വിവാഹ അഭ്യര്‍ഥന നിരസിച്ച യുവതിയെ പെട്രോള്‍ ഒഴിച്ചു കൊലപ്പെടുത്തിയ കേസില്‍ ഡോക്ടര്‍ക്കു ജീവപര്യന്തം

പാലക്കാട്ട് വിവാഹ അഭ്യര്‍ഥന നിരസിച്ച ആശുപത്രി ജീവനക്കാരിയെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി കൊല്ലപ്പെടുത്തിയ കേസില്‍ ഡോക്ടര്‍ക്കു ജീവപര്യന്തം തടവും ഏഴു ലക്ഷം രൂപ പിഴയും ശിക്ഷ. പട്ടാമ്പി പെരുമുടിയൂര്‍ സ്വദേശി സിന്ധു കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കോടതി ശിക്ഷ വിധിച്ചത്. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായിരുന്ന സിന്ധുവിനെ കൊലപ്പെടുത്തിയ കേസില്‍ ചെര്‍പ്പുളശ്ശേരി കാറല്‍മണ്ണ തിരുമുല്ലപള്ളിക്കാവ് അമ്പാടിയില്‍ ഡോ പ്രസാദിനെയാണ് പാലക്കാട് രണ്ടാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി സുരേഷ് കുമാര്‍പോള്‍ ശിക്ഷിച്ചത്.
ജീവപര്യന്തം തടവും ഏഴു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ സംഖ്യയില്‍ അഞ്ചു ലക്ഷം രൂപ കൊല്ലപ്പെട്ട സിന്ധുവിന്റെ കുടുംബത്തിന് നല്‍കണം. പിഴ നല്‍കിയില്ലെങ്കില്‍ പ്രതി അഞ്ചുവര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. 2009 ഫെബ്രുവരി 21 നാണ് കേസിനാസ്പദമായ സംഭവം. പട്ടാമ്പി പെരുമുടിയൂര്‍ മൈലാട്ടു വടക്കേതില്‍ മുരളീധരന്റെ ഭാര്യയായ 32 കാരി സിന്ധു സ്വകാര്യആശുപത്രിയിലെ ജീവനക്കാരിയായിരുന്നു. നെല്ലായ ഗവ. ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടറായിരുന്നു പ്രസാദ്.
പ്രസാദിന്റെ പ്രേരണയില്‍ വീട്ടിലെത്തിയ സിന്ധുവിനോടു വിവാഹം അഭ്യര്‍ഥിക്കുകയും സിന്ധു ഇത് നിരസിക്കുകയും ചെയ്തു. തുടര്‍ന്നാണ് സിന്ധുവിന്റെ ശരീരത്തിലേക്ക് പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ സിന്ധുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികില്‍സയിലിരിക്കെ 28ന് മരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























