മന്ത്രിസഭയില്‍ പെണ്ണുപിടിയന്‍മാരും കൈക്കൂലിക്കാരും

മന്ത്രിസഭയില്‍ പെണ്ണുപിടിയന്‍മാരും കൈക്കൂലിക്കാരുമാണുള്ളതെന്ന് പി.സി. ജോര്‍ജ്. ഇന്നലെ നടന്ന യു.ഡി.എഫ് യോഗത്തില്‍ ആരോപിച്ചു. ഘടകകക്ഷിനേതാക്കള്‍ കോണ്‍ഗ്രസിനും സര്‍ക്കാരിനുമെതിരെ രൂക്ഷമായ ഭാഷയിലാണ് ആഞ്ഞടിച്ചത്. ജോര്‍ജിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ എം.എം. ഹസന്‍ നടത്തിയ ശ്രമം ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തില്‍ കലാശിച്ചു.
കോണ്‍ഗ്രസില്‍ ഒരു പ്രശ്‌നവുമില്ലെന്ന ഹസന്റെ പരാമര്‍ശത്തോടെയാണു വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ഇതിനെ ജോണി നെല്ലൂരും പി.സി. ജോര്‍ജും എതിര്‍ത്തു. താന്‍ രാവിലെ ഇങ്ങോട്ടു തിരിക്കുമ്പോള്‍ ഒരു എം.എല്‍.എയും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയും സര്‍ക്കാരിനെതിരേ ചാനലില്‍ പരാതി പറയുന്നതാണ് കണ്ടതെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു. മുഖ്യമന്ത്രി ഏകപക്ഷീയമാണ് എല്ലാം തിരുമാനിക്കുന്നതെന്നും അദ്ദേഹം ശൈലിമാറ്റണമെന്നും പറയുന്നത് കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയും എം.എല്‍.എയുമാണ്.
എം.എല്‍.എമാരെപ്പോലും മുഖ്യമന്ത്രി വിശ്വാസത്തിലെടുക്കുന്നില്ലെന്നാണ് അവരുടെ പരാതി. ഇതൊന്നും തങ്ങളല്ല പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒപ്പം നില്‍ക്കേ ചീഫ് വിപ്പിന്റെ പ്രസ്‌താവനകള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയാണെന്ന് ഹസന്‍ ആരോപിച്ചതോടെ ജോര്‍ജിന്റെ മട്ടുമാറി. അഴിമതിക്കാരെ സംരക്ഷിക്കാന്‍ തനിക്കാവില്ലെന്നായി അദ്ദേഹം. സര്‍ക്കാരിനെ സംരക്ഷിക്കാനാണ് പലതും പറയുന്നത്. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നു പറഞ്ഞത് വിവാദം അവസാനിപ്പിക്കാനാണ്. ചോദ്യം ചെയ്‌തപ്പോള്‍ പ്രശ്‌നം തീരുകയും ചെയ്‌തു. പെണ്ണുപിടിയന്‍മാരും അഴിമതിക്കാരുമാണ് ഈ സര്‍ക്കാരിലുള്ളത്. സ്‌ഥലംമാറ്റത്തിനുപോലും കൈക്കൂലി വാങ്ങുന്നവരുണ്ട്. അവരുടെ പേരു വേണമെങ്കില്‍ എഴുതിത്തരാമെന്നും ജോര്‍ജ് പറഞ്ഞു. എഴുതിത്തന്നാല്‍ അന്വേഷിക്കാമെന്ന് ഉമ്മന്‍ചാണ്ടിയും വ്യക്‌തമാക്കി.
ഈ നിലയില്‍ യു.ഡി.എഫിന് മുന്നോട്ടുപോകാനാവില്ലെന്ന് ഇ.ടി. മുഹമ്മദ്‌ബഷീര്‍ പറഞ്ഞു. ലീഗിനെതിരേ അടിസ്‌ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. മലപ്പുറത്തും പൊന്നാനിയിലും ലീഗിനെ പരാജയപ്പെടുത്താനുള്ള നീക്കം ഇപ്പോഴേ തുടങ്ങി. കോണ്‍ഗ്രസുമായി ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ കഴിയുന്ന കാര്യംപോലും സംശയത്തിലായി. ആര്‍ക്കും ആരുടെ മേലും നിയന്ത്രണമില്ലെന്നായിരുന്നു ആര്‍. ബാലകൃഷ്‌ണപിള്ളയുടെ ആരോപണം. സര്‍വത്ര അഴിമതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആഭ്യന്തരവകുപ്പ് പൂര്‍ണ പരാജയമാണ്. വി.എസ്. അച്യുതാനന്ദന്റെ മകള്‍ ഗവേഷണത്തിന്റെ പേരില്‍ 35 ലക്ഷം രൂപ പറ്റിയതിനെക്കുറിച്ചും കേസ് നടത്താന്‍ പ്രതിപക്ഷനേതാവിനു ലക്ഷങ്ങള്‍ കിട്ടുന്നതിനെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് താന്‍ ആഭ്യന്തരമന്ത്രിക്കു പരാതി നല്‍കിയിട്ടു ഫലമുണ്ടായില്ല. പരാതി ഇപ്പോള്‍ മുഖ്യമന്ത്രിക്കു കൊടുത്തിട്ടുണ്ട ്. എന്തെങ്കിലും പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പിള്ള പറഞ്ഞു.
യു.ഡി.എഫ്. എന്നൊരു സംവിധാനമില്ലെന്നും ടി.പി. കേസില്‍ 20 പേരെ വെറുതേ വിട്ടപ്പോള്‍ ആഭ്യന്തരമന്ത്രി രാജിവയ്‌ക്കണമെന്നു പറഞ്ഞത് ഒരു കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയാണെന്നും സോഷ്യലിസ്‌റ്റ് ജനത നേതാവ് വര്‍ഗീസ് ജോര്‍ജ് ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha