കോടതി വരാന്തയില്‍ പോലും നില്ക്കാന്‍ സാധ്യതയില്ലാത്ത കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കോടതിയുടെ വിമര്‍ശനത്തിന് വീണ്ടും നിന്നു കൊടുക്കാന്‍ തയ്യാറല്ലെന്നാണ് കേരള പോലീസിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്

ഇഡിയോട് കളിച്ചാല്‍ അത് തീക്കളിയാകുമെന്ന് കേരള ഹൈക്കോടതി പിണറായി പോലീസിനെ ഒന്നിലേറെ തവണ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. എന്നാല്‍ അതൊന്നും വകവെയ്ക്കാതെയാണ് ഇഡി ഓഫീസിലേയ്ക്ക് സര്‍ക്കാര്‍ പോലീസിനെ അയച്ചത് . കോടതി വരാന്തയില്‍ പോലും നില്ക്കാന്‍ സാധ്യതയില്ലാത്ത കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കോടതിയുടെ വിമര്‍ശനത്തിന് വീണ്ടും നിന്നു കൊടുക്കാന്‍ തയ്യാറല്ലെന്നാണ് കേരള പോലീസിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.
കരുവന്നൂര്‍ ബാങ്ക് ബെനാമി വായ്പ തട്ടിപ്പു കേസിന്റെ ചോദ്യം ചെയ്യലിനിടയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്ന വടക്കാഞ്ചേരി മുനിസിപ്പല്‍ സ്ഥിരം സമിതി അധ്യക്ഷനും സിപിഎം പ്രാദേശിക നേതാവുമായ പി.ആര്‍. അരവിന്ദാക്ഷന്റെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തിലാണ് പോലീസുകാര്‍ക്കിടയില്‍ അഭിപ്രായം വ്യത്യാസം ഉയരുന്നത്. കേസില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. സ്വര്‍ണ്ണ കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്ഐആറുകളും ഹൈക്കോടതി റദ്ദാക്കിയിരുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസുകളാണ് റദ്ദാക്കിയത്. സംസ്ഥാനസര്‍ക്കാരിന് കനത്ത തിരിച്ചടിയായിരുന്നു എഫ്ഐആറുകള്‍ റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ്. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ നിയമോപദേശം തേടുന്നത്. എന്നാല്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ നല്‍കുന്ന നിയമോപദേശം അനുകൂലമായാലും കേസ് എടുക്കുന്നത് ശരിയല്ലെന്ന് നിലപാടുള്ള പൊലീസ് ഉദ്യോഗസ്ഥരും ഉണ്ട്.
സ്വര്‍ണ്ണ കടത്ത് കേസുമായി ബന്ധപ്പെട്ട് ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നും കോടതി വിമര്‍ശിച്ചിരുന്നു. ഏതെങ്കിലും തരത്തില്‍ ഇഡി കൃത്രിമത്തെളിവ് ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപണമുണ്ടെങ്കില്‍ കേസ് പരിഗണിക്കുന്ന കോടതിയിലാണ് ക്രൈംബ്രാഞ്ച് പരാതി നല്‍കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ഏജന്‍സികള്‍ തമ്മില്‍ നടക്കുന്ന നിയമപോരാട്ടത്തിലെ വഴിത്തിരിവാണ് ഈ ഉത്തരവ്. കേസിന്റെ മെറിറ്റിലേക്ക് ഹൈക്കോടതി കടന്നിട്ടില്ല. ഒരു ഏജന്‍സി നടത്തുന്ന അന്വേഷണത്തില്‍ മറ്റൊരു ഏജന്‍സി ഇടപെടുന്നത് ശരിയല്ല എന്ന നിരീക്ഷണത്തോടെയായിരുന്നു ഹൈക്കോടതി വിധി.
അതുകൊണ്ട് തന്നെ കരുവന്നൂരിലെ പരാതിയിലെ കേസും നിലനില്‍ക്കുമോ എന്ന സംശയം സജീവമാണ്. പരാതി ലഭിച്ചതിനെത്തുടര്‍ന്നു പൊലീസ് ഉദ്യോഗസ്ഥര്‍ എറണാകുളം മുല്ലശേരി കനാല്‍ റോഡിലെ ഇ.ഡി. ഓഫിസിലെത്തി അന്വേഷണം നടത്തിയിരുന്നു. അരവിന്ദാക്ഷന്‍ അടക്കമുള്ള മുഴുവന്‍ പേരുടെയും ചോദ്യംചെയ്യല്‍ ഇ.ഡി. ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. പരാതി ലഭിച്ച സാഹചര്യത്തില്‍ പി.ആര്‍. അരവിന്ദാക്ഷന്റെ വിശദ മൊഴി പൊലീസ് രേഖപ്പെടുത്തും. ഇതിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്യാനാണ് സാധ്യത.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം അന്വേഷണം നടത്തുന്ന ഇ.ഡിക്കു മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കില്ലാത്ത ജുഡീഷ്യല്‍ അധികാരങ്ങളുണ്ട്. ഇ.ഡി.രേഖപ്പെടുത്തുന്ന മൊഴികള്‍ക്കു നിയമ സാധുതയുണ്ട്. സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രണ്ട് എഫ്ഐആറുകളാണ് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഒന്ന് സ്വപ്ന സുരേഷിന്റെ മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശബ്ദരേഖയുമായി ബന്ധപ്പെട്ടതായിരുന്നു. രണ്ടാമത്തേത് സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സന്ദീപ് നായര്‍ കോടതിയില്‍ നല്‍കിയിരിക്കുന്ന മൊഴിയുമായി ബന്ധപ്പെട്ടതാണ്.
ഈ ശബ്ദരേഖയിലും മൊഴിയിലും പറഞ്ഞിരുന്നത്, മുഖ്യമന്ത്രി അടക്കം സംസ്ഥാനസര്‍ക്കാരിന്റെ തലപ്പത്തുള്ള പ്രധാനനേതാക്കള്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ മൊഴി നല്‍കാന്‍ ഇഡി നിര്‍ബന്ധിക്കുന്നു എന്നതായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കള്ളത്തെളിവുണ്ടാക്കാന്‍ ഇഡി ശ്രമിക്കുന്നു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഈ എഫ്ഐആറുകളാണ് ഹൈക്കോടതി റദ്ദാക്കിയത്.
ക്രൈംബ്രാഞ്ച് നടപടിക്കെതിരെ ഇഡി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസന്വേഷണത്തെ ബാധിക്കുന്ന തരത്തിലാണ് ക്രൈംബ്രാഞ്ച് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് ഇഡി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മറ്റൊരു സംസ്ഥാനസര്‍ക്കാരിന്റെ കീഴിലുള്ള ഏജന്‍സിക്ക് കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ അധികാരപരിധിയില്‍ കടന്നുകയറാന്‍ കഴിയില്ലെന്നും ഇഡി ഹര്‍ജിയില്‍ വ്യക്തമാക്കി. ഇത് അംഗീകരിച്ചുകൊണ്ടാണ് എഫ്ഐആറുകള്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.
ഈ രണ്ട് കേസുകളിലും യാതൊരു തുടര്‍നടപടികളും പാടില്ല എന്നാണ് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നത്. പരാതിക്കാര്‍ക്ക് ആര്‍ക്കെങ്കിലും ഹൈക്കോടതി ഉത്തരവിന് ശേഷവും പരാതികള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഈ കേസ് പരിഗണിക്കുന്ന പ്രത്യേകകോടതിയെ സമീപിക്കാം, അവിടെ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. പരാതിക്കാരില്‍ ഒരാള്‍ സന്ദീപ് നായരാണ്. കോടതിക്ക് മുമ്പാകെ, മുഖ്യമന്ത്രിക്ക് എതിരെ അടക്കം മൊഴി കൊടുക്കാന്‍ ഇഡി നിര്‍ബന്ധിക്കുന്നുവെന്ന് കത്ത് നല്‍കിയിരുന്നു സന്ദീപ് നായര്‍. ഇതില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് പ്രത്യേകകോടതി മുമ്പാകെ നല്‍കാമെന്നാണ് ഹൈക്കോടതി അന്ന് വ്യക്തമാക്കിയത്. ഈ അനുഭവത്തിന്റെ വെളിച്ചത്തിലാണ് പോലീസ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നയങ്ങള്‍ക്കെതിരെ നില്‍ക്കുന്നത്.
https://www.facebook.com/Malayalivartha





















