ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം; ദുരന്തമുണ്ടായപ്പോള്‍ മുതല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യമാണ് 5 മാസത്തിനുശേഷം അംഗീകരിച്ചത്; ദുരന്തത്തില്‍ 298 പേര് മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്

വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം. ദുരന്തത്തില്‍ 298 പേര് മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 44 പേരെ കാണാതായി. 170 പേരുടെ മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറി. 128 പേരെ കാണാതായതില്‍നിന്ന് 84 പേരെ ഡിഎന്‍എ പരിശോധനയിലൂടെയാണു തിരിച്ചറിഞ്ഞത്.
മുണ്ടക്കൈചൂരല്‍മല ഭാഗത്തുനിന്നു 151 മൃതദേഹങ്ങളും 45 ശരീര ഭാഗങ്ങളുമാണു കണ്ടെത്തിയത്. നിലമ്പൂര്‍ ഭാഗത്തുനിന്ന് 80 മൃതദേഹങ്ങളും 178 ശരീരഭാഗങ്ങളും കിട്ടി. ദുരന്ത ബാധിതരുടെ പുനരധിവാസത്തിനുള്ള വിശദ കര്‍മപദ്ധതിക്ക് അടുത്ത മന്ത്രിസഭായോഗത്തില്‍ അംഗീകാരം നല്‍കും. ടൗണ്‍ഷിപ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കുന്നത്.
ദുരന്തമുണ്ടായപ്പോള്‍ മുതല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യമാണ് 5 മാസത്തിനുശേഷം അംഗീകരിച്ചത്. കേന്ദ്രസംഘം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണു പ്രഖ്യാപനം. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി എസ്ഡിആര്‍എഫിലേക്കു പണം കൈമാറിയെന്നും കത്തില്‍ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ.രാജേഷ് ഗുപ്ത, സംസ്ഥാന റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളിനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് അയച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തഭൂമി സന്ദര്‍ശിച്ചിട്ടും സഹായം അനുവദിക്കുന്നതിനോ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതിനോ നടപടി സ്വീകരിക്കാത്തത് വലിയ പ്രതിഷേധങ്ങള്‍ക്കു കാരണമായിരുന്നു. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതോടെ കേന്ദ്രത്തില്‍നിന്ന് കൂടുതല്‍ സഹായം ആവശ്യപ്പെടാന്‍ സംസ്ഥാനത്തിനു സാധിക്കും. എന്നാല്‍ കൂടുതല്‍ തുക അനുവദിക്കുന്നതിനെക്കുറിച്ച് കത്തില്‍ വ്യക്തമായി പറയുന്നില്ല.
https://www.facebook.com/Malayalivartha


























