ലൈംഗികമായി താന്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് സോളര്‍ കമ്മിഷനില്‍ സരിത

കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, ബെന്നി ബഹനാന്‍ എംഎല്‍എ എന്നിവര്‍ സോളര്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഇടപെട്ടതിനുള്ള തെളിവായി ടെലഫോണ്‍ സംഭാഷണത്തിന്റെ സിഡികള്‍ സരിത എസ്. നായര്‍ സോളര്‍ കമ്മിഷനു മുന്‍പില്‍ ഹാജരാക്കി. കഴിഞ്ഞ ദിവസം സോളര്‍ കമ്മിഷനില്‍ മൊഴി നല്‍കി മടങ്ങുമ്പോള്‍ മൗണ്ട് സിയോന്‍ കോളജ് ചെയര്‍മാന്‍ ഏബ്രഹാം കലമണ്ണില്‍, തെളിവുകള്‍ നശിപ്പിക്കണമെന്നാവശ്യപ്പെട്ടു സമീപിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളും സരിത കമ്മിഷനു നല്‍കി.
താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് സരിത സോളര്‍ കമ്മിഷന്‍ മുന്‍പാകെ പറഞ്ഞു. എറണാകുളം സിജെഎം മുന്‍പാകെ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും സരിത പറഞ്ഞു. സിജെഎം ഇക്കാര്യം മൊഴിയായി നല്‍കിയിട്ടുണ്ടെന്ന് കമ്മിഷനും പറഞ്ഞു.
മുഖ്യമന്ത്രിക്കു വേണ്ടിയാണ് ഏബ്രഹാം കലമണ്ണില്‍ സമീപിച്ചതെന്നു സരിത അറിയിച്ചു. ഇതിന്റെ ശബ്ദരേഖയും ഹാജരാക്കും. ടീം സോളര്‍ ഇടപാടുകാരന്‍ ആയിരുന്ന ഇ.കെ. ബാബുരാജന്റെ ഭൂമി റീസര്‍വേ ചെയ്തുകൊടുക്കാന്‍ താന്‍ നല്‍കിയ അപേക്ഷയില്‍ മുഖ്യമന്ത്രി ആലപ്പുഴ ജില്ലാകലക്ടര്‍ക്കു ശുപാര്‍ശ ചെയ്തതിന്റെ രേഖ, തന്റെ റഫ് ഡയറിയില്‍ തോമസ് കുരുവിള ഡല്‍ഹിയില്‍ വച്ച് സ്വന്തം അഡ്രസ്സ് എഴുതി നല്‍കിയതിന്റെ രേഖ എന്നിവയും സരിത ഹാജരാക്കി. മുഖ്യമന്ത്രിയെ നേരിട്ട് നന്നായി പരിചയമുണ്ടെന്നു തെളിയിക്കുന്നവയാണ് താന്‍ ഹാജരാക്കിയ രേഖകളില്‍ എണ്‍പതുശതമാനവുമെന്നു സരിത അവകാശപ്പെട്ടു.
ജയിലില്‍നിന്നിറങ്ങിയശേഷം കൊട്ടാരക്കരയിലുള്ള ആര്‍. ബാലകൃഷ്ണപിള്ളയുടെ ബന്ധുവിന്റെ വീട്ടിലായിരുന്നു താമസം. ഈ സമയത്ത് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തലുകളും ആരോപണങ്ങളും വന്നുകൊണ്ടിരുന്നു. ഗണേഷ്‌കുമാറിന്റെ പിഎ പ്രദീപ്കുമാറിന്റെ ഫോണില്‍ നിന്നും തമ്പാനൂര്‍ രവി വിളിച്ച് താനുമായി സംസാരിച്ചു. സോളര്‍ കേസ് ഒന്നു തണുപ്പിക്കാന്‍ എന്തെങ്കിലും ചെയ്‌തേ മതിയാകൂ എന്നും എ.പി. അബ്ദുല്ലക്കുട്ടി എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം ഡിജിപിക്ക് പരാതിയായി എഴുതി നല്‍കണമെന്നും നിര്‍ദേശിച്ചു. പരാതി നല്‍കാന്‍ ഡിജിപിയെ കാണാന്‍ പോകുമ്പോള്‍ വഴി മധ്യേ ഫെനി ബാലകൃഷ്ണന്റെ ഫോണില്‍ തമ്പാനൂര്‍ രവി വീണ്ടും വിളിച്ചു. ഡിജിപിയുമായി സംസാരിച്ചിട്ടുണ്ടെന്നും പരാതി വനിതാ പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയാല്‍ മതിയെന്നും പറഞ്ഞു.
വനിതാ സ്‌റ്റേഷനില്‍ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് 164-ാം വകുപ്പ് പ്രകാരം മൊഴി കൊടുക്കാന്‍ കോടതിയില്‍നിന്നു നോട്ടിസ് വന്നു. ഇക്കാര്യം തമ്പാനൂര്‍ രവിയെ അറിയിച്ചു. മൊഴി കൊടുക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. മൊഴി കൊടുത്തു. പിന്നീട് തിരുവനന്തപുരം എസിപി കെ.ഇ. ബൈജു മൊഴി നല്‍കാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ടു നോട്ടിസ് അയച്ചു. ഇക്കാര്യം തമ്പാനൂര്‍ രവിയെ അറിയിച്ചപ്പോള്‍ അദ്ദേഹം നിലപാടു മാറ്റി. അതിനു നില്‍ക്കേണ്ട എന്നായിരുന്നു നിര്‍ദേശം.
പിന്നീട് ബെന്നി ബഹനാന്‍ ഫെനിയുടെ ഫോണില്‍ വിളിച്ച്, നിയമ നടപടിയുമായി മുന്നോട്ടുപോകേണ്ടെന്നും കേസ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ടു. കേസുമായി മുന്നോട്ടുപോകുകയാണെന്നു താന്‍ പറഞ്ഞപ്പോള്‍ ബെന്നി ബഹനാന്‍ തുടര്‍ച്ചയായി ഫോണിലൂടെ കേസ് റദ്ദാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഇതെല്ലാം മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്ന് തമ്പാനൂര്‍ രവിയും ബെന്നി ബഹനാനും തന്നോടു പറഞ്ഞിട്ടുണ്ട്. ഇക്കാര്യം കമ്മിഷനു നല്‍കിയ സിഡിയില്‍ വ്യക്തമാണ്.
സലിംരാജിനെതിരെ മുഖ്യമന്ത്രിയുടെ വസതിയിലെ ഔദ്യോഗിക ഫോണ്‍ ഉപയോഗിച്ച വിഷയത്തില്‍ അന്വേഷണം നടക്കുമ്പോള്‍ സാക്ഷിയായി ഹാജരാകാന്‍ തനിക്കു നോട്ടിസ് ലഭിച്ചു. ഇക്കാര്യം തമ്പാനൂര്‍ രവിയെ അറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം സലിംരാജ് ഫോണില്‍ ബന്ധപ്പെട്ടു. ചോദിക്കാനുദ്ദേശിക്കുന്ന ചോദ്യങ്ങളും അവയ്ക്കു പറയേണ്ട ഉത്തരങ്ങളും പറഞ്ഞുതന്നു. സലിംരാജിനു വേണ്ടി മൊഴി നല്‍കണമെന്നു തമ്പാനൂര്‍ രവി നിര്‍ദേശിച്ചെന്നും സരിത മൊഴി നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























