സോളാർ പീഡന പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് ഗൂഢാലോചനയിലൂടെ എഴുതിച്ചേർത്തതാണെന്ന കേസിൽ കെബി ഗണേശ് കുമാർ എംഎൽഎ കോടതിയിൽ നേരിട്ട് ഹാജരാകണം... 18ന് ഗണേശ് കുമാർ കോടതിയിൽ ഹാജരാകണം..

സോളാർ പീഡന പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് ഗൂഢാലോചനയിലൂടെ എഴുതിച്ചേർത്തതാണെന്ന കേസിൽ കെബി ഗണേശ് കുമാർ എംഎൽഎ കോടതിയിൽ നേരിട്ട് ഹാജരാകണം. 18ന് ഗണേശ് കുമാർ കോടതിയിൽ ഹാജരാകണം. സോളാർ കേസ് പ്രതിയെയും കെ.ബി ഗണേശ് കുമാർ എംഎൽഎയെയും പ്രതിയാക്കി നൽകിയ സ്വകാര്യ അന്യായ ഹർജിയിൽ കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
പ്രതികൾക്കെതിരെ കൊട്ടാരക്കര കോടതി അയച്ച നോട്ടീസ് രണ്ട് മാസത്തേക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. ഈ കാലാവധി അവസാനിച്ചതോടെയാണ് കേസ് വീണ്ടും പരിഗണിച്ചത്. സോളാർ പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേർത്തതാണെന്ന് സിബിഐയും കണ്ടെത്തിയതോടെയാണ് ഇടവേളക്കുശേഷം കേസ് വീണ്ടും ചർച്ചയായത്. ഉമ്മൻ ചാണ്ടിയെ കേസിൽ കുടുക്കാൻ കെ.ബി. ഗണേശ് കുമാർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നെന്നാണ് സിബിഐ റിപ്പോർട്ടിൽ വ്യക്തമാക്കിയത്. ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം.
ഗണേശ് കുമാർ, ഗണേശിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്ന് ഉമ്മൻ ചാണ്ടിയെ കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ പറയുന്നത്. പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. ഇത് പിന്നീട് എഴുതിച്ചേർത്തതാണെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരി ജയിലിൽ കിടന്ന സമയത്താണ് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വിവാദ കത്ത് എഴുതുന്നത്. തന്റെ സഹായിയെ വിട്ട് ഗണേശ് കുമാർ കത്ത് കൈവശപ്പെടുത്തിയെന്നാണ് സിബിഐ പറയുന്നത്. ഗണേശ് കുമാറിന്റെ ബന്ധു ശരണ്യ മനോജ് നൽകിയ മൊഴിയിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എന്നാൽ ഗൂഢാലോചനയിൽ പങ്കെടുത്തില്ലെന്നാണ് ഗണേശും ശരണ്യാ മനോജും പറയുന്നത്.
പീഡനക്കേസുമായി മുന്നോട്ടുപോകാൻ പരാതിക്കാരിയെ സഹായിച്ചത് വിവാദ ദല്ലാളാണെന്നും സിബിഐ കണ്ടെത്തിയിരുന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിലെത്തി മൂന്നാം ദിവസം തന്നെ പരാതിക്കാരിക്കു മുഖ്യമന്ത്രിയെ കാണാൻ അവസരമൊരുക്കിയത് വിവാദ ദല്ലാൾ ആണെന്നും മൊഴി ലഭിച്ചിരിക്കുകയാണ്. ക്ലിഫ്ഹൗസിൽവച്ച് പീഡിപ്പിച്ചുവെന്ന പരാതിയിൽ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സിബിഐ റിപ്പോർട്ടിലുണ്ട്. കൊട്ടാരക്കര കോടതിയിലെ കേസിലും ഇതെല്ലാം നിർണ്ണായകമാകും.
സോളാർ കമ്മിഷൻ മുമ്പാകെ പരാതിക്കാരി ഹാജരാക്കിയ കത്തിൽ കൃത്രിമത്വം നടത്തിയെന്ന കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെ കേസ് നിർണായകമാണ്. സോളാർ പീഡനക്കേസിൽ പരാതിക്കാരി എഴുതിയ കത്തിൽ മുന്മന്ത്രി കെ.ബി. ഗണേശ്‌കുമാറിനെതിരേ 2018-ൽ ഉമ്മൻ ചാണ്ടി കോടതിയിൽ മൊഴി നൽകിയിരുന്നു. തന്റെ മന്ത്രിസഭയിൽനിന്ന് രാജിവച്ച ഗണേശിന് സ്ഥാനം തിരികെ ലഭിക്കാത്തതിനാൽ തന്നോടും യു.ഡി.എഫ്. നേതാക്കേളാടും വിരോധം ഉണ്ടെന്നായിരുന്നു മൊഴി. പരാതിക്കാരി വ്യാജരേഖകൾ ഹാജരാക്കി സോളാർ അന്വേഷണ കമ്മിഷനെ തെറ്റിദ്ധരിപ്പിച്ചെന്നാണ് ആരോപണം.
പത്തനംതിട്ട ജയിലിൽ കഴിയുന്നതിനിടെ എഴുതിയ കത്തിൽ 21 പേജാണ് ഉണ്ടായിരുന്നതെന്നും പിന്നീട് നാലു പേജ് കൂട്ടിച്ചേർത്ത് 25 പേജാക്കിയാണ് ജുഡീഷ്യൽ കമ്മിഷനു നൽകിയതെന്നും ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നുംകാട്ടി അഡ്വ. ജോളി അലക്സ് മുഖേന കോൺഗ്രസ് നേതാവ് കൂടിയായ അഡ്വ. സുധീർ ജേക്കബാണ് കേസ് ഫയൽ ചെയ്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കമുള്ളവരെ പ്രതികളാക്കി അവരുടെ രാഷ്ട്രീയ ഭാവി തകർക്കാൻ ഗണേശ്‌കുമാറും സോളർ കേസിലെ പരാതിക്കാരിയും കൊട്ടാരക്കര കേന്ദ്രീകരിച്ചു ഗൂഢാലോചന നടത്തിയെന്നും പ്രദീപ് കോട്ടാത്തല, ഗണേശിന്റെ ബന്ധു ശരണ്യ മനോജ് എന്നിവർക്ക് ഇതിൽ പങ്കുണ്ടെന്നുമാണ് കേസ്.
കത്തിൽ ഉമ്മൻ ചാണ്ടിക്കെതിരേ െലെംഗികാരോപണം ഉണ്ടായിരുന്നില്ലെന്ന് ശരണ്യ മനോജ് വ്യക്തമാക്കിയിട്ടുണ്ട്. കേസിലേക്കു ഗണേശ്‌കുമാറിന്റെ പേര് വലിച്ചിഴയ്ക്കേണ്ടതില്ല. ആർ ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടിട്ടാണ് താൻ വിഷയത്തിൽ ഇടപെട്ടത്. ഗണേശിന്റെ സഹായി പ്രദീപാണ് കത്ത് കൈപ്പറ്റിയത്. ദല്ലാൾ നന്ദകുമാറാണ് ഒരു ചാനലിന് കത്ത് കൈമാറിയത്. കേസിൽ ഉമ്മൻ ചാണ്ടിക്ക് അനുകൂലമായാണ് ഗണേശ്‌കുമാർ മൊഴി കൊടുത്തതെന്നാണു മനസിലാക്കുന്നതെന്നും ശരണ്യ മനോജ് പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha

























