റബ്ബര്‍ കര്‍ഷകരുടെ കണ്ണീര്‍ ജോസ് കെ മാണി തുടയ്ക്കുന്നു... ജോസിന്റെ ഡല്‍ഹി ചര്‍ച്ചയെ തുടര്‍ന്ന് മോഡി നേരിട്ടിടപെട്ടു; പ്രഖ്യാപനം കോഴിക്കോട്ട്

ഇന്നു കോഴിക്കോട്ടെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി ജോസ് കെ മാണിക്ക് വ്യക്തമായ ഉറപ്പ് നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്കായി ചില പ്രഖ്യാപനങ്ങളും നടത്തും. നാളെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കോട്ടയത്ത് എത്തും. അതോടെ ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ തന്ത്രങ്ങള്‍ വ്യക്തമാകും. കേരളാ കോണ്‍ഗ്രസും കെ എം മാണിയുമാണ് ബിജെപി നോട്ടമിടുന്നത്.
റബ്ബറില്‍ കേന്ദ്ര സര്‍ക്കാര്‍ ചില തീരുമാനം പ്രഖ്യാപിക്കും. ഇതോടെ കേരളാ കോണ്‍ഗ്രസും ഒപ്പം കൂടുമെന്നാണ് പ്രതീക്ഷ. കോട്ടയം, പത്തനംതിട്ട, ഇടുക്കി മേഖലയില്‍ കരുത്ത് കാട്ടാന്‍ ഇതിലൂടെ ബിജെപിക്ക് കഴിയും. ഇതിന്റെ തുടക്കമിട്ട ചര്‍ച്ചകളാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്നത്. ജോസ് കെ മാണിയുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച ഇതിന് തെളിവാണ്. ഇതോടെ കേരളത്തിലെ ഇരു മുന്നണികളും ആശങ്കയിലായി. കേരളാ കോണ്‍ഗ്രസ് പിണങ്ങിയാല്‍ യുഡിഎഫ് സംവിധാനം തന്നെ തകരും. മുസ്ലിം ലീഗ് ഒറ്റയ്ക്ക് മത്സരിക്കാനും സാധ്യത വരും. അക്കൗണ്ട് തുറക്കാനുള്ള ബിജെപി മോഹത്തെ തകര്‍ക്കുമെന്ന് പറയുന്ന സിപിഎമ്മിനും തിരിച്ചടിയാകും. രണ്ട് മുന്നണികളില്‍ മാത്രം ഒതുങ്ങിയ കേരള രാഷ്ട്രീയം പുതിയ തലത്തിലേക്ക് മാറുകയും ചെയ്യും.
സ്വാഭാവിക റബറിന്റെ ഇറക്കുമതി നിയന്ത്രണം ഒരു വര്‍ഷത്തേക്കു നീട്ടാന്‍ കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമനുമായി ജോസ് കെ. മാണി എംപി. നടത്തിയ ചര്‍ച്ചയില്‍ ധാരണയുണ്ടായത്. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന റബര്‍ ഉല്‍പാദന പ്രോത്സാഹന പദ്ധതിയിലേക്ക് 500 കോടി രൂപ അനുവദിക്കാന്‍ വാണിജ്യമന്ത്രാലയം ധനമന്ത്രാലയത്തിനു ശിപാര്‍ശ നല്‍കുമെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം ജോസ് കെ. മാണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്വാഭാവിക റബര്‍ അഡ്വാന്‍സ് ഓതറൈസേഷന്‍ പദ്ധതി പ്രകാരം നികുതിയില്ലാതെ ഇറക്കുമതി ചെയ്യുന്നത് മാര്‍ച്ച് 31 വരെ നിരോധിച്ചിരുന്നു. ഇതാണ് ഒരു വര്‍ഷത്തേക്കു നീട്ടുന്നത്. റബര്‍ ഇറക്കുമതി രണ്ടു തുറമുഖങ്ങളിലൂടെ മാത്രമായി നിജപ്പെടുത്തിയത് റബര്‍ കൃഷി മേഖലയ്ക്കു കൂടുതല്‍ പ്രയോജനകരമാകുന്ന രീതിയില്‍ നടപ്പാക്കും.
കേന്ദ്ര സര്‍ക്കാര്‍ 500 കോടി രൂപ അനുവദിച്ചാല്‍ ഒരു കിലോ റബറിന് 200 രൂപ ഉറപ്പാക്കാനാകും.റബര്‍ ബോര്‍ഡ് അടിയന്തരമായി പുന:സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായും ജോസ് കെ. മാണി പറഞ്ഞു. ജോയി ഏബ്രഹാം എംപിയും ചര്‍ച്ചയില്‍ പങ്കെടുത്തു. റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് ജോസ് കെ. മാണി കോട്ടയത്ത് നിരാഹാര സമരം നടത്തിയതിനെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വിളിച്ചത്. സബ്‌സിഡി ഒരു ലക്ഷം രൂപയായി ഉയര്‍ത്തണണമെന്നും ഒരു ലക്ഷം രൂപയെങ്കിലും പലിശരഹിത വായ്പയായി അനുവദിക്കണമെന്നും തിരിച്ചടവിന് 10 വര്‍ഷത്തെ കാലാവധി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതെല്ലാം അംഗീകരിക്കപ്പെടും. മാണിയും അമിത് ഷായും ചര്‍ച്ച നടത്തുന്നതും റബ്ബര്‍ രാഷ്ട്രീയത്തിന്റെ മറവിലാകും. ജോസ് കെ മാണിയെ കേന്ദ്ര മന്ത്രിയാക്കുന്നതിലും ഇതോടെ ധാരണ വരും.
ഈ സാഹചര്യത്തിലാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ തെറ്റില്ലെന്ന് ജോസ് കെ. മാണി പറഞ്ഞതും. അമിത് ഷായുമായി കൂടിക്കാഴ്ച നടത്താന്‍ പാര്‍ട്ടി ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല. എന്നാല്‍ കൂടിക്കാഴ്ച നടത്തുന്നതില്‍ തെറ്റില്ല. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കര്‍ഷകര്‍ക്ക് എതിരായ നിലപാടുണ്ടായി. ബിജെപി സര്‍ക്കാര്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള ജെ.പി നഡ്ഡയുടെ ഓഫീസില്‍ വച്ചാണ് ചര്‍ച്ച നടന്നത്. കോട്ടയത്ത് എത്തുന്ന അമിത് ഷായുമായി സൗകര്യം കിട്ടിയാല്‍ കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ കെ.എം മാണിയും പ്രസ്താവിച്ചിരുന്നു. ഈ ചര്‍ച്ചകളെല്ലാം പ്രതിസന്ധിയിലാക്കുന്നത് ഇരുമുന്നണികളേയുമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























