സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി; ട്രഷറി അടയുമോ?

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് പുതിയ വെല്ലുവിളിയുമായി സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി. ട്രഷറി പൂട്ടുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്ന് ധനവകുപ്പിലെ ഉന്നതര്‍ ചൂണ്ടികാണിക്കുന്നു.
പുതിയ നിയമനങ്ങള്‍ നിര്‍ത്തിവയ്‌ക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ധനവകുപ്പ് മന്ത്രിയുടെയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെയും നേതൃത്വത്തില്‍ മന്ത്രിതല ഉദ്യോഗസ്ഥതല സംഘം മന്ത്രിസഭായോഗത്തില്‍ സാമ്പത്തിക ഞെരുക്കത്തിന്റെ വിവിധവശങ്ങള്‍ അവതരിപ്പിച്ചു.
സാമ്പത്തിക പ്രതിസന്ധി കാരണം നോണ്‍-പ്ലാന്‍ ചെലവുകള്‍ വെട്ടിച്ചുരുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. പ്ലാന്‍ ചെലവുകള്‍ വെട്ടിച്ചുരുക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും പദ്ധതികളുടെ എണ്ണം കുറയ്‌ക്കാന്‍ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.
സര്‍ക്കാര്‍ ഗ്രാന്റില്‍ നിന്നും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ പ്രതിസന്ധി രൂക്ഷമാവും. ശമ്പളം, വാടക തുടങ്ങിയ കാര്യങ്ങളില്‍ പ്രതിസന്ധിയുണ്ടാകാനിടയുണ്ട്.
പ്രതിസന്ധി മുന്‍കൂട്ടി കണ്ട് വന്‍കിട തുകകള്‍ പാസാക്കരുതെന്ന് ധനവകുപ്പ് ട്രഷറി വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. പത്തു കോടിക്ക് മുകളിലുള്ള തുക ഇപ്പോള്‍ പാസാക്കുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവിധ വന്‍കിട പദ്ധതികളുടെ പ്രവര്‍ത്തനത്തെ ഇത് ബാധിച്ചിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിക്കുളള പ്രധാന കാരണം വരവ് കുറഞ്ഞതും ചെലവു കൂടിയതുമാണ്. സര്‍ക്കാരില്‍ ചാഞ്ചാട്ടം തുടങ്ങിയതോടെ നികുതി വരുമാനത്തില്‍ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha