കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പിഴ ചുമത്തി ട്രാഫിക് പൊലീസ്

ഗതാഗത നിയമം ലംഘിച്ചതിന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ട്രാഫിക് പൊലീസ് പിഴ ചുമത്തി. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനും അമിതവേഗതയ്ക്കും 7 നോട്ടീസുകളാണ് ട്രാഫിക് പൊലീസ് മുഖ്യമന്ത്രിക്ക് അയച്ചത്. സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്തതിനാണ് ആറ് നോട്ടീസ്. നോട്ടീസ് കിട്ടിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് പിഴ അടച്ചു. കര്‍ണാടകയില്‍ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കുടിശ്ശികയുള്ള കോടിക്കണക്കിന് രൂപ പിരിച്ചെടുക്കാന്‍ അടുത്തിടെ സര്‍ക്കാര്‍ നടപടി തുടങ്ങിയിരുന്നു.
ഇതിന്റെ ഭാഗമായാണ് എഴ് തവണ ഗതാഗത നിയമങ്ങള്‍ ലംഘിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും പൊലീസ് നോട്ടീസ് അയച്ചത്. ഔദ്യോഗിക വാഹനമായ ഫോര്‍ച്യൂണറിന്റെ മുന്‍ സീറ്റില്‍ സിദ്ധരാമയ്യ സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന ചിത്രങ്ങള്‍ സഹിതമാണ് നോട്ടീസ് അയച്ചിട്ടുള്ളത്. ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം അമിതവേഗതയില്‍ യാത്ര ചെയ്തതിനാണ് മറ്റൊരു നോട്ടീസ്. സംഭവം ചിത്രങ്ങള്‍ സഹിതം പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച ആരംഭിച്ചിരിക്കുകയാണ്.
ഇതിന് പിന്നാലെയാണ് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ മുഖ്യമന്ത്രിയുടെ ഓഫീസ് അടച്ചത്. 50 ശതമാനം പിഴത്തുക ഒഴിവാക്കിയിട്ടുള്ളതിനാല്‍ ഏഴ് നോട്ടീസുകള്‍ക്കും കൂടി 2500 രൂപയാണ് അടച്ചത്. ട്രാഫിക് നിയമലംഘനങ്ങള്‍ വ്യാപകമായ ബംഗളുരുവില്‍ കര്‍ശന നടപടികളുമായി മുന്നോട്ടു പോകാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.
https://www.facebook.com/Malayalivartha