആളുകള്‍ ഇല്ലാത്തത് കൊണ്ടാണ് ഇത്രയും കാലം തീരുമാനം വൈകിയതെന്ന ന്യായീകരണമാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരി മലയാളമനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടത്തിയത്. ഇത് കേട്ട പലരും അംബേദ്ക്കര്‍ കമ്മ്യൂണിസ്റ്റ്കാരെ കുറിച്ച് പണ്ട്, ബ്രാഹ്‌മിണ്‍ ബോയ്‌സ്- എന്ന് പറഞ്ഞത് വീണ്ടും ഓര്‍ത്തെടുത്തു. രാജ്യത്തെ സി.പി.എം രണ്ട് പതിറ്റാണ്ട് മുമ്പ് വരെ ബ്രാഹ്‌മിണ്‍ ബോയിസിന്റെ പിടിയിലായിരുന്നു. പുന്നപ്ര വയലാര്‍ സമരത്തിന് നേതൃത്വം നല്‍കിയ കെ.വി പത്രോസ് തിരുവിതാംകൂര്‍-കൊച്ചി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യത്തെ സെക്രട്ടറിയായിരുന്നു. ഇന്ന് സി.പി.ഐയോ, സി.പി.എമ്മോ പത്രോസിനെ അനുസ്മരിക്കാറില്ല. അതിന് കാരണമായി പലരും വിലയിരുത്തുന്നത് പത്രോസ് ദളിതനായത് കൊണ്ടാണെന്നാണ്. കേരളം രൂപീകരിച്ച ശേഷമുണ്ടായ ആദ്യത്തെ തെരഞ്ഞെടുപ്പില്‍ വിജയിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖ്യമന്ത്രിയാകേണ്ടിയിരുന്നത് ടി.വി തോമസായിരുന്നു. എന്നാല്‍ എം.എന്‍ ഗോവിന്ദന്‍ നായര്‍ ടി.വി വെട്ടിനിരത്താനായി മലബാറില്‍ നിന്ന് ഇ.എം.എസിനെ ഇറക്കുകയായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. ടി.വി തോമസ് ക്രിസ്ത്യാനിയായത് കൊണ്ടായിരുന്നു ഇൗ നീക്കമെന്നും ആക്ഷേപമുണ്ട്.
ഇതൊക്കെ പറയാന്‍ കാരണം കമ്മ്യൂണിസ്റ്റുകാരുടെ ജാതി-മത വിവേചനം സൂചിപ്പിക്കാനാണ്.ഇനി നമുക്ക് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് മടങ്ങിവരാം. ഇക്കൊല്ലത്തെ ശബരിമല മണ്ഡല ഉത്സവത്തിന് ഉണ്ണിയപ്പം തയ്യാറാക്കുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ടെണ്ടര്‍ വിളിച്ചിരുന്നു. തിരുവനന്തപുരം പള്ളിക്കല്‍ തെരിക്കാവിള സ്വദേശി സുബിക്കാണ് ടെണ്ടര്‍ ലഭിച്ചത്. ജാതിമത ഭേദമന്യേ വിശ്വാസികളെല്ലാം ചെല്ലുന്ന മാതൃകാസ്ഥാനമാണ് ശബരിമല. ആ പുണ്യപൂങ്കാവനത്തിലെത്തുന്ന ഭക്തലക്ഷങ്ങള്‍ക്കായി, അയ്യപ്പന്റെ ഇഷ്ട വഴിപാടായ ഉണ്ണിയപ്പം തയ്യാറാക്കി കൊടുക്കുക എന്നത് ഏതൊരു വിശ്വാസിയെയും സംബന്ധിച്ച് വലിയ ഭാഗ്യമാണ്. എന്നാല്‍ ടെണ്ടര്‍ വിജയിച്ച ശേഷം ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നിന്ന് പുറത്തിറങ്ങിയ സുബിയെ വട്ടിയൂര്‍ക്കാവ് സ്വദേശി ജഗദീശും, കരകുളം സ്വദേശി രമേശും ചേര്‍ന്ന് മര്‍ദ്ദിക്കുകയും തുപ്പുകയും ചെയ്തു. ഇത് സംബന്ധിച്ച് സുബി മ്യൂസിയം പോലീസില്‍ നല്‍കിയ പരാതിയില്‍ ഇക്കാര്യം വ്യക്തമാക്കുന്നു. സുബി ദളിത് വിഭാഗത്തില്‍പ്പെട്ടയാളായത് കൊണ്ടാണ് ഉന്നത ജാതിക്കാരായ രണ്ട് ജാതി കോമരങ്ങള്‍ ഈ നീച പ്രവര്‍ത്തി ചെയ്തത്.
ഇവര്‍ക്കെതിരെ മ്യൂസിയം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പ്രതികള്‍ ഒളിവിലാണ്. നന്ദാവനത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ പാര്‍ക്കിംഗ് ഏര്യായില്‍ വെച്ചാണ് മര്‍ദ്ദിച്ചതും തുപ്പിയതും. ' പുലയരെ ക്ഷേത്രത്തിന്റെ പടി കാണിക്കില്ലെന്ന്' പറഞ്ഞായിരുന്നു മര്‍ദ്ദനമെന്ന് സുബി പരാതിയില്‍ പറയുന്നു. കഴിഞ്ഞ തവണ സുബി ടെണ്ടറില്‍ പങ്കെടുത്തെങ്കിലും പരാജയപ്പെട്ടിരുന്നു. ഉന്നത ജാതിക്കാരെല്ലാം മരിച്ച ശേഷം നീയൊക്കെ ദേവസ്വം ലേലത്തില്‍ പങ്കെടുത്താല്‍ മതിയെന്ന് പ്രതികള്‍ ആക്രോശിച്ചെന്നും പരാതിക്കാരന്‍ ടൈംസ് ഓഫ് ഇന്ത്യയോട് വെളിപ്പെടുത്തി. പരാതി നല്‍കിയ ശേഷം പലരും തന്നെ നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്തുകയാണെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് സുബി പറഞ്ഞു.
കേരളത്തെ ഇരുണ്ടകാലത്തിലേക്ക് തിരിഞ്ഞുനടത്തുന്ന ഇത്തരത്തിലൊരു സംഭവം നടന്നിട്ട് ദേവസ്വം മന്ത്രിയോ, അദ്ദേഹത്തിന്റെ ഓഫീസിലുള്ളവരോ, ദേവസ്വം പ്രസിഡന്റോ അറിഞ്ഞില്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്. സംഭവത്തിന് ദൃക്‌സാക്ഷികളുണ്ടെന്നും പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും മ്യൂസിയം പോലീസ് പറയുന്നു. സര്‍ക്കാരോ, ദേവസ്വം ബോര്‍ഡോ ഇത് സംബന്ധിച്ച് യാതൊരു പ്രതികരണവും നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയം. സാംസ്‌കാരിക നായകന്മാരോ, ഹൈന്ദവ സംഘടനകളോ, സമുദായ സംഘടനാ നേതാക്കളോ ഇതൊന്നും അറിഞ്ഞില്ലെന്ന മട്ടില്‍ മൗനം തുടരുകയാണ്. രാജ്യം ഏറെ അഭിമാനത്തോടെ ചന്ദ്രനിലിറങ്ങിയതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ കാട്ടാളത്തം അരങ്ങേറിയത് എന്നത് അത്യന്തം ലജ്ജാകരമാണ്.
https://www.facebook.com/Malayalivartha





















