ഭാര്യയെ തലയ്ക്കടിച്ച് കൊന്ന കേസ് ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി.... ശിക്ഷാവിധി ഇന്ന്

മുദാക്കല്‍ ചെമ്പൂര് ദേശത്ത് കളിക്കല്‍ കുന്നിന്‍ വീട്ടില്‍ രാധാ മകള്‍ നിഷയെ(35) തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അഴൂര്‍ മുട്ടപ്പാലം ദേശത്ത് പുതുവല്‍ വിള വീട്ടില്‍ സുകുമാരന്‍ മകന്‍ സന്തോഷിനെ(37) തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.വിഷ്ണു കുറ്റക്കാരനാണെന്ന് കണ്ടെത്തി. ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. (30.09.2023)
മദ്യപിച്ച് വന്ന് ഭാര്യ നിഷയെ ശാരീരിക ഉപദ്രവം ചെയ്തതിന് ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതാണ് കൊലപാതകത്തിനു കാരണം.
2011 ഒക്ടോബര്‍ 27 നായിരുന്നു കേസിനാസ്പദമായ സംഭവം. ഭര്‍ത്താവ് സന്തോഷ് സ്ഥിരം മദ്യപാനിയാണ്. മദ്യപിച്ച് വന്ന് നിരന്തരം നിഷയെ ദേഹോപദ്രവം ചെയ്യുമായിരുന്നു. മര്‍ദ്ദനം സഹിക്കവയ്യാതായപ്പോള്‍ സംഭവത്തിന് തലേദിവസം നിഷ ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സന്തോഷിനെ തിരഞ്ഞ് പോലീസ് നിഷയുടെ വീട്ടിലെത്തി. ഇതറിഞ്ഞ സന്തോഷ് അന്ന് വീട്ടില്‍ നിന്നും മാറി നിന്ന ശേഷം പിറ്റേ ദിവസം രാവിലെ ഏഴ് മണിയോടെ നിഷയുടെ വീട്ടിലെത്തി നിഷയുമായി വഴക്കിട്ടു. നിഷയുടെ മാതാവ് രാധയും,സഹോദരി രമ്യയും വീട്ടിലുള്ളത് കാരണം സന്തോഷ് മടങ്ങി വീടിനു തൊട്ടടുത്ത വേങ്ങോട് ജംഗ്ഷനിലേക്ക് പോയി.
നിഷയുടെ സഹോദരി ജോലിക്കു പോവുകയും നിഷയുടെ അമ്മ രാധ വീട്ടു സാധനങ്ങള്‍ വാങ്ങാന്‍ വേങ്ങോട് ' ജംഗ്ഷനിലേക്ക് വരുന്നതും കണ്ട സന്തോഷ് വീട്ടില്‍ ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം രാവിലെ പത്തുമണിയോടെ നിഷയുടെ വീട്ടിലെത്തി വീടിന്റെ മുന്‍വശം തുണി അലക്കി കൊണ്ട് നിന്നിരുന്ന നിഷയെ കമ്പിപ്പാര ഉപയോഗിച്ച് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. കൊല്ലപ്പെട്ട നിഷയുടെ മകള്‍ സനീഷ അയല്‍വാസി സുനിത എന്നിവരായിരുന്നു കേസിലെ പ്രധാന ദൃക്‌സാക്ഷികള്‍. അച്ഛന്‍ അമ്മയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയത് കണ്ടുവെന്ന് മകള്‍ സനീഷയും തറയില്‍ വീണ നിഷയെ വീണ്ടും സന്തോഷ് മര്‍ദ്ദിക്കുന്നത് കണ്ടുവെന്ന് അയല്‍വാസി സുനിതയും കോടതി മുമ്പാകെ മൊഴി നല്‍കി.
മകളുടെ നിലവിളി കേട്ട് പരിസരവാസികള്‍ ഓടിക്കൂടിയപ്പോള്‍ സംഭവസ്ഥലത്തുനിന്നും ഓടി വേങ്ങോട് ജംഗ്ഷനിലെത്തിയ പ്രതിയെ വിവരമറിഞ്ഞ നാട്ടുകാര്‍ പ്രതിയെ പിടികൂടി ആറ്റിങ്ങല്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിഷയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും പിറ്റേ ദിവസം മരണപ്പെട്ടു.
വിചാരണയുടെ ആദ്യ ഘട്ടത്തില്‍ കോടതിയില്‍ ഹാജരുണ്ടായിരുന്ന പ്രതി വിചാരണയ്ക്കിടയില്‍ കോടതിയില്‍ ഹാജരാകാതെ ഒളിവില്‍പോയതിനെ തുടര്‍ന്ന് വിചാരണ നിര്‍ത്തിവച്ചു.
പോലീസ് പ്രതിയെ പിടികൂടി ഹാജരാക്കിയതിനെ തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കിടന്നാണ് പ്രതി വിചാരണ നേരിട്ടത്.
14 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു.18 രേഖകളും, ഏഴ് തൊണ്ടി മുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ആറ്റിങ്ങല്‍ പോലീസ് മുന്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടറും ഇപ്പോള്‍ ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പിയുമായ ബി.അനില്‍കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയത്.
"
https://www.facebook.com/Malayalivartha

























