ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനില അൽപ്പം മെച്ചപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്; സ്റ്റേജ് നിർമിച്ചത് മതിയായ സുരക്ഷയില്ലാതെ അശ്രദ്ധമായെന്ന് എഫ്ഐആർ...

കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കാഡ് ലക്ഷ്യമിട്ട് നടന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനിടെ അപകടത്തിൽപ്പെട്ട ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനില അൽപ്പം മെച്ചപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്. നൃത്തപരിപാടിക്കിടെ വീണ് പരിക്കേറ്റ എംഎൽഎയുടെ നില അതീവ ഗുരുതരമായിരുന്നു. സംഘാടകരുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനെതിരെ നടപടിയെടുക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഹൈബി ഈഡൻ എംപിയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
നിലവിൽ ഉമ തോമസിന് സിടി സ്‌കാൻ ചെയ്യുകയാണ്. അതിന്റെ ഫലം വന്നശേഷം ചികിത്സയിൽ മാറ്റം വരുത്തണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും. ഇന്നലെ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയിരുന്നു. നിലവിലുള്ള ചികിത്സാ രീതി തുടരുക എന്നുതന്നെയാണ് അവരും പറയുന്നത്. ഇപ്പോൾ നില മെച്ചപ്പെട്ട് വരുന്നുണ്ട്. സ്‌കാനിംഗിന് ശേഷം ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ഡോക്‌ടർമാർ അറിയിക്കും. ശ്വാസകോശം സംബന്ധിച്ചുള്ള ചികിത്സയാണ് ഇപ്പോൾ നടക്കുന്നത്.
കുറച്ച് സമയമെടുക്കുമെന്നാണ് ഡോക്‌ടർമാർ പറഞ്ഞത്. ഏറ്റവും മെച്ചപ്പെട്ട രീതിയിലുള്ള ചികിത്സയാണ് നൽകുന്നത്. നിലവിൽ വെന്റിലേറ്ററിലാണ്. കുറച്ച് സമയം കൂടെ ഇത് തുടരേണ്ടിവരും. സംഭവത്തിൽ ഗൗരവകരമായ അന്വേഷണം നടത്തേണ്ടതുണ്ട്. പൊലീസ് അന്വേഷണം തുടരുകയാണ്. സംഘാടകർക്ക് വീഴ്‌ചയുണ്ടായെങ്കിൽ അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഗിന്നസ് റെക്കാർഡ് നൽകാമെന്ന് പറഞ്ഞ് നർത്തകിമാരിൽ നിന്നും പണപ്പിരിവ് നടത്തിയെന്ന പരാതി ഉയരുന്നുണ്ട്. അവർക്കും പൊലീസിൽ പരാതി നൽകാം.
അതേസമയം, നൃത്ത പരിപാടിയുടെ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തു. മൃദംഗവിഷനും സ്‌റ്റേജ് നിർമ്മിച്ചവർക്കും എതിരായാണ് പാലാരിവട്ടം പൊലീസ് കേസെടുത്തിരിക്കുന്നത്. ജീവന് ഭീഷണിയാകും വിധം അപകടകരമായി സ്‌റ്റേജ് നിർമ്മിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തത്. പതിനാലടിയോളം ഉയരത്തിൽ നിന്ന് വീണ ഉമ തോമസിന് ഗുരുതരമായ പരിക്കുകളാണ് ഉള്ളത്. വാരിയെല്ല് പൊട്ടി ശ്വാസകോശത്തിൽ മുറിവേറ്റു. തലച്ചോറിലും മുറിവേറ്റെന്നും നട്ടെല്ലിന് പരിക്കുണ്ടെന്നും കൊച്ചി റിനൈ മെഡിസിറ്റിയിലെ ഡോക്ടർമാർ നേരത്തേ അറിയിച്ചു. ബോധം, പ്രതികരണം, ഓർമ്മ എന്നിവയെ ബാധിക്കാവുന്ന ക്ഷതങ്ങളാണ് ഏറ്റിട്ടുള്ളത്. പെട്ടെന്ന് ഭേദമാകുന്ന പരിക്കുകളല്ല ഉണ്ടായിരിക്കുന്നതെന്നും ഡോക്ടർമാർ പറഞ്ഞിരുന്നു.
സ്റ്റേജ് നിർമിച്ചത് മതിയായ സുരക്ഷയില്ലാതെ അശ്രദ്ധമായാണെന്ന് എഫ്ഐആറിൽ പറയുന്നു. ബിഎൻസ് 125, 125 (ബി), 3 (5) എന്നിവ അനുസരിച്ചാണ് സ്റ്റേജ് കെട്ടിയവർക്കും പരിപാടിയുടെ സംഘാടകർക്കും എതിരെ കേസെടുത്തിട്ടുള്ളത്. മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്നതിനെതിരെ നടപടിയെടുക്കുന്നതിനാണ് 125–ാം വകുപ്പ്. പഴ്സനൽ സ്റ്റാഫിന്റെ പരാതിയിൽ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. സ്റ്റേജിൽ വേണ്ടത്ര സ്ഥലമില്ലായിരുന്നെന്നും ബലമുള്ള കൈവരി സ്ഥാപിച്ചില്ലെന്നും എഫ്ഐആറിലുണ്ട്. ഗുരുതര പരുക്കേറ്റ എംഎൽഎ പാലാരിവട്ടം റിനൈ ആശുപത്രിയിലെ വെന്റിലേറ്ററിൽ നിരീക്ഷണത്തിലാണ്. എംഎൽഎയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്നു ഡോക്ടർമാര്‍ അറിയിച്ചു.
നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ ലോക റെക്കോർഡ് ലക്ഷ്യമിട്ടു 12,000 നർത്തകരുടെ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഉമ തോമസ്. മന്ത്രി സജി ചെറിയാൻ ഉൾപ്പെടെ വേദിയിലിരിക്കെയാണ് അപകടം. എംഎൽഎ ഉമ തോമസ് വേദിയിലെത്തി മൂന്നാം മിനിറ്റിലായിരുന്നു അപകടം. ജിസിഡിഎ ചെയർമാൻ കെ.ചന്ദ്രൻപിള്ളയ്ക്കു പിന്നാലെയാണ് എംഎൽഎ വേദിയിലേക്കെത്തിയത്. മുൻനിരയിൽ വന്നിരുന്ന ഉമ തോമസ്, മന്ത്രിയുൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ വേദിയുടെ ഇടത്തേയറ്റത്ത് ഇരിക്കുന്നതു കണ്ടാണു ചെറുപുഞ്ചിരിയോടെ എഴുന്നേറ്റു നിന്ന് അഭിവാദ്യം ചെയ്തത്. തുടർന്നു കസേരകൾക്കും ‘ക്യൂ മാനേജറിനും’ ഇടയിലെ അൽപസ്ഥലത്തു കൂടി മുന്നോട്ടു നടക്കാൻ തുനിഞ്ഞു.
സപ്പോർട്ടിനായി പിടിച്ചതു ക്യൂ മാനേജറിന്റെ സ്റ്റെയിൻലസ് സ്റ്റീൽ കുറ്റിയിൽ. നാടകളുമായി ബന്ധിപ്പിച്ചിരുന്ന മൂന്നു കുറ്റികളും താഴേക്കു തെറിച്ചു വീണു. നിലതെറ്റിയ എംഎൽഎ ഒപ്പം താഴേക്കു വീണു. തല ശക്തിയായി അടിച്ചതു തറയിലിട്ടിരുന്ന കോൺക്രീറ്റ് തറയോടിൽ. കൺമുന്നിൽ നടന്നതു വിശ്വസിക്കാനാകാതെ വേദിയിലുണ്ടായിരുന്നവരെല്ലാം സ്തംഭിച്ചു നിന്നു. ഏതാനും നിമിഷങ്ങൾക്കു ശേഷമാണു പലർക്കും എന്താണു സംഭവിച്ചതെന്നു മനസ്സിലായത്.
തലയിൽ നിന്നു രക്തം വാർന്നൊഴുകി ഒരു മിനിറ്റോളം എംഎൽഎ ബോധമറ്റു നിലത്തു തന്നെ കിടന്നു. വേദിയുടെ അൽപം അകലെയായി സ്ഥാപിച്ചിരുന്ന ഉയരമുള്ള താൽക്കാലിക സ്റ്റാൻഡിൽ നിന്നു പരിപാടി കവർ ചെയ്യുകയായിരുന്ന മാധ്യമ പ്രവർത്തകരാണ് അപകടം കണ്ട് വിളിച്ചത്. ഇതോടെ എല്ലാവരും എംഎൽഎയ്ക്കു സമീപത്തേക്ക് ഓടിയെത്തി. വേദിയിൽ നിന്നു താഴേക്ക് ഓടിയെത്തിയ സംഘാടകർ ആംബുലൻസ് കൊണ്ടു വരാൻ ആവശ്യപ്പെട്ടു.തുടർന്ന് എംഎൽഎയെ താങ്ങിയെടുത്തു ആംബുലൻസിലേക്കു മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha


























