കൈക്കൂലി വാങ്ങുന്നതിനിടയില്‍ കൊച്ചി കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥന്‍ വിജിലന്‍സിന്റെ പിടിയിലായി

കൈക്കൂലി വാങ്ങുന്നതിനിടയില്‍ കൊച്ചി കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥന്‍ വിജിലന്‍സിന്റെ പിടിയിലായി. റവന്യൂ വിഭാഗം സീനിയര്‍ ക്ലാര്‍ക്ക് സുമിന്‍ ആണ് പിടിയിലായത്. വൈറ്റില സോണല്‍ ഓഫീസില്‍വച്ച് 2000 രൂപ കൈക്കൂലിയായി കൈപ്പറ്റുന്നതിന് ഇടയിലായിരുന്നു വിജിലന്‍സിന്റെ ഓപ്പറേഷന്‍.
മിമിക്രി കലാകാരന്‍മാരുടെ സംഘടനയുടെ ഓഫീസിന്റെ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിനായാണ് സുമിന്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഓഫീസ് പ്രവര്‍ത്തനമാരംഭിക്കുന്നത് സംബന്ധിച്ച അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് തന്നെ ഇയാള്‍ 900 രൂപ കൈക്കൂലിയായി വാങ്ങിയിരുന്നു. സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനായി തുടര്‍ന്നും പണം ആവശ്യപ്പെട്ടതോടെയാണ് മിമിക്രി അസോസിയേഷന്‍ ഭാരവാഹികള്‍ വിജിലന്‍സിനെ സമീപിച്ചത്.
തുടര്‍ന്ന് സുമിന്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത് പ്രകാരമുള്ള 2,000 രൂപ വിജിലന്‍സ് പരാതിക്കാര്‍ക്ക് കൈമാറി. ഇവര്‍ വ്യാഴാഴ്ച്ച ഓഫീസിലെത്തി ഉദ്യോഗസ്ഥന് തുക കൈമാറുകയും ചെയ്തു. പിന്നാലെ തന്നെ വിജിലന്‍സ് സംഘം സ്ഥലത്തെത്തി സുമിനെ പിടികൂടുകയായിരുന്നു. വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ടപാടെ സുമിന്‍ കൈക്കൂലി ചെരുപ്പിനുള്ളില്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇയാള്‍ സ്ഥിരം കൈക്കൂലിക്കാരനാണെന്നാണ് വിജിലന്‍സിന് ലഭിച്ച വിവരം. പ്രതിയുടെ വീട്ടിലും വിജിലന്‍സ് റെയ്ഡ് നടത്തി.
https://www.facebook.com/Malayalivartha





















