ലീഗിനെ വളയ്ക്കാന്‍ സി.പി.എം.. ജനം കൈവിട്ടെന്ന് ഉറപ്പായപ്പോള്‍.. അവസാനത്തെ ആയുധം ഇങ്ങിനെ

ലീഗിന്റെ മൊഞ്ച് കണ്ട് സി.പി.എം വളയ്ക്കാന്‍ ശ്രമിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. എന്നാല്‍ യു.ഡി.എഫ് തറവാടുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ലീഗിന് കഴിയുന്നില്ല. എങ്ങനെയും മുന്നണിയില്‍ നിന്ന് മൊഴിചൊല്ലി സി.പി.എമ്മിനൊപ്പം പോകണമെന്ന് ആഗ്രഹിക്കുന്ന നിരവധി പേര്‍ ലീഗിലുണ്ട്. കോണ്‍ഗ്രസിന്റെ നട്ടെല്ലില്ലായ്മ അവരെ വല്ലാതെ അലട്ടുന്നു. എട്ട് കൊല്ലത്തോളമായി അധികാരത്തില്‍ നിന്ന് ഇറങ്ങിയിട്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലൂടെ സെക്രട്ടറിയേറ്റിനുള്ളില്‍ കയറിയില്ലെങ്കില്‍ പിന്നെ നാട്ടുകാരുടെ മുഖത്ത് നോക്കാനാകില്ല.
അതുകൊണ്ട് വലത്തൂടെ ഓടുന്ന പച്ചവണ്ടി ഇടത്തോട്ട് തിരിച്ച് ഭരണസിരാകേന്ദ്രത്തിലെത്തിയാലും ഞമ്മള് ഹാപ്പിയാണ് എന്ന് കരുതുന്നവരുമുണ്ട്. സമസ്തയിലെ പ്രബല വിഭാഗം ഇതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇതറിയാവുന്നത് കൊണ്ടുമാത്രമാണ് സി.പി.എം ലീഗിന് പിന്നാലെ നടക്കുന്നതെന്ന് ആരെങ്കിലും കരുതിയാല്‍ അവര്‍ക്ക് തെറ്റി എന്നേ പറയാനാകൂ. ലീഗ് ഇടത്തോട്ട് ചായുന്നതിനേക്കാളേറെ അവരെ ഇടത്തേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നത് സി.പി.എമ്മാണ്. അതിന് വേണ്ടി സി.ഐ.എയും ഏക സിവില്‍കോഡും പലസ്തീനും അവര്‍ ആയുധമാക്കുകയാണ്. പൗരത്വനിയമഭേദഗതി സമരകാലത്ത് ലീഗിനെ ചേര്‍ത്തുപിടിക്കാന്‍ സി.പി.എം ശ്രമിച്ചില്ല. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നരേന്ദ്രമോദി സര്‍ക്കാര്‍ ഏക വ്യക്തിനിയമം നടപ്പാക്കാന്‍ ആലോചിച്ചപ്പോഴേ സി.പി.എം എടുത്ത് ചാടി.
റിലായായി, പ്രകടനമായി, സെമിനാറായി ആകെ ഹലാക്കിന്റെ അവലും കഞ്ഞീമായി. എന്തിനാണിത്ര ധൃതിയെന്ന് അപ്പോഴും സി.പി.ഐ ചോദിച്ചു. ആ ചോദ്യം വളരെ പ്രസക്തമായിരുന്നു. കാരണം ഏക വ്യക്തിനിയമത്തിലുപരി ലീഗിനെയും മുസ്‌ലിം സംഘടനകളെയും കീശയിലാക്കുകയായിരുന്നു സി.പി.എം ലക്ഷ്യം. കോഴിക്കോട് നടന്ന സെമിനാറിലേക്ക് സി.പി.എം ലീഗിനെ ഔദ്യോഗികമായി ക്ഷണിച്ചു. യു.ഡി.എഫിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനെ ക്ഷണിച്ചില്ല എന്നതും ശ്രദ്ധേയമായിരുന്നു. അത് മാത്രമല്ല മുസ്‌ലിം മതപണ്ഡിതന്‍മാരെ ഭയന്ന്, സെമിനാര്‍ വേദിയില്‍ ഒരൊറ്റ സ്ത്രീയെ പോലും പ്രസംഗിക്കാന്‍ അനുവദിച്ചില്ല. ഇത് ചൂണ്ടിക്കാണിച്ച ഇടതു സഹയാത്രികയായ ഡോ. ഖദീജ മുംമ്താസിനെതിരെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉറഞ്ഞുതുള്ളി. അവസാനനിമിഷം പരിപാടിയില്‍ നിന്ന് ലീഗ് പിന്‍മാറിയതും തിരിച്ചടിയായി.
ഇ.പി ജയരാജന്‍ ഇടത് മുന്നണി കണ്‍വീനറായതിന് പിന്നാലെ ലീഗിന് ക്ഷണിച്ചത് വലിയ വിവാദമായിരുന്നു. എന്നാല്‍ അന്നദ്ദേഹം സ്വീകരിച്ച നിലപാട് തന്നെയാണ് സി.പി.എം ഇപ്പോള്‍ സ്വീകരിക്കുന്നത്. രാജ്യത്ത് ആദ്യമായി ഏക സിവില്‍കോഡ് എന്ന ആശയം മുന്നോട്ട് വെച്ചത് സി.പി.എം ജനറല്‍ സെക്രട്ടറിയായിരുന്ന ഇ.എം.എസ് ആയിരുന്നു. അന്ന് ലീഗും മുസ്‌ലിം സംഘടനകളും സി.പി.എമ്മും തമ്മില്‍ കടുത്ത ആശയഭിന്നത നിലനിന്നിരുന്നു. രണ്ടും മൂന്നും വിവാഹം കഴിക്കുന്നത് അനുവദിക്കാനാകില്ലെന്ന നിലപാടാണ് ഇ.എം.എസ് എടുത്തത്. രണ്ടും മൂന്നും കെട്ടും ഇ.എം.എസിന്റോളേം കെട്ടും എന്ന മുദ്രാവാക്യം മുഴക്കി സംഘടനകള്‍ അതിനെ ശക്തിയുക്തം എതിര്‍ത്തു. പിന്നീട് ലീഗിനെ കൂടെ കൂട്ടാതെ അധികാരത്തിലേറാനാകില്ലെന്ന് ബദല്‍രേഖ ഉണ്ടാക്കിയ എം.വി രാഘവനെ സി.പി.എം പുറത്താക്കി. രാഘവന്റെ ബദല്‍ രേഖ മറ്റൊരു രീതിയില്‍ നടപ്പാക്കാനുള്ള തത്രപ്പാടിലാണ് പാര്‍ട്ടിയിപ്പോള്‍. ഇ.എം.എസിന്റെ ഏക സിവില്‍ കോഡ് എന്ന ആശയം ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാന്‍ ഒരുങ്ങുമ്പോള്‍ വര്‍ഗീയതയാണെന്നും മതേതരത്വത്തിന് എതിരാണെന്നും പറഞ്ഞ് സി.പി.എം എതിര്‍ക്കുന്നു. അപ്പോഴും ഇ.എം.എസിനെ പരസ്യമായി തള്ളിപ്പറയാന്‍ തയ്യാറാകുന്നില്ല. ഇതാണ് ഇരട്ടച്ചങ്കന്റെ പാര്‍്ട്ടിയുടെ ഇരട്ടത്താപ്പ്. പലസ്തീന്‍ വിഷയത്തില്‍ ലീഗ് റാലി നടത്തിയപ്പോള്‍ സി.പി.എമ്മിനെ ക്ഷണിച്ചില്ല. സി.പി.എമ്മിന്റെ റാലിയിലേക്ക് ക്ഷണിച്ചിട്ടും ലീഗ് പോകുന്നില്ല. അത് കോണ്‍ഗ്രസിന്റെ എതിര്‍പ്പിനെ ഭയന്ന് മാത്രമാണ്. പലസ്തീന് പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസിനെ സി.പി.എം ക്ഷണിച്ചിട്ടുമില്ല. കോണ്‍ഗ്രസിനോട് അയിത്തം കാണിക്കുന്നത് ബി.ജെ.പിയേയും കേന്ദ്രസര്‍ക്കാരിനെയും പ്രീണിപ്പിക്കാനാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. കാരണം കോണ്‍ഗ്രസ് മുക്ത ഭാരതമാണല്ലോ അവരുടെ ലക്ഷ്യം.
സി.പി.എമ്മിനും സര്‍ക്കാരിലെ ഉന്നതര്‍ക്കുമെതിരെ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങളില്‍ മെല്ലപ്പോക്ക് ഉണ്ടാകുന്നത് ഈ അന്തര്‍ധാരയുടെ ഫലമായാണെന്നും ആക്ഷേപമുണ്ട്. സംസ്ഥാനത്ത് സര്‍ക്കാരിനെതിരെ ജനവികാരം ശക്തമാണ്. പ്രതിപക്ഷമായ കോണ്‍ഗ്രസിന് ഫലപ്രദമായി ഇടപെടാനാകുന്നില്ല. കോണ്‍ഗ്രസ് ആഞ്ഞ്പിടിച്ചാല്‍ പിണറായി സര്‍ക്കാര്‍ അടുത്തതവണ നിലംപൊത്തുമെന്ന് ഉറപ്പാണ്. അങ്ങനെ സംഭവിക്കുമോ എന്ന് അറിയണമെങ്കില്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കണം. കഴിഞ്ഞ തവണത്തെ ചരിത്ര പരാജയം ആവര്‍ത്തിക്കുമെന്ന് സി.പി.എം ഭയക്കുന്നുണ്ട്. കോവിഡ് മഹാമാരി നേരിട്ട സര്‍ക്കാരിന്റെ നേതൃപാടവം കണ്ടാണ് ജനം വീണ്ടും അധികാരത്തിലേറ്റിയത്. അതിപ്പോള്‍ സ്വയം കുഴിച്ച കുഴിയില്‍ വീണ പോലായിരിക്കുകയാണ്. വിലക്കയറ്റം നിയന്ത്രിക്കാനോ, പൊതു വിതരണ കേന്ദ്രങ്ങളില്‍ സാധനങ്ങള്‍ കൃത്യമായി എത്തിക്കാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മറുപടി പോലും പറയാന്‍ തയ്യാറായില്ല. അങ്ങനെ എല്ലാം കൊണ്ടും കറക്കുകമ്പനിയായി മാറിയ സര്‍ക്കാരിന് മൂന്നാമൂഴം ലഭിക്കണമെങ്കില്‍ 30 ശതമാനത്തോളം വോട്ടുള്ള മുസ്ലിം സമുദായത്തെ കൂടെ നിര്‍ത്തണം. ആ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മുസ്‌ലിം സംഘടനകളുടെയും ലീഗിന്റെയും പിന്തുണയ്ക്കായി സി.പി.എം നേതൃത്വം പരക്കംപായുന്നത്.
https://www.facebook.com/Malayalivartha

























