അമേരിക്കയെ തകര്‍ക്കണം തുര്‍ക്കിയില്‍ ഹമാസ് അനുകൂലികളുടെ പ്രതിഷേധം;ആന്റണി ബ്ലിങ്കന്‍ ചര്‍ച്ചയ്ക്ക് എത്തിയതോടെ യുഎസ് വ്യോമതാവളത്തിലേക്ക് ഇരച്ചുകേറി പ്രതിഷേധക്കാര്‍,ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പാടുപെട്ട് തുര്‍ക്കി പോലീസ്,ഗാസയിലേതു വംശഹത്യ വെടിനിര്‍ത്തല്‍ ഉടന്‍ വേണമെന്ന് പലസ്തീന്‍ പ്രസിഡന്റ്,യുഎസ്സിന് നേരെ അറബ് രാജ്യങ്ങളും പോരില്‍

യുഎസ്സിന് നേരെ തുര്‍ക്കിയില്‍ വന്‍ പ്രതിഷേധം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ എത്തുന്നതിന് മണിക്കൂറുകള്‍ മുന്‍പ് ഹമാസ് അനുകൂലികള്‍ യുഎസ് സൈനികര്‍ ഉള്‍പ്പെടുന്ന വ്യോമതാവളത്തിലേക്ക് ഇരച്ചെത്തി. പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിക്കുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തു. പ്രതിഷേധക്കാര്‍ക്കു നേരെ തുര്‍ക്കി പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതു മുതല്‍ രാജ്യത്തുടനീളം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം രൂക്ഷമായതിനെ തുര്‍ക്കി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങളിലും ഇസ്രയേലിനുള്ള യുഎസ് പിന്തുണയിലും പ്രതിഷേധിച്ച് ഞായറാഴ്ച തുര്‍ക്കി സംഘടനയായ ഐഎച്ച്എച്ച് ഹ്യൂമാനിറ്റേറിയന്‍ റിലീഫ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് തെക്കന്‍ തുര്‍ക്കിയിലെ അദാന പ്രവിശ്യയിലെ ഇന്‍സിര്‍ലിക് വ്യോമതാവളത്തിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചത്. സിറിയയിലും ഇറാഖിലും ഇസ്!ലാമിക് സ്റ്റേറ്റിനെതിരെ പോരാടുന്ന രാജ്യാന്തര സഖ്യത്തെ പിന്തുണയ്ക്കുന്നതിനു സ്ഥാപിച്ച ഇന്‍സിര്‍ലിക്ക് വ്യോമതാവളത്തില്‍ യുഎസ് സൈനികരും ഉണ്ട്. ഈ വ്യോമതാവളം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഐഎച്ച്എച്ച് പ്രതിഷേധം.
ടര്‍ക്കിഷ്, പലസ്തീന്‍ പതാകകള്‍ വീശി, മുദ്രാവാക്യം മുഴക്കി എത്തിയ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കികളും പ്രയോഗിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ പ്ലാസ്റ്റിക് കസേരകളും കല്ലുകളും മറ്റു വസ്തുക്കളും പൊലീസിന് നേരെ എറിയുന്നതും ജനക്കൂട്ടത്തിന് നേരെ പൊലീസ് പുക ബോംബ് എറിയുന്നതും കാണാമായിരുന്നു. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറെനേരം സംഘര്‍ഷമുണ്ടായി.
ഐഎച്ച്എച്ച് പ്രസിഡന്റ് ബുലന്‍ഡ് യില്‍ദിരിം അദാനയിലെ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയും പൊലീസിനെ ആക്രമിക്കരുതെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു. ''സുഹൃത്തുക്കളേ, കല്ലെറിയുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത് തെറ്റാണ്. കാരണം പൊലീസും സൈനികരും ഗാസയില്‍ പോയി യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നു, സമയമാകുമ്പോള്‍ അവര്‍ പോകും. നമ്മുടെ രോഷം വളരെ വലുതാണ്, അത് അടക്കിവയ്ക്കാന്‍ കഴിയില്ല. എന്നാല്‍ തുര്‍ക്കി ചെയ്യാന്‍ സാധിക്കുന്നത് എല്ലാം ചെയ്യുന്നു. ബുലന്‍ഡ് യില്‍ദിരിം പറഞ്ഞു. പൊലീസുമായുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്ന് ഐഎച്ച്എച്ച് റാലി നിശ്ചയിച്ചതിലും നേരത്തെ അവസാനിപ്പിച്ചു.
തിങ്കളാഴ്ച, തുര്‍ക്കി വിദേശകാര്യമന്ത്രി ഹക്കന്‍ ഫിദാനുമായി ഗാസയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി ആന്റണി ബ്ലിങ്കന്‍ അങ്കാറയില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് റാലി നടന്നത്. യുദ്ധത്തിനിടെ മേഖലയില്‍ രണ്ടാമത്തെ സന്ദര്‍ശനത്തിനെത്തിയ ആന്റണി ബ്ലിങ്കന്‍, വെസ്റ്റ് ബാങ്കിലെ റമല്ലയില്‍ പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ച ഒരു മണിക്കൂറിനകം അവസാനിച്ചു. ചര്‍ച്ചയ്ക്കു ശേഷം പതിവുള്ള സംയുക്തപ്രസ്താവന ഉണ്ടായില്ല. ഗാസയിലേതു വംശഹത്യയാണെന്നും വെടിനിര്‍ത്തല്‍ ഉടന്‍ വേണമെന്നും മഹമൂദ് അബ്ബാസ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയോട് ആവര്‍ത്തിച്ചു.
ഇതിനിടെ ഹമാസിന്റെ ആക്രമണത്തിലും ബന്ദികളുടെ മോചനം വൈകുന്നതിലും സര്‍ക്കാരിന്റെ തയാറെടുപ്പില്ലായ്മയിലും പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെതിരെ ഇസ്രയേലില്‍ ശക്തമായ പ്രതിഷേധം. ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ടതില്‍ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി. ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന്റെ വ്യക്തിപരമായ ഉത്തരവാദിത്തം നെതന്യാഹു ഇതുവരെ ഏറ്റെടുത്തിട്ടില്ല. ശനിയാഴ്ച നെതന്യാഹുവിന്റെ വസതിക്ക് പുറത്തു തടിച്ചുകൂടിയ നൂറുകണക്കിന് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. ഇസ്രയേലി പതാകയുമേന്തിയായിരുന്നു പ്രതിഷേധം. ഇസ്രയേലിന്റെ വാണിജ്യ കേന്ദ്രമായ ടെല്‍ അവീവില്‍, ബന്ദികളാക്കപ്പെട്ട ചിലരുടെ ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ പ്രതിഷേധിച്ചു.
https://www.facebook.com/Malayalivartha

























