ഷാരോൺ വധ കേസിൽ ജാമ്യം ലഭിച്ചെങ്കിലും ഗ്രീഷ്മയുടെ ജയിൽ മോചനം നീളും:- കസ്റ്റഡിയിലിരിക്കെ ബാത്റൂം ക്ലീനർ കഴിച്ച് ആത്മഹത്യ ശ്രമം നടത്തിയ കേസിൽ ജാമ്യം ലഭിക്കണം...

പാറശാല ഷാരോൺ കൊലക്കേസിൽ മുഖ്യ പ്രതി ഗ്രീഷ്മയ്ക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. സമൂഹത്തിന്റെ വികാരം പ്രതിക്ക് എതിരായത് കൊണ്ട് ഒരാൾക്ക് അർഹതപ്പെട്ട ജാമ്യം നിഷേധിക്കാൻ കഴിയില്ലെന്നാണ് ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിച്ച് കൊണ്ട് കോടതി വ്യക്തമാക്കിയത്. കുറ്റപത്രം നൽകിയിട്ടും ജാമ്യം നിഷേധിക്കണമെങ്കിൽ മതിയായ കാരണം വേണമെന്നും ജസ്റ്റിസ് മുഹമ്മദ് നിയാസ് വ്യക്തമാക്കിരുന്നു. കേരളം ഞെട്ടലോടെ കേട്ട ഷാരോൺ കൊലപാതക കേസിൽ ഗ്രീഷ്മയ്ക്ക് പത്ത് മാസത്തിന് ശേഷം ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ജയിൽ മോചനം നീളും.
പോലീസ് കസ്റ്റഡിയിൽ ഇരിക്കെ ബാത്റൂം ക്ലീനർ കഴിച്ച് ആത്മഹത്യ ശ്രമം നടത്തിയ കേസിൽ കൂടി ജാമ്യം ലഭിച്ചാലേ ഗ്രീഷ്മയ്ക്ക് ജയിൽ മോചിത ആകാൻ സാധിക്കുകയുള്ളൂ. പാറശ്ശാല കോടതിയാണ് ഈ കേസ് പരിഗണിക്കുന്നത്. ഒപ്പം, ഹൈക്കോടതി അനുവദിച്ച ജാമ്യത്തിൽ വിചാരണ കോടതിയായ നെയ്യാറ്റിൻകര കോടതിയിൽ രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കുകയും വേണം. അട്ടക്കുളങ്ങര ജയിലിൽ കഴിഞ്ഞിരുന്ന ഗ്രീഷ്മയെ കഴിഞ്ഞ 15നാണ് സഹത്തടവുകാരുടെ പരാതിയെ തുടർന്ന് ആലപ്പുഴ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റിയത്.
ഉപാധികളോടെയാണ് ഹൈക്കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. 142 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. കൊലപാതകത്തിൽ പങ്കുള്ള ഗ്രീഷ്മയുടെ അമ്മാവനും അമ്മയും കൂട്ടുപ്രതികളാണ്. ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ ആസൂത്രിത കൊലപാതകമാണ് നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
സെക്സ് ചാറ്റിലൂടെ ലൈംഗിക ബന്ധത്തിന് വീട്ടിലേക്കു ക്ഷണിച്ചുവരുത്തിയാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നും കാർപ്പിക്ക് എന്ന കളനാശിനിയാണ് കഷായത്തിൽ കലർത്തിയതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 142 സാക്ഷി മൊഴികളും 57 രേഖകളുമാണ് കുറ്റപത്രത്തിലുള്ളത്. ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85ാമത്തെ ദിവസമാണ് കുറ്റപത്രം നൽകിയത്.
സാക്ഷികളെ സ്വാധീനിക്കാരുതെന്നും കേസിൽ ഇടപെടരുതെന്നുമുള്ള ഉപാധികളോടെയാണ് ഗ്രീഷ്മയ്ക്ക് ജാമ്യം നൽകിയത്. അന്വേഷണവുമായി പ്രതി ഗ്രീഷ്മ സഹകരിച്ചിട്ടുണ്ട്. പ്രതിയ്ക്ക് ക്രിമിനൽ പശ്ചാത്തലവുമില്ല. സമൂഹത്തിന്റെ വികാരം എതിരാണെന്നത് കൊണ്ട് മാത്രം ഒരാൾക്ക് അർഹതപ്പെട്ട ജാമ്യം നിഷേധിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ജാമ്യം നൽകിയാൽ ഗ്രീഷ്മ ഒളിവിൽ പോകുമെന്ന വാദം പ്രോസിക്യൂഷന് ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബർ 31നായിരുന്നു ഗ്രീഷ്മയെ പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. സൈനികനുമായുള്ള വിവാഹം ഉറപ്പിച്ചിട്ടും മുൻ കാമുകൻ പിൻമാറാൻ തയ്യാറാകാതെ വന്നപ്പോൾ ഗ്രീഷ്മയും കുടുംബവും ആസൂത്രണം ചെയ്ത കൊലപാതകം നടപ്പാക്കുകയായിരുന്നു.
നെയ്യൂരിലെ സ്വകാര്യ കോളോജിൽ ബി.എസ്.സി റേഡിയോളജി വിദ്യാർത്ഥിയായിരുന്നു കൊല്ലപ്പെട്ട ഷാരോൺ. ഒരു ബസ് യാത്രയ്ക്കിടയിലായിരുന്നു ഗ്രീഷ്മയെ ഷാരോണ്‍ പരിചപ്പെടുന്നത്. പത്ത് മാസം നീണ്ട പ്രണയത്തിനിടെ ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന വന്നു. എന്നാൽ പ്രണയത്തിൽ നിന്ന് പിൻമാറാൻ ഷാരോൺ വിസമ്മതിച്ചു. ഒടുവിൽ കഷായത്തിൽ വിഷം കലർത്തി നൽകുകയായിരുന്നു.
സെപ്റ്റംബർ 14ന് വിഷം അകത്ത് ചെന്ന ഷാരോൺ 10 ദിവസത്തിന് ശേഷമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ആദ്യം സാധാരണ മരണമാണെന്ന് കരുതിയ കേസിലാണ് പിന്നീട് കേരളത്തെ അമ്പരപ്പിച്ച വഴിത്തിരിവുണ്ടായത്. കുറ്റകൃത്യത്തിന് സഹായികളായതിനും തെളിവ് നശിപ്പിച്ചതിനും അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇരു പ്രതികൾക്കും നേരത്തെ ജാമ്യം ലഭിക്കുകയും ചെയ്തു. അതേ സമയം കുറ്റകൃത്യം നടന്നത് തമിഴ്നാട് പരിധിയിലാണെന്നും വിചാരണ നടത്തേണ്ടത് തമിഴ്നാട്ടിലാണെന്നും ആരോപിച്ച് ഗ്രീഷ്മ നൽകിയ മറ്റൊരു ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ ഹർജിയിൽ ഹൈക്കോടതി പിന്നീട് വാദം കേൾക്കും.
https://www.facebook.com/Malayalivartha