വീണ്ടും പുകയുന്നു... വിവാദമായ നയതന്ത്ര ബാഗേജ് സ്വര്‍ണക്കള്ളക്കടത്തില്‍ സ്വപ്ന സുരേഷിനെ സഹായിക്കാന്‍ എം. ശിവശങ്കര്‍ പ്രവര്‍ത്തിച്ചെന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍; യുഎഇ കോണ്‍സുലേറ്റ് മുന്‍ ഉദ്യോഗസ്ഥര്‍ക്കും നിര്‍ണായക പങ്ക്

വീണ്ടും സ്വര്‍ണക്കള്ളക്കടത്ത് കേസ് ചര്‍ച്ചയാകുകയാണ്. വിവാദമായ നയതന്ത്ര ബാഗേജ് സ്വര്‍ണക്കള്ളക്കടത്തില്‍ സ്വപ്ന സുരേഷിനെ സഹായിക്കാന്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ പ്രവര്‍ത്തിച്ചെന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍. തിരുവനന്തപുരം കാര്‍ഗോ കോംപ്ലക്‌സില്‍നിന്നു പിടികൂടിയ 30.24 കിലോഗ്രാമും അതിനു മുന്‍പ് ഇതേ ചാനലിലൂടെ കൊണ്ടുപോയ 136.82 കിലോഗ്രാമും അടക്കം 61.32 കോടി രൂപ വിലവരുന്ന 167.03 കിലോഗ്രാം സ്വര്‍ണം കടത്തിയതില്‍ സ്വപ്നയുടെ പങ്കാളിയായിരുന്നു ശിവശങ്കറെന്ന് കമ്മിഷണറുടെ അഡ്ജുഡിക്കേഷന്‍ ഉത്തരവില്‍ പറയുന്നു.
കേസില്‍ നോട്ടിസ് നല്‍കി, പ്രതികളുടെ ഭാഗംകൂടി കേട്ട ശേഷമാണു പ്രിവന്റീവ് കമ്മിഷണറുടെ ഉത്തരവ്. 'സ്വപ്നയുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടായിരുന്നു. കോണ്‍സുലേറ്റിലെ വിവരങ്ങള്‍ സ്വപ്ന, ശിവശങ്കറിനെ അറിയിച്ചിട്ടുണ്ട്. സ്വപ്നയുമായി ശിവശങ്കര്‍ പണമിടപാടു നടത്തി. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കറിനു കള്ളക്കടത്തു സംഘത്തിന്റെ ഇടപാടുകള്‍ മനസ്സിലാക്കാനുള്ള എല്ലാ സാഹചര്യവുമുണ്ടായിരുന്നു. ഒന്നും അറിഞ്ഞില്ലെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ല' ഉത്തരവില്‍ പറയുന്നു.
യുഎഇ കോണ്‍സുലേറ്റ് മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി, മുന്‍ അഡ്മിന്‍ അറ്റാഷെ റാഷിദ് ഖാമിസ് അല്‍ അഷ്‌മേയി എന്നിവര്‍ കള്ളക്കടത്തിനു കൂട്ടുനിന്നതായും ഉത്തരവിലുണ്ട്.
പല തവണയായി 95.33 കിലോഗ്രാം സ്വര്‍ണം കടത്തിയതില്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിക്കും പിടിച്ചെടുത്ത 30 കിലോഗ്രാം അടക്കം 71.74 കിലോഗ്രാം സ്വര്‍ണം കൊണ്ടുവന്നതില്‍ റാഷിദ് ഖാമിസ് അല്‍ അഷ്‌മേയിക്കും പങ്കുണ്ട്. 2 പേര്‍ക്കും വിദേശകാര്യ മന്ത്രാലയം വഴി കാരണം കാണിക്കല്‍ നോട്ടിസ് അയച്ചെങ്കിലും നയതന്ത്ര പരിരക്ഷ ചൂണ്ടിക്കാട്ടി യുഎഇ എംബസി നിരസിച്ചു. എന്നാല്‍, കള്ളക്കടത്തു നടത്തിയവര്‍ക്കു നയതന്ത്ര പരിരക്ഷയ്ക്ക് അര്‍ഹതയില്ലാത്തതിനാല്‍ ഇവരും പിഴയടയ്ക്കാന്‍ ബാധ്യസ്ഥരാണ്' പ്രിവന്റീവ് കമ്മിഷണര്‍ രാജേന്ദ്രകുമാറിന്റെ ഉത്തരവില്‍ പറയുന്നു.
അതേസമയം ലൈഫ് മിഷന്‍ കേസില്‍ ജാമ്യം ലഭിച്ച എം. ശിവശങ്കര്‍ ജയില്‍ മോചിതനായിരുന്നു. എറണാകുളം ജില്ലാ ജയിലില്‍നിന്ന് ആഗസ്റ്റ് രണ്ടിനാണ് അദ്ദേഹം പുറത്തിറങ്ങിയത്. നട്ടെല്ലിന്റെ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കുമായി അദ്ദേഹത്തിന് സുപ്രീംകോടതി രണ്ടുമാസത്തെ ഇടക്കാല ജാമ്യമനുവദിച്ചിരുന്നു. കര്‍ശന വ്യവസ്ഥകളോടെയായിരുന്നു ജാമ്യം.
ഉത്തരവുകളും അനുബന്ധ രേഖകളും ഹാജരാക്കിയാണ് കാക്കനാട്ടെ ജില്ലാ ജയിലില്‍നിന്ന് ശിവശങ്കര്‍ പുറത്തിറങ്ങിയത്. ജാമ്യകാലയളവില്‍ ശിവശങ്കര്‍ തന്റെ വീടിനും ആശുപത്രിക്കും സമീപപ്രദേശങ്ങളിലൊഴികേ മറ്റിടങ്ങളില്‍ പോകാന്‍ പാടില്ലെന്ന് കര്‍ശന വ്യവസ്ഥയുണ്ട്. സാക്ഷികളെ സ്വാധീനിക്കരുതെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 14-നാണ് ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ അറസ്റ്റുചെയ്യുന്നത്. 170 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് ഇപ്പോള്‍ ശിവശങ്കര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ജയിലില്‍നിന്നിറങ്ങിയശേഷം നേരെ വീട്ടിലേക്കാണ് പോയത്.
നട്ടെല്ലിന് ശസ്ത്രക്രിയ ആവശ്യമാണെന്ന് എറണാകുളം മെഡിക്കല്‍ കോളേജ് നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സുപ്രീംകോടതി ജാമ്യം നല്‍കിയത്. ഇ.ഡി.യുടെ ശക്തമായ എതിര്‍പ്പ് മറികടന്നായിരുന്നു ഇത്. അതിനിടയ്ക്കാണ് ശിവശങ്കറെ വെട്ടിലാക്കി കസ്റ്റംസ് കമ്മിഷണറുടെ അഡ്ജുഡിക്കേഷന്‍ ഉത്തരവ്.
https://www.facebook.com/Malayalivartha

























