സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

മലപ്പുറം വണ്ടൂര്‍ സ്വദേശിനിയായ 56കാരിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗം ബാധിച്ച 11 പേരാണ് ചികിത്സയിലുള്ളത്. ചികിത്സയിലുള്ള രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ഇന്ന് രാവിലെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് മരിച്ചിരുന്നു.
മലപ്പുറം സ്വദേശിയായ പത്ത് വയസുകാരന് വ്യാഴാഴ്ച അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് മറ്റ് അസുഖങ്ങള്‍ ഉള്ളതിനാല്‍ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു. ഓമശ്ശേരി കണിയമ്പുറം വീട്ടില്‍ അബ്ദുള്‍ സിദ്ദിഖ് മൈനൂന ദമ്പതികളുടെ മകന്‍ മുഹമ്മദ് ആഹിലാണ് മരിച്ചത്. പ്രതിരോധശേഷി കുറവായിരുന്ന കുഞ്ഞ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.
ഓഗസ്റ്റ് നാലിനാണ് കടുത്ത പനിയോടെ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചണ്ഡീഗഡിലെ വൈറോളജി ലാബില്‍ നടത്തിയ സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ വീട്ടിലെ കിണറ്റിലെ വെള്ളത്തില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്തിയിരുന്നു.
അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളോടെ നിരവധിപേര്‍ ചികിത്സ തേടുന്നുണ്ടെന്ന് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ പറഞ്ഞു. ദിവസവും ഒരാളിലെങ്കിലും രോഗം സ്ഥിരീകരിക്കുന്നുണ്ട്. അതേസമയം, രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതില്‍ സങ്കീര്‍ണതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. നെയ്‌ഗ്ലേരിയ ഫൗളറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴുണ്ടാകുന്ന രോഗമാണ് അമീബിക് മസ്തിഷ്‌കജ്വരം. ഇതില്‍ 'ബ്രെയിന്‍ ഈറ്റിംഗ് അമീബിയ' എന്നറിയപ്പെടുന്ന അമീബയാണ് കൂടുതല്‍ അപകടകാരി. ഇത് വേഗത്തില്‍ തലച്ചോറിനെ നശിപ്പിക്കും. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് സാധാരണ ഈ രോഗം ബാധിക്കുന്നത്.
https://www.facebook.com/Malayalivartha