മന്ത്രിമാരുടെ ഓഫീസില്‍ മാഫിയ സംഘം, പോലീസ് രഹസ്യാന്വേഷണ വിഭാഗം ഇതേക്കുറിച്ച് അന്വേഷിച്ച് ശരിയാണെന്ന് വ്യക്തമാക്കിയ റിപ്പോര്‍ട്ട് പൂഴ്ത്തി, എല്ലാം 'സഹകരണപ്രസ്ഥാനങ്ങള്‍'

തെറ്റുതിരുത്തല്‍ സി.പി.എം കാലാകാലങ്ങളായി നടത്തുന്ന നവീകരണമാണ്. പാര്‍ട്ടി പ്ലീനങ്ങളും നല്ല മാറ്റത്തിനുള്ള ചര്‍ച്ചാ വേദിയായി മാറിയിട്ടുണ്ട്. ഇപ്പോഴതെല്ലാം മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നതിനുളള അവസരം എന്നതിനപ്പുറം ഒന്നുമാകുന്നില്ല. അതുകൊണ്ടാണ് സി.പി.എമ്മും അവര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരും നിരന്തരം വിവാദങ്ങളില്‍ വീഴുന്നത്. വീണിടത്ത് നിന്ന് ചാടിയെണീക്കാതെ അവിടെ കിടന്ന് ഉരുളുന്ന പരിപാടിയാണ് നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
അതായത് പന്നി ചെളിക്കുണ്ടില്‍ വീണ അവസ്ഥ. ചെളിയില്‍ വീണ ഒരു പന്നിയും അവിടെ നിന്ന് കയറില്ല അതാണ് ചരിത്രം. ഇവിടെ സി.പി.എമ്മിലെ ചില നേതാക്കളും മന്ത്രിമാരുടെ സ്റ്റാഫിലുള്ള ചിലരും അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണുകിടക്കുകയാണ്. മുഖ്യമന്ത്രിയുടെ ബന്ധുവിനും മകള്‍ക്കും എതിരെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആരോപണം ഉയര്‍ന്നു. എന്നിട്ടും ഒരക്ഷരം ഉരിയാടാതെ മുഖ്യമന്ത്രി മൗനവ്രതമെടുത്തു.
അവസാനം വാര്‍ത്താസമ്മേളനത്തില്‍ ബാലരമ കഥകളെ തോല്‍പ്പിക്കുന്ന യുക്തിയില്‍ എന്തോ പറഞ്ഞ് കൈകഴുകി. അതോടെ നാറ്റം മാറിയെന്നാണ് മുഖ്യമന്ത്രി കരുതുന്നെങ്കില്‍ തെറ്റി. എല്ലാത്തരത്തിലുമുള്ള ആരോപണങ്ങളെയും അഴിമതികളെയും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സി.പി.എമ്മും സ്വീകരിക്കുന്നത്. പലതിലും അന്വേഷണത്തിന് തയ്യാറാവുകയോ തല്‍ക്കാലത്തേക്ക് മാറ്റിനിർത്തുതുകയോ പോലും ചെയ്യാതെ ന്യായീകരിക്കുകയാണ്. അതുകൊണ്ട് സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും ഭാഗത്ത് ന്യായമുണ്ടെങ്കിലും ജനം വിശ്വസിക്കാനാവാത്ത അവസ്ഥയാണുള്ളത്.
സഹകരണ ബാങ്കുകളിലെ ക്രമക്കേട് തന്നെയെടുക്കാം. ക്രമക്കേട് നടന്ന 272 സഹകരണ സ്ഥാപനങ്ങളില്‍ 202 ഇടത്തും യു.ഡി.എഫാണ് ഭരിക്കുന്നത്. സഹകരണസംഘം രജിസ്ട്രാറാണ് ഇത് കണ്ടെത്തിയത്. എന്നാല്‍ കരവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പും അതിനോട് സി.പി.എം സ്വീകരിച്ച ജനവിരുദ്ധവും ധിക്കാരപരവുമായ സമീപനമാണ് അവരെ വെട്ടിലാക്കിയത്.
സര്‍ക്കാരും ഇടതു മുന്നണിയും വിവാദങ്ങളുടെ വലയില്‍ അകപ്പെടാന്‍ കാരണം സി.പി.എമ്മാണെന്നാണ് സി.പി.ഐ സംസ്ഥാന സമിതിയില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനങ്ങളിലൊന്ന്.
സി.പി.എം മന്ത്രിമാരുടെ ഓഫീസുകള്‍ കേന്ദ്രീകരിച്ച് ചിലര്‍ മാഫിയാ സംഘത്തെ പോലെ പ്രവര്‍ത്തിക്കുന്നെന്ന് ആരോപണം ശക്തമായിരുന്നു. പോലീസ് രഹസ്യാന്വേഷണ വിഭാഗം ഇതേക്കുറിച്ച് അന്വേഷിക്കുകയും ശരിയാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. എന്നിട്ടും ഒരു നടപടിയും ഉണ്ടാകാത്തത് സി.പി.ഐയിലെ മിക്ക നേതാക്കളെയും അത്ഭുതപ്പെടുത്തി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു സംഘം ഉണ്ടായിരുന്നെന്നും അവര്‍ക്ക് വഴിവിട്ട പല ഇടപാടുകളും ഉണ്ടായിരുന്നെന്നും മുഖ്യമന്ത്രിയുടെ വിശ്വാസം നേടിയെടുത്ത ശേഷമാണ് ഇതെല്ലാം നടന്നതെന്നും ചെറിയാന്‍ ഫിലിപ്പ് ആരോപിച്ചിരുന്നു.
ഇതേ ആക്ഷേപമാണ് ഐ.ജി ലക്ഷ്മണ ആദ്യം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. വിവാദമായപ്പോഴാണ് അത് പിന്‍വലിച്ചത്. എന്നിട്ടും ഐ.ജി തന്റെ അഭിഭാഷകനെ മാറ്റിയില്ല എന്നത് ശ്രദ്ധേയം. അതുകൊണ്ടാണ് ഇങ്ങിനെ മുന്നോട്ട് പോയാല്‍ തെരഞ്ഞെടുപ്പില്‍ വലിയ പരാജയം സംഭവിക്കുമെന്ന് പല സി.പി.ഐ നേതാക്കളും സംസ്ഥാന സമിതിയില്‍ ആശങ്ക പ്രകടിപ്പിച്ചത്. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത പ്രതിപക്ഷം ഉള്ളത് കൊണ്ടാണ് സര്‍ക്കാര്‍ ഈ രീതിയിലെങ്കിലും മുന്നോട്ട് പോകുന്നത്, അവരുടെ പരാജയവും ഐക്യമില്ലായ്മയും എന്തും ചെയ്യാനുള്ള ലൈസന്‍സായി കണ്ടാല്‍ ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥയുണ്ടാകുമെന്നും പല നേതാക്കളും ചൂണ്ടിക്കാട്ടി.
ഇതൊക്കെ ആരോട് പറയാന്‍. താഴേ തട്ട് മുതല്‍ മുകളിലോട്ടുള്ള നേതാക്കളെല്ലാം ഏഴ് കൊല്ലമായി സുഖിമാന്മാരായി കഴിയുകയാണ്. സമരമില്ലാത്ത ജീവിതമാണ്. അത് തുടരാനാണ് അവരെല്ലാം ആഗ്രഹിക്കുന്നത്. അതിന് വേണ്ടി വഴിവിട്ട് എന്തും ചെയ്യുമെന്ന സ്ഥിതിയാണുളളത്. ശക്തമായ വിമര്‍ശനം നടത്താനെങ്കിലും സി.പി.ഐയ്ക്ക് കഴിയുന്നുണ്ട്. എന്നാല്‍ വിവാദ വിഷയങ്ങളൊന്നും ഗൗരവമായി സി.പി.എം ചര്‍ച്ച പോലും ചെയ്യുന്നില്ല എന്നത് അഴിമതിയും ജീര്‍ണതയും ആ പാര്‍ട്ടിയുടെ അടിവേര് വരെ ആഴ്ന്നിറങ്ങി എന്നാണ് വ്യക്തമാക്കുന്നത്. ഇടതുമുന്നണി സജീവമേയല്ല. എത്ര നാളായി ഗൗരവമുള്ള മുന്നണിയോഗം നടന്നിട്ട്.
എത്രയോ പ്രഗല്‍ഭരായ നേതാക്കള്‍ ഇരുന്ന കസേരയിലാണ് താനിരിക്കുന്നതെന്ന ബോധ്യം ഇ.പി ജയരാജനില്ല. അദ്ദേഹമിപ്പോഴും മൂപ്പിളമ തര്‍ക്കവുമായി മുന്നോട്ട് പോവുകയാണ്. പാര്‍ട്ടിയും ഭരണവും മുന്നണിയും എണ്ണയിട്ട യന്ത്രം പോലെ ചലിക്കണമെന്നൊന്നും ഇ.പിക്ക് ആഗ്രഹമില്ല. തങ്ങള്‍ പറയുന്നത് കേട്ട് ഘടകക്ഷികലെല്ലാം എ.കെ.ജി സെന്ററില്‍ നിന്ന് പൊടിതട്ടി പുറത്തുപോകണം എന്നാണ് സി.പി.എമ്മിന്റെ ശാസന. ഇതൊന്നും മുന്നണിയോഗത്തിന് പോകുന്ന സി.പി.ഐ നേതാക്കള്‍ക്ക് രസിക്കുന്നില്ല.
ലോകസഭാ തെരഞ്ഞെടുപ്പില്‍ ജനം വാരിക്കോരി തേച്ചൊട്ടിച്ച് തറയിലടിക്കുമെന്ന് സി.പി.ഐയിലെ പല നേതാക്കള്‍ക്കും അറിയാം. അതിന് ശേഷമെങ്കിലും മുഖ്യമന്ത്രിക്കും സി.പി.എമ്മിനും അഹങ്കാരം കുറയുമെന്ന പ്രതീക്ഷയിലാണ് സി.പി.ഐ അടക്കമുള്ള ഘടകകക്ഷികള്‍. അതിന് മുന്‍പ് മന്ത്രിസഭാ പുന:സംഘടനയുണ്ടാകും. ജനഹിതമനുസരിച്ച് മുന്നോട്ട് പോയില്ലെങ്കില്‍ ഇന്ത്യയുടെ ഭൂപടത്തില്‍ നിന്ന് ചെങ്കൊടി അപ്രത്യക്ഷമാകും.
അതുകൊണ്ട് അഴിമതിക്കാരെല്ലാം പരസ്പ്പര സഹകരണ സംഘങ്ങളെ പോലെ പ്രവര്‍ത്തിക്കുന്നതിന് ആദ്യം തടയിടണം. അത് സെക്രട്ടറിയേറ്റില്‍ നിന്ന് താഴേത്തട്ടിലേക്ക് പോകണം. അങ്ങനെ ജനവിശ്വാസം നേടിയെടുക്കണം. അതും പി.ആര്‍ പരിപാടിയാക്കാനാണ് പരിപാടിയെങ്കില്‍ കോണ്‍ഗ്രസുകാര്‍ കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിച്ച് കയറുന്ന സാഹചര്യം ഉണ്ടാകും.
https://www.facebook.com/Malayalivartha

























