അടുക്കളയിലും ബെഡ് റൂമിലും വരെ നായ്ക്കൾ, പൊലീസ് വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ കണ്ടത് കടിക്കാൻ തയ്യാറായി നിൽക്കുന്ന നായ്ക്കളെ, നായ്ക്കളെ നിയന്ത്രിച്ചത് ഡോഗ് സ്ക്വാഡിലെ ഉദ്യോഗസ്ഥർ എത്തി, കോട്ടയത്തെ കഞ്ചാവ് വേട്ടയിൽ പുറത്തുവരുന്നത് നിർണായക വിവരങ്ങൾ

കോട്ടയം കുമാരനല്ലൂരിൽ 18 കിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ നിർണ്ണായക വിവരം പുറത്ത്. വീടിന്റെ ബെഡ് റൂമിൽ അടക്കം 15 നായ്ക്കളെ വളർത്തിയാണ് ഇയാൾ കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. കോട്ടയം കുമാരനല്ലൂർ കൊച്ചാലുമ്മൂട്ടിൽ ഡെൽറ്റ കെ 9 എന്ന പേരിൽ ഡോഗ് ട്രെയിനിങ്ങ് സ്ഥാപനം നടത്തിയിരുന്ന റോബിൻ ജോർജാണ് നായ വളർത്തലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്.
തിങ്കളാഴ്ച പുലർച്ചെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് പ്രദേശത്ത് പരിശോധന നടത്തിയത്. പോലീസ് മേധാവിയുടെ സ്ക്വാഡ് സ്ഥാപനത്തിനുള്ളിൽ കയറി പരിശോധന നടത്തിയപ്പോൾ ബെഡ്റൂമിൽ വരെ അമേരിക്കൻ ബുള്ളി അടക്കമുള്ള നായ്ക്കളെ ഇയാൾ നിയോഗിച്ചിരിക്കുകയായിരുന്നു. പോലീസ് സംഘം ബെഡ്റൂമിൽ കയറിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. സ്ക്വാഡ് അംഗങ്ങൾക്ക് നേരെ നായ കുരച്ചുകൊണ്ട് ചാടി എത്തി.
സ്ക്വാഡ് അംഗങ്ങൾക്കൊപ്പം ഉണ്ടായിരുന്ന പോലീസ് ഡോഗ് സ്ക്വാഡ് ഉദ്യോഗസ്ഥരായ സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രമോദ് , ഗ്രേഡ് ഹെഡ് കോൺസ്റ്റബിൾ സജികുമാർ എന്നാവർ ഡോഗ് സ്ക്വാഡിലെ നർക്കോട്ടിക്ക് സ്നിഫർ നായ ഡോണിന്റെ നേതൃത്വത്തിലാണ് അക്രമകാരികളായ നായ്ക്കളെ നിയന്ത്രണവിധേയമാക്കിയത്. പോലീസ് സംഘം അതിസാഹസികമായാണ് നായ്ക്കളെ കീഴ്പ്പെടുത്തി കഞ്ചാവ് പിടിച്ചെടുത്തത്. ഒന്നര വർഷത്തിലേറെയായി ഇയാൾ പ്രദേശത്ത് ട്രെയിനിങ് സെൻറർ നടത്തുകയായിരുന്നു. ഇവിടെനിന്നുള്ള ദുർഗന്ധം മൂലം നാട്ടുകാർ നഗരസഭയ്ക്ക് അടക്കം പരാതി നൽകുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് ഇവിടെനിന്നും കഞ്ചാവ് പിടിച്ചെടുത്തത്. നായ്ക്കളെ വളർത്തിയിരുന്ന സ്ഥാപനത്തിൽ ജില്ലാ പോലീസ് മേധാവി കെ കാർത്തിക് പരിശോധന നടത്തി. ഗാന്ധിനഗർ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. ജില്ലാ പോലീസ് മേധാവി കെ കാർത്തിക് , നെൽക്കോട്ടിക് സെൽ ഡിവൈഎസ്പി സി.ജോൺ , ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ ഷിജി എന്നിവരുടെ നേതൃത്വത്തിലാണ് ലഹരിവിരുദ്ധ സ്ക്വാഡ് പരിശോധന നടത്തിയത്.
https://www.facebook.com/Malayalivartha

























