കരുവന്നൂർ കള്ളപ്പണക്കേസിൽ ഇ.ഡിയുടെ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്... മുൻ മന്ത്രി എസി മൊയ്തീന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകും... നിർണ്ണായക തീരുമാനം ഉടൻ..!

കരുവന്നൂർ കള്ളപ്പണക്കേസിൽ ഇ.ഡിയുടെ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. മുൻ മന്ത്രി എസി മൊയ്തീന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകും. നിർണ്ണായക തീരുമാനം ഉടൻ എടുക്കും. അതിനിടെ നിർണ്ണായക തെളിവുകളും ഇഡിക്ക് കിട്ടുകയാണ്. ആരോപണ നിഴലിലുള്ള സഹകരണ ബാങ്കുകളിലൊന്നിന്റെ പ്രസിഡന്റും പ്രമുഖ സിപിഎം നേതാവും ചേർന്നു മുളങ്കുന്നത്തുകാവ് മേഖലയിൽ ബഹുനില കെട്ടിടം വാങ്ങിയെന്ന് ഇ.ഡിക്കു മുന്നിൽ സാക്ഷികളിലൊരാളുടെ മൊഴി. ഈ മൊഴി ഇഡി ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്താണു ബെനാമിയുടെ പേരിൽ ഇടപാടു നടന്നത്. കെട്ടിടം വാങ്ങാൻ ചെലവഴിച്ച പണത്തിന്റെ ഉറവിടം അജ്ഞാതം. മെഡിക്കൽ കോളജിൽ നിന്ന് ഏറെ അകലെയല്ലാത്ത കെട്ടിടത്തിൽ വ്യാപാര സ്ഥാപനങ്ങളടക്കം പ്രവർത്തിക്കുന്നുണ്ട്. ഈ കെട്ടിടത്തിലേക്കും അന്വേഷണം നീളും. ഇ.ഡി റെയ്ഡ് നേരിട്ട അയ്യന്തോൾ, തൃശൂർ സഹകരണ ബാങ്കുകൾക്കു പുറമേ സംശയ നിഴലിലുള്ള മറ്റൊരു സഹകരണ ബാങ്കിന്റെ പ്രസിഡന്റും സിപിഎമ്മിന്റെ ഉന്നത നേതാവുമാണു കെട്ടിടം വാങ്ങലിനു പിന്നിൽ. കൂടുതൽ ബാങ്കുകളിലേക്ക് അന്വേഷണം നീളുന്നതിന്റെ സൂചനയാണ് ഇത്.
കരുവന്നൂർ കള്ളപ്പണക്കേസിലെ മുഖ്യപ്രതി പി. സതീഷ് കുമാറിന് ഈ ബാങ്കുമായും അടുത്ത ബന്ധമുണ്ടെന്നാണു സൂചന. ഉറവിടം വ്യക്തമാക്കാൻ കഴിയാത്ത പണമുപയോഗിച്ചു കെട്ടിടം വാങ്ങിയതിനു ശേഷം നടത്തിപ്പിനും മറ്റുമായി ബെനാമിയെ നിയോഗിക്കുകയാണു നേതാവു ചെയ്തത്. സാക്ഷികളിലൊരാൾ ഈ ഇടപാടിനു പിന്നിലെ അണിയറക്കഥകൾ അടക്കം ഇ.ഡിയോടു വ്യക്തമാക്കിയിട്ടുണ്ട്.
ബാങ്ക് പ്രസിഡന്റും നേതാവും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടെന്നും പാർട്ടിയിലെ പ്രാദേശിക നേതാക്കൾക്കടക്കം വ്യക്തമായി അറിയാം. ഇതേ നേതാവിനു മറ്റൊരു ബെനാമിയുടെ പേരിൽ മെഡിക്കൽ കോളജ് പരിസരത്തു മറ്റൊരു ബഹുനില കെട്ടിടം കൂടിയുണ്ടെന്നു വിവരമുണ്ടെങ്കിലും സ്ഥിരീകരണമില്ല. ഈ കെട്ടിടത്തിൽ കുറച്ചുകാലം മുൻപൊരു കുറ്റകൃത്യം നടന്നതോടെയാണു നേതാവിന്റെ കെട്ടിടമാണെന്ന വിവരം പരിസരവാസികൾപോലും അറിഞ്ഞത്. കെട്ടിടവുമായി ബന്ധപ്പെട്ട അടിസ്ഥാന രേഖകൾ അധികൃതർക്കു മുന്നിൽ ഹാജരാക്കിയപ്പോഴാണ് ഈ വസ്തുത പുറത്തായത്.
മൊയ്തീന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) നോട്ടീസ് നൽകുന്നത് പ്രത്യേക സാഹചര്യം പരിശോധിച്ചശേഷമാകുമെന്നും സൂചനയുണ്ട്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു വിളിപ്പിച്ചയാൾ പൊലീസിനു പരാതി നൽകിയ സംഭവത്തിൽ ഇ.ഡി. കേന്ദ്ര ഡയറക്ടറേറ്റുമായി കൂടിയാലോചന നടത്തിയിട്ടുണ്ട്. നിയമോപദേശം ലഭിച്ചശേഷം ഈയാഴ്ചതന്നെ ചോദ്യംചെയ്യൽ പുനഃരാരംഭിക്കും. എ.സി. മൊയ്തീന് ഈയാഴ്ച തന്നെ നോട്ടീസ് നൽകുമെന്നാണു സൂചന.
തന്നെ മർദിച്ചുവെന്ന വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി.ആർ. അരവിന്ദാക്ഷന്റെ പരാതിയിൽ കഴമ്പുണ്ടോയെന്ന് ഇ.ഡിയും ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്.
അന്വേഷണത്തിന്റെ റിപ്പോർട്ട് പരിശോധിച്ചശേഷം തുടർനടപടികൾ സ്വീകരിക്കും. ഇ.ഡിയുടെ ചട്ടപ്രകാരം, ശാരീരികോപദ്രവത്തിലൂടെ ചോദ്യം ചെയ്യൽ അനുവദിക്കുന്നില്ല. അത്തരത്തിൽ പരാതിയുണ്ടെങ്കിൽ ഇ.ഡി. പരിശോധിക്കും. മർദന പരാതി കോടതിയിലെത്തിയാൽ, സി.സി. ടിവി ദൃശ്യങ്ങളടക്കം തെളിവാകും. അതിനാൽ, നിജസ്ഥിതി വ്യക്തമായശേഷമേ ഇ.ഡി. മുന്നോട്ടുപോകൂ. കൗൺസിലറുടെ പരാതി വ്യാജമാണെന്നാണു ഇ.ഡി. വൃത്തങ്ങൾ പറയുന്നത്. ചോദ്യംചെയ്യൽ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ചിട്ടുണ്ട്.
കരൂവന്നൂർ കേസിൽ ഇ.ഡിക്കെതിരായ പൊലീസ് നടപടി മുന്നോട്ടുപോകുന്ന പക്ഷം ഇ.ഡി. ഹൈക്കോടതിയെ സമീപിക്കുമെന്നുറപ്പ്. അതിനു മുമ്പായി കേന്ദ്ര ഡയറക്ടറേറ്റിന്റെ നിയമോപദേശം തേടും. എന്നാൽ, പൊലീസ് നീക്കം പ്രാഥമിക നടപടിയിൽ മാത്രമൊതുങ്ങുമെന്നാണു ഇ.ഡിയുടെ നിഗമനം.
https://www.facebook.com/Malayalivartha

























