ബിഎഎംഎസ് വിദ്യാര്‍ഥിനി വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിന് പരോള്‍

ബിഎഎംഎസ് വിദ്യാര്‍ഥിനി വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിന് പരോള്‍. സ്ത്രീധന പീഡനത്തെത്തുടര്‍ന്നാണ് ബിഎഎംഎസ് വിദ്യാര്‍ഥിനി വിസ്മയ (24) ഭര്‍തൃ വീട്ടില്‍ ജീവനൊടുക്കിയത്. പൊലീസ് റിപ്പോര്‍ട്ട് തള്ളിയാണ് ജയില്‍ വകുപ്പ് ഭര്‍ത്താവ് എസ്. കിരണ്‍കുമാറിന് പരോള്‍ അനുവദിച്ചത്.
ആദ്യം നല്കിയ അപേക്ഷയില്‍ പൊലീസ് റിപ്പോര്‍ട്ടും പ്രൊബേഷന്‍ റിപ്പോര്‍ട്ടും കിരണിന് എതിരായിരുന്നു. എന്നാല്‍ രണ്ടാമതു നല്കിയ അപേക്ഷയില്‍ പ്രൊബേഷന്‍ റിപ്പോര്‍ട്ട് അനുകൂലമായും പൊലീസ് റിപ്പോര്‍ട്ട് പ്രതികൂലമായും വന്നു. പിന്നീടാണ് ജയില്‍ മേധാവി അപേക്ഷ പരിഗണിച്ച് 30 ദിവസത്തെ പരോള്‍ അനുവദിച്ചത്.
നിലമേല്‍ കൈതോട് കെകെഎംപി ഹൗസില്‍ (സീ വില്ല) കെ.ത്രിവിക്രമന്‍ നായരുടെയും സജിതയുടെയും മകള്‍ വിസ്മയ 2021 ജൂണ്‍ 21നാണു ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. 2020 മേയ് 30 നായിരുന്നു പോരുവഴി ശാസ്താനട ചന്ദ്രാലയത്തില്‍ കിരണ്‍കുമാറുമായുള്ള വിവാഹം.
2022 മേയില്‍ കോടതി കിരണിനെ പത്തുവര്‍ഷം തടവിനു ശിക്ഷ വിധിച്ചിരുന്നു. വിവിധ വകുപ്പുകളിലായി ആകെ 25 വര്‍ഷം കഠിന തടവും 12.55 ലക്ഷം രൂപ പിഴയും വിധിച്ചെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 10 വര്‍ഷം ജയിലില്‍ കിടന്നാല്‍ മതി.
https://www.facebook.com/Malayalivartha


























