പോക്‌സോ കേസ് പ്രതിക്ക് 91 വര്‍ഷത്തെ കഠിനതടവും 2,10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി

പോക്‌സോ കേസ് പ്രതിക്ക് 91 വര്‍ഷത്തെ കഠിനതടവും 2,10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി. പത്തു വയസുകാരിയെ അതിക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത തിരുവല്ലം കോളിയൂര്‍ ചന്തയ്ക്ക് സമീപം മഹാത്മ അയ്യന്‍കാളി നഗറില്‍ രതീഷിനെ (36) യാണ് കഠിന തടവിന് ശിക്ഷിച്ചത്. കാട്ടാക്കട അതിവേഗം പോക്‌സോ കോടതി ജഡ്ജി എസ് രമേശ് കുമാറാണ് ശിക്ഷ വിധിച്ചത്. പിഴ തുക അതിജീവിതയ്ക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ നാലേകാല്‍ വര്‍ഷം അധിക കഠിനതടവ് അനുഭവിക്കണം.
2018 മാര്‍ച്ചിലാണ് കേസിന് ആസ്പദമായ സംഭവം. അതിജീവിതയുടെ വീടിനടുത്തെ ഭാര്യവീട്ടില്‍ വന്ന പ്രതി മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ കാണിക്കാമെന്ന് പറഞ്ഞ് ദിവസങ്ങളോളം പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ വീണ്ടും ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് കുട്ടി വിവരം മാതാവിനോട് പറയുകയും ഇവര്‍ ചൈല്‍ഡ് ലൈനിന്റെ സഹായത്തോടെ മലയിന്‍കീഴ് പൊലീസില്‍ മൊഴി കൊടുക്കുകയുമായിരുന്നു. മലയിന്‍കീഴ് എസ്എച്ച്ഒ പി ആര്‍ സന്തോഷാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഡി ആര്‍ പ്രമോദ് കോടതി ഹാജരായി. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 16 സാക്ഷികളെ വിസ്തരിച്ചു, 12 രേഖകള്‍ ഹാജരാക്കി.
പോക്‌സോ ആക്റ്റ് 6 ആര്‍ /ഡബ്ല്യൂ 5(1) പ്രകാരം 25 വര്‍ഷവും അന്‍പതിനായിരം രൂപ പിഴയും, 6ആര്‍ /ഡബ്ല്യൂ 5(എം) പ്രകാരം 25 വര്‍ഷം കഠിന തടവും 50000 രൂപ പിഴയും, 6 ആര്‍ /ഡബ്ല്യൂ (എന്‍) പ്രകാരം 25 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും, 10ആര്‍/ ഡബ്ല്യൂ 5(1) പ്രകാരം 5 വര്‍ഷം കഠിന തടവും, 20000 രൂപ പിഴയും,10ആര്‍/ ഡബ്ല്യൂ 5 (എം)പ്രകാരം 5 വര്‍ഷം കഠിന തടവും 20000 രൂപ പിഴയും10ആര്‍/ ഡബ്ല്യൂ 5(എന്‍) പ്രകാരം അഞ്ചു വര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും, കൂടാതെ ഐപിസി 506 പ്രകാരം ഒരുവര്‍ഷം കഠിന തടവും പ്രതി അനുഭവിക്കണം എന്ന് വിധി ന്യായത്തില്‍ പറയുന്നു. കാട്ടാക്കടയില്‍ അതിവേഗ പോക്‌സോ കോടതി നിലവില്‍ വന്നശേഷം നല്‍കിയ ഏറ്റവും വലിയ ശിക്ഷാവിധിയാണ് ഇത്.
https://www.facebook.com/Malayalivartha

























