സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്, വരുംദിവസങ്ങളിലും ഇടിയോടുകൂടിയ മഴ തുടരുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസം മിതമായ മഴയ്ക്കും, ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഏഴ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വരുംദിവസങ്ങളിലും ഇടിയോടുകൂടിയ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും നാളെ മലപ്പുറം, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
വെള്ളി, ശനി ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരള - കർണ്ണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. ന്യൂനമർദ്ദത്തിന്‍റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമാണ് കേരളത്തിലെ ഇപ്പോഴുള്ള ഈ മഴയ്ക്ക് കാരണം. തെക്ക് - കിഴക്കൻ ജാർഖണ്ഡിന് മുകളിലായാണ് ന്യൂനമർദം സ്ഥിതി ചെയ്യുന്നത്. അടുത്ത 2 ദിവസം ജാർഖണ്ഡിനും തെക്കൻ ബീഹാറിനും മുകളിലൂടെ ഇത് നീങ്ങാനാണ് സാധ്യത. കച്ചിന് മുകളിലായാണ് ചക്രവാതച്ചുഴി നിലനിൽക്കുന്നത്.
ഉയർന്ന തിരമാല ജാഗ്രത നിർദേശം
കേരള തീരത്ത് നാളെ വൈകുന്നേരം 05:30വരെ 0.4 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നാണ് നിർദേശം.
ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
https://www.facebook.com/Malayalivartha





















