ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജില്‍ (സി ഇ റ്റി) ഓണാഘോഷത്തിനിടെ അമിത വേഗതയിലോടിച്ച ജീപ്പിടിച്ച് തെറിപ്പിച്ച് വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട നരഹത്യാ കേസ്... പ്രതികളായ ജീപ്പോടിച്ചയാളും തെളിവു നശിപ്പിച്ചവരുമായ മൂന്നു പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ കോടതി കുറ്റം ചുമത്തി

ശ്രീകാര്യം ഗവ.എന്‍ജിനീയറിംഗ് കോളേജ് (സി ഇ റ്റി) കാമ്പസില്‍ അതിരുവിട്ട ഓണാഘോഷത്തിനിടെ മദ്യലഹരിയില്‍ അമിത വേഗതയില്‍ ഓടിച്ച ഓപ്പണ്‍ ജീപ്പിടിച്ച് തെറിപ്പിച്ച് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട നരഹത്യാ കേസില്‍ പ്രതികള്‍ക്ക് മേല്‍ തലസ്ഥാന വിചാരണ കോടതി കുറ്റം ചുമത്തി. തിരുവനന്തപുരം അഡീ. അസി. സെഷന്‍സ് കോടതിയായ സബ് കോടതിയാണ് വിചാരണക്ക് മുന്നോടിയായി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച് പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തിയത്. സ്ഫടികം സിനിമാ മോഡല്‍ ' ചെകുത്താന്‍ ' പേര് ആലേഖനം ചെയ്ത ലോറിയും തുറന്ന ജീപ്പുകളും അനധികൃതമായി ക്യാമ്പസില്‍ ഓടിച്ച് കയറ്റി നടത്തിയ ഓണാഘോഷമാണ് ഒരു വിദ്യാര്‍ത്ഥിനിയുടെ ജീവനെടുത്തത്.
പ്രതികളായ ജീപ്പോടിച്ച ബി.കെ.ബി എന്നറിയപ്പെടുന്ന ബൈജു. കെ. രാധാകൃഷ്ണന്‍, തെളിവു നശിപ്പിച്ച അഫ്‌നാന്‍ അലി സെബായി , ബിബിന്‍ ഡേവിഡ് എന്നീ മൂന്നു പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് മേലാണ് കോടതി കുറ്റം ചുമത്തിയത്. അമിത വേഗതയിലും അശ്രദ്ധമായും വാഹനമോടിച്ചാല്‍ മറ്റുള്ളവര്‍ക്ക് ജീവഹാനി സംഭവിക്കുമെന്നുള്ള അറിവോടു കൂടി വാഹനമോടിച്ച് മരണം സംഭവിപ്പിച്ച നരഹത്യ , തെളിവു നശിപ്പിക്കല്‍ , കൂട്ടായ്മ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.
2015 ലെസഹപാഠികളും റിട്ട. കോളേജ് ജീവനക്കാരുമടക്കം 45 സാക്ഷികള്‍ സംസ്ഥാനത്തിന്റെ വിദൂര സ്ഥലങ്ങളില്‍ വസിക്കുന്നതിനാല്‍ വിചാരണ തീയതി ഷെഡ്യൂള്‍ ചെയ്യാന്‍ സാക്ഷികളുടെ ലഭ്യതാ തീയതികള്‍ സെപ്റ്റംബര്‍ 28 ന് അറിയിക്കാന്‍ പ്രോസിക്യൂഷന് കോടതി നിര്‍ദേശം നല്‍കി.
മലപ്പുറം വഴിക്കടവ് സ്വദേശിനി ഹോസ്റ്റലില്‍ താമസിച്ചു പഠിച്ച മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ത്ഥിനി തസ്‌നി (21) യാണ് കൊല്ലപ്പെട്ടത്.
മദ്യലഹരിയില്‍ കോളേജിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ നടത്തിയ ആഭാസ പ്രകടനമാണ് തിരുവനന്തപുരം ഗവ. എന്‍ജിനീയറിംഗ് കോളേജിലെ ആറാം സെമസ്റ്റര്‍ സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനി മലപ്പുറം നിലമ്പൂര്‍ വഴിക്കടവ് അങ്ങാടി കുന്നത്ത് പുല്ലഞ്ചേരി വീട്ടില്‍ ബഷീറിന്റെയും സൈനുജയുടെയും മൂത്തമകള്‍ തസ്നി ബഷീറിന്റെ (21) ജീവനെടുത്തത്.
2015 ആഗസ്റ്റ് 17 ന് കോളേജില്‍ ഓണാഘോഷ പരിപാടിക്കിടെയായിരുന്നു അപകടം. ലാബില്‍ നിന്ന് പുറത്തേക്കിറങ്ങി ആരവങ്ങളില്‍ നിന്നകന്ന് കോളേജ് കാമ്പസിലൂടെ നടന്നു പോകുകയായിരുന്ന തസ്നിയെ ഓണാഘോഷത്തിന്റെ ഭാഗമായി കാമ്പസില്‍ പ്രവേശിപ്പിച്ച ജീപ്പ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ തസ്നി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഓണാഘോഷ പ്രകടനത്തിനെത്തിച്ച ചെകുത്താന്‍ എന്ന് പേരെഴുതിയ ലോറിയും അപകടമുണ്ടാക്കിയ ഓപ്പണ്‍ ജീപ്പുള്‍പ്പെടെ രണ്ട് ജീപ്പുകളും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
കെ.സി.ടി. 2217 നമ്പറിലുള്ള ഓപ്പണ്‍ ജീപ്പാണ് തസ്‌നിയെ ഇടിച്ചത്. എറണാകുളം കടവന്ത്ര നേതാജി ലൈന്‍ കളപ്പുരയ്ക്കല്‍ ടൗണ്‍ സച്ചിന്റെ പേരിലാണ് ജീപ്പ് രജിസ്റ്റര്‍ ചെയ്തിരുന്നത്. സംഭവത്തില്‍ ജീപ്പോടിച്ച ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി ബൈജു .കെ രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവ ശേഷം ബൈക്കില്‍ തമിഴ്നാട്ടിലേക്ക് കടന്ന ബൈജു മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ബൈജു ഓടിച്ചിരുന്ന ജീപ്പില്‍ ഒപ്പമുണ്ടായിരുന്ന മറ്റ് എട്ടുപേരെയും പൊലീസ് പ്രതികളാക്കിയിരുന്നെങ്കിലും സംഭവശേഷം തെളിവ് നശിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ ജീപ്പ് ഒളിപ്പിച്ച് ഇവര്‍ പലവഴിക്ക് കടന്നതിനാല്‍ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനുള്ള വൈദ്യ പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല.
സംഭവ സമയം പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്ന് തെളിയിക്കുന്നതിന് ഇത് തടസമായി. അശ്രദ്ധമായി വാഹനം ഓടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടമെന്ന വിധത്തില്‍ സാധാരണ വാഹന അപകടകേസുകളിലേതു പോലെയാണ് സംഭവത്തില്‍ ആദ്യം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കിലും സംഭവം വിവാദമാകുകയും പൊതു സമൂഹത്തിന്റെ പ്രതിഷേധം ശക്തമാകുകയും ചെയ്തപ്പോഴാണ് മനപൂര്‍വ്വമുള്ള നരഹത്യയെന്ന വിധത്തില്‍ കേസ് മാറ്റിയത്. കേസില്‍ ബൈജു ഒഴികെയുള്ള പ്രതികളില്‍ മിക്കവരും ഹൈക്കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യമെടുത്തതിനാല്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലും പൊലീസിന് കഴിഞ്ഞില്ല. ദുരന്തത്തിനിരയായ തസ്നിയുടെ കുടുംബത്തിന് അന്നത്തെ സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയിരുന്നു. ഓണഘോഷത്തിന്റെ പേരില്‍ ബൈജുവും കൂട്ടുകാരും നടത്തിയ പേക്കൂത്താണ് തസ്നിയുടെ ജീവനെടുത്തത്.
മദ്യലഹരിയില്‍ ജീപ്പിന്റെ ബോണറ്റിലും ജീപ്പിനുള്ളിലും കൂട്ടുകാരെ നിരത്തി ഇരുത്തി അശ്രദ്ധമായും അമിതവേഗത്തിലും കോളേജിലെ മെയിന്‍ ബില്‍ഡിംഗിന് മുന്നില്‍ നിന്ന് പ്രധാന ഗേറ്റിന്റെ ഭാഗത്തേക്ക് പായുന്നതിനിടെയാണ് വൈകുന്നേരം നാലുമണിയോടെ തസ്നിയെ ജീപ്പിടിച്ച് തെറിപ്പിക്കുന്നത്. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തസ്നി രണ്ട് ദിവസം നീണ്ട ചികിത്സകള്‍ക്കൊടുവില്‍ 2015 ആഗസ്റ്റ് 20ന് രാത്രി പതിനൊന്നരയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഓണാഘോഷ പരിപാടിയില്‍ വാഹന റാലിക്കായി ബൈജുവും സംഘവും കോളേജ് പ്രിന്‍സിപ്പലിന്റെ അനുമതിയില്ലാതെ കാമ്പസിനുള്ളിലെത്തിച്ച വാഹനങ്ങളിലൊന്നാണ് അപകടത്തിനിടയാക്കിയത്.അപകടത്തിനിടയാക്കിയ ഓപ്പണ്‍ ജീപ്പിനൊപ്പം വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ച 'ചെകുത്താന്‍' എന്ന പേരെഴുതിയ ലോറി കഴക്കൂട്ടം ആറ്റിപ്രയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഓണാഘോഷത്തിനായി വിദ്യാര്‍ത്ഥികള്‍ ലോറി വാടകക്കെടുക്കുകയായിരുന്നു. റാലിയില്‍ ഉപയോഗിച്ച മറ്റൊരു ജീപ്പ് കാര്യവട്ടം തൃപ്പാദപുരത്തുനിന്ന് ശ്രീകാര്യം പൊലീസ് കണ്ടെടുത്തിരുന്നു. പ്രിന്‍സിപ്പലിന്റെ അനുമതിയില്ലാതെ വാഹനങ്ങള്‍ കോളേജിനുള്ളില്‍ കയറുന്നത് ഗേറ്റില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ തടഞ്ഞെങ്കിലും അദ്ദേഹത്തെ തള്ളിമാറ്റിയാണ് ബൈജുവും സംഘവും വാഹനങ്ങളുമായി അകത്ത് പ്രവേശിച്ചത്. ആരവങ്ങളില്‍നിന്ന് മാറി കാമ്പസിലൂടെ നടന്നുപോകുകയായിരുന്ന തസ്നിയെ ഇതിനിടെയാണ് ജീപ്പ് ഇടിച്ചിടുന്നത്. 2016 ജൂലൈയിലാണ് അന്വേഷണം പൂര്‍ത്തിയാക്കി പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
സി.ഇ.ടിയിലെ രണ്ടാമത്തെ അപകടം :
പത്തൊമ്പത് വര്‍ഷം മുമ്പ് സി.ഇ.ടി കാമ്പസില്‍ അമിത വേഗത്തിലോടിച്ച ബൈക്കിടിച്ച് അമിത ശങ്കര്‍ എന്ന വിദ്യാര്‍ത്ഥിനിയും മരണമടഞ്ഞിരുന്നു. സംഭവം 2002 ജനുവരി 24 നായിരുന്നു. അമിത ശങ്കറിന്റെ മരണത്തില്‍ സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ പേരില്‍ അന്ന് കേസെടുത്തിരുന്നു. സാക്ഷികള്‍ കൂറുമാറിയതിനാലും കേസില്‍ തെളിവുകളുടെ അഭാവത്താലും 2008 ല്‍ പ്രതിയെ കോടതി വെറുതെ വിട്ടു.
"
https://www.facebook.com/Malayalivartha

























