കള്ളനോട്ട് സംഘം അറസ്റ്റില്‍: പ്രിന്ററും നോട്ടുകളും പിടിച്ചെടുത്തു

പെട്രോള്‍ പമ്പില്‍ കള്ളനോട്ട് നല്‍കി ഇന്ധനം നിറച്ച കേസില്‍ നാലുപേരെ കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ കേസിലെ പ്രധാന പ്രതികളിലൊരാള്‍ ഒളിവില്‍ പോയി. ഇയാളുടെ വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 85,000 രൂപയുടെ കള്ളനോട്ടും പ്രിന്ററും അടക്കമുള്ള സാധനങ്ങളും പിടികൂടി. നെടുമങ്ങാട് താന്നിമൂട് എന്‍.എസ് മന്‍സിലില്‍ ഷാഹിന്‍(21), ഇരിഞ്ചയം താന്നിമൂട് തടത്തരികത്ത് വീട്ടില്‍ വിഷ്ണു(21), പനവൂര്‍ കിരാജപുരം എ.എ ഹൗസില്‍ ആദര്‍ശ്(19), നെടുമങ്ങാട് ജിതിന്‍ വില്ലയില്‍ ജിതിന്‍ ശങ്കര്‍ എന്ന ജിതിന്‍(21) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി രണ്ട് ബൈക്കുകളിലായെത്തിയ പ്രതികളില്‍ രണ്ടുപേര്‍ കിളിമാനൂര്‍ ഇരട്ടച്ചിറയിലെ പമ്പില്‍ കയറി നൂറിന്റെ വ്യാജനോട്ടുകള്‍ നല്‍കി പെട്രോള്‍ നിറച്ചു. നോട്ടില്‍ സംശയം തോന്നിയ പമ്പ് ജീവനക്കാര്‍ സംഭവം പൊലിസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പമ്പ് ജീവനക്കാര്‍ ഇവരെ തടഞ്ഞുെവച്ചു. പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇടുക്കിയില്‍ ടൂറിന് പോകാനിറങ്ങിയതാണെന്നും രണ്ട് പേര്‍ മുമ്പേ പോയതായും പാപ്പാലയിലെ പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ നിറച്ചതായും അറിയിച്ചു.
അന്വേഷണത്തില്‍ 500ന്റെ കള്ളനോട്ടാണ് ഇവര്‍ നല്‍കിയതെന്ന് കണ്ടെത്തി. ഇവരെ പിന്തുടര്‍ന്ന് പൊലീസ് കൊട്ടാരക്കരയില്‍ നിന്നും പ്രതികളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് കള്ളനോട്ടുകള്‍ നല്‍കിയ നെടുമങ്ങാട് ഇരിഞ്ചയം തോപ്പുവിള തടത്തരികത്ത് വീട്ടില്‍ രാഗേഷിന്റെ വീട് പൊലീസ് റെയ്ഡ് ചെയ്തു. ഇവിടെ നിന്നും 1000ന്റെ 54 നോട്ട്, 500 ന്റെ 36 നോട്ട്, 100 ന്റെ 27 നോട്ട്, 20 ന്റെ 10 നോട്ട് എന്നിവയും പ്രിന്റര്‍, പേപ്പര്‍, മഷി, പശ, മറ്റ് അനുബന്ധ സാധനങ്ങളും പിടിച്ചെടുത്തു. ആറ്റിങ്ങല്‍ ഡിവൈ.എസ് പിയുടെ നേതൃത്വത്തില്‍ ഇയാളെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘം ആരംഭിച്ചു. കിളിമാനൂര്‍ സി.ഐ. ആര്‍. അശോക് കുമാര്‍, കിളിമാനൂര്‍ എസ്.ഐമാരായ കെ. സുധീര്‍, താജുദ്ദീന്‍, ശ്രീകുമാര്‍, എ.എസ്.ഐ സലീം, സി.പി.ഒമാരായ അനൂപ്, രാജശേഖരന്‍, രൂപേഷ്, ത്വാഹിര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു
https://www.facebook.com/Malayalivartha
























