കരുവന്നൂർ സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പിൽ പ്രശ്ന പരിഹാരം; ഗോവിന്ദന്റെ വക അടിയന്തര യോഗം;, ഇന്നലെ ഇ ഡി ക്കു മുൻപിൽ വിറച്ച കണ്ണനും ഇന്ന് എ കെ ജിയിൽ...സിപിഎമ്മിന്റെ ഉന്നത നേതാക്കളിലേക്ക് അന്വേഷണം എത്താനുള്ള സാധ്യത....പാർട്ടി വിലയിരുത്തുന്നു....

കരുവന്നൂർ സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പിൽ പ്രശ്ന പരിഹാരത്തിനായി എകെജി സെന്ററിൽ യോഗം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ.കണ്ണനും പങ്കെടുക്കുന്നുണ്ട്. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പു കേസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാകുന്ന സാഹചര്യത്തിലാണ് യോഗം.ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ കരുവന്നൂർ വിഷയം രാഷ്ട്രീയ പ്രതിയോഗികൾക്ക് ആയുധമായി നൽകാൻ സിപിഎം ആഗ്രഹിക്കുന്നില്ല. സഹകരണമേഖലയിലെ ക്രമക്കേടുകൾക്കെതിരെ പാർട്ടിയിൽ ഉയരുന്ന എതിർപ്പും സിപിഎം കണക്കിലെടുക്കുന്നു. സിപിഎമ്മിന്റെ ഉന്നത നേതാക്കളിലേക്ക് അന്വേഷണം എത്താനുള്ള സാധ്യതയുണ്ടെന്നും പാർട്ടി വിലയിരുത്തുന്നു.പണം നഷ്ടപ്പെട്ടവർക്ക് തുക തിരികെ നൽകി ജനരോഷം തണുപ്പിക്കാനാണ് ശ്രമം.
കേരള ബാങ്കിൽനിന്ന് 50 കോടിയോളം രൂപ കരുവന്നൂർ തട്ടിപ്പിന് ഇരയായവർക്ക് നൽകാനായി കൈമാറാൻ ആലോചിക്കുന്നുണ്ട്. ഇക്കാര്യം ആലോചനയിലുണ്ടെന്ന് എം.കെ.കണ്ണൻ വ്യക്തമാക്കിയിരുന്നു. ഇക്കാര്യവും സഹകരണ മേഖലയിൽ അടിയന്തരമായി നടപ്പിലാക്കേണ്ട കാര്യങ്ങളും യോഗത്തിൽ ചർച്ചയാകും.സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ.കണ്ണൻ കരുവന്നൂർ ബാങ്ക് കേസുമായി ബന്ധപ്പെട്ട ഇന്നലത്തെ ചോദ്യംചെയ്യലിൽ സഹകരിക്കാതെശാരീരിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വൃത്തങ്ങൾ. എന്നാൽ തനിക്ക് ഒരു ശാരീരിക ബുദ്ധിമുട്ടും ഉണ്ടായില്ലെന്നും ചോദ്യംചെയ്യൽ സൗഹൃദപരമായി നടന്നുവെന്നും കണ്ണൻ പ്രതികരിച്ചു.
തൃശൂർ ജില്ലയിലെ സഹകരണ മേഖല കേന്ദ്രീകരിച്ചു നടക്കുന്ന കള്ളപ്പണ ഇടപാടിന്റെ മുഖ്യകണ്ണികളെക്കുറിച്ചു വ്യക്തമായി അറിയാവുന്നയാളാണു കണ്ണനെന്ന് ഇ.ഡി. പറയുന്നു. അദ്ദേഹം പ്രസിഡന്റായ തൃശൂർ ബാങ്കിൽ കേസിലെ ഒന്നാം പ്രതി പി.സതീഷ്കുമാർ നടത്തിയ സ്രോതസ്സ് വെളിപ്പെടുത്താത്ത കോടികളുടെ നിക്ഷേപം സംബന്ധിച്ച ചോദ്യങ്ങൾക്കു മറുപടി പറയാതെ അദ്ദേഹം സംസാരിക്കാൻ ബുദ്ധിമുട്ട് പ്രകടിപ്പിച്ചു.എന്താണു പ്രശ്നമെന്ന ചോദ്യത്തിന് ഹൃദയസംബന്ധമായ അസുഖമുണ്ടെന്നും രണ്ടു ശസ്ത്രക്രിയ കഴിഞ്ഞിട്ടുണ്ടെന്നും കണ്ണൻ മറുപടി പറഞ്ഞു. തുടർന്നു ചോദ്യം ചെയ്യൽ നിർത്തിവച്ച് കണ്ണനെ പേകാൻ അനുവദിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ 11ന് ആരംഭിച്ച ചോദ്യം ചെയ്യൽ 3നു നിർത്തി.
എന്നാൽ ചോദ്യംചെയ്തപ്പോൾ താൻ വിറച്ചതായുള്ള പ്രചാരണത്തെ തമാശയായി കണ്ടാൽ മതിയെന്നു പുറത്തിറങ്ങിയ കണ്ണൻ പ്രതികരിച്ചു. താൻ ദിവസങ്ങളോളം ഐസിയുവിൽ കിടന്നതു രണ്ടു മാസം മുൻപാണ്. അതിന്റെ രേഖകൾ നൽകിയിട്ടുണ്ട്. ഹൃദയത്തിന്റെ പ്രവർത്തനം നിരീക്ഷിക്കാനായുളള സംവിധാനം ദേഹത്തുവച്ചാണ് ആശുപത്രിയിൽനിന്നു വിട്ടത്.അതും ഇ.ഡിക്കു കാണിച്ചുകൊടുത്തിട്ടുണ്ട്. ഇ.ഡി ആവശ്യപ്പെട്ട രേഖകൾ നൽകിയിട്ടുണ്ടെന്നും കണ്ണൻ പറഞ്ഞു.സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ ഇടപെട്ടതായി സാക്ഷികൾ പറയുന്ന മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരായ മുൻ എസ്പി ആന്റണി വർഗീസ്, ഡിവൈഎസ്പി ഫേമസ് വർഗീസ് എന്നിവരുടെ മൊഴികളും ഇ.ഡി. ഇന്നലെ രേഖപ്പെടുത്തി. അന്വേഷണവുമായി കണ്ണൻ തുടർന്നും നിസ്സഹകരിച്ചാൽ അറസ്റ്റുണ്ടാകാനുള്ള സാധ്യത ഇ.ഡി ഉദ്യോഗസ്ഥർ തള്ളിക്കളയുന്നില്ല.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) അന്വേഷണം നടക്കുമ്പോൾ കുറ്റകൃത്യം സംബന്ധിച്ച വിവരം ഒരാൾ ബോധപൂർവം മറച്ചുവച്ചാൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐപിസി) തെളിവുകൾ മറച്ചുവയ്ക്കൽ, പ്രതികളെ സംരക്ഷിക്കൽ, തെളിവു നശിപ്പിക്കാൻ സഹായിക്കൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരം അയാളെ കേസിൽ പ്രതിയാക്കാമെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച നിയമോപദേശം.
https://www.facebook.com/Malayalivartha

























