കാരവനിൽ വിഷവാതകമായ കാർബൺ മോണോക്സൈഡ് വാഹനത്തിലെത്തിയത് എങ്ങിനെ..? യുവാക്കളുടെ മരണത്തിൽ ശാസ്ത്രീയ പരിശോധന തുടങ്ങി...

കോഴിക്കോട് വടകരയില്‍ ദേശീയ പാതയോരത്ത് വാഹനത്തിനകത്ത് രണ്ട് യുവാക്കള്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ശാസ്ത്രീയ പരിശോധന തുടങ്ങി. വിഷവാതകമായ കാർബൺ മോണോക്സൈഡ് വാഹനത്തിലെത്തിയത് എങ്ങിനെയെന്ന് കണ്ടെത്താനാണ് പരിശോധന. പൊലീസിനൊപ്പം എൻഐടിയിലെ വിദഗ്ധ സംഘവും, ഫോറൻസിക് വിഭാഗവും, വാഹനം നിർമ്മിച്ച ബെൻസ് കമ്പനിയുടെ സാങ്കേതിക വിദഗ്ധരുമാണ് പരിശോധനയിൽ പങ്കെടുക്കുക. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമായിരുന്നു. കാരവാനിൽ ഘടിപ്പിച്ചിരുന്ന ജനറേറ്ററിൽ നിന്നാവാം വിഷവാതകം വന്നതെന്നാണ് നിഗമനം. ഇതെങ്ങിനെ കാരവാനിനകത്ത് എത്തിയെന്ന് കണ്ടെത്താനാണ് പരിശോധന.
മലപ്പുറം വണ്ടൂർ സ്വദേശി മനോജ് കുമാറിനെയും കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി ജോയലിനെയുമാണ് കഴിഞ്ഞ മാസം കാരവാനിലുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം 23 നായിരുന്നു സംഭവം. ഒരു രാത്രിയും പകലുമാണ് ആരുമറിയാതെ ദേശീയ പാതയോരത്ത് നഗര മധ്യത്തിൽ വാഹനത്തിനകത്ത് രണ്ട് യുവാക്കാൾ മരിച്ച് കിടന്നത്. വിവാഹ സംഘവുമായിട്ടാണ് ഇരുവരും കണ്ണൂരില്‍ എത്തുന്നത്. രാത്രിയോടെ മടങ്ങിയെത്തി. രാത്രി 12 മണിയോടെ വടകര കരിമ്പനപാലത്തിനടുത്ത് വാഹനം നിർത്തി. എസിയിട്ട് വാഹനത്തിനുള്ളില്‍ വിശ്രമിച്ചു.
അടുത്ത ദിവസമായിട്ടും തിരിച്ചെത്താതിരുന്നതോടെ വാഹന ഉടമകൾ അന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്. കാരവാന്റെ ഉള്ളിൽ കാര്‍ബണ്‍ മോണോക്സൈഡ് എങ്ങനെ എത്തിയെന്ന് കണ്ടെത്താനാണ് വിശദമായ പരിശോധന നടത്തുന്നത്. ജനറേറ്ററിൽ നിന്നാണ് വിഷ പുക വന്നതെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ജനറേറ്ററിൽ നിന്നുള്ള വിഷ പുക എങ്ങനെ കാരവാനിന്റെ ഉള്ളിലേക്ക് കയറിയെന്നതടക്കം കർണ്ടെത്താനാണ് വിശദമായ പരിശോധന.
എസിയിലെ ഗ്യാസ് ചോര്‍ച്ചയാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മരണത്തില്‍ പൊലീസ് അസ്വാഭാവികത സംശയിക്കുന്നുമുണ്ട്. ദേശീയപാതയില്‍ കരിമ്പനപ്പാലത്തെ കെ.ടി.ഡി.സി. റസ്റ്ററന്റിലേക്ക് പോകുന്ന വഴിയുടെ തുടക്കത്തില്‍ത്തന്നെയാണ് വണ്ടി നിര്‍ത്തിയത്. തിരക്കേറിയ റോഡിനുസമീപമായതിനാല്‍ ആരും വണ്ടി അത്ര ശ്രദ്ധിച്ചിരുന്നില്ല. സംഭവമറിഞ്ഞ് നൂറുകണക്കിനാളുകളാണ് സ്ഥലത്ത് തടിച്ചുകൂടിയത്. ആളുകളെ നിയന്ത്രിക്കാന്‍ പോലീസ് വണ്ടിക്കുചുറ്റും വടം കെട്ടുന്ന അവസ്ഥയായിരുന്നു.
ദേശീയപാതയില്‍ സംഭവ ദിവസം രാവിലെ മുതല്‍ വാഹനം നിര്‍ത്തിയിട്ടിരുന്നു. കുന്നംകുളത്തുകാരായ ഒരു കുടുംബത്തെ ഞായറാഴ്ച ഒരു കല്യാണത്തിൽ പങ്കെടുക്കുന്നതിലേക്കായി കാരവാനിൽ കണ്ണൂരിലെത്തിച്ചിരുന്നു. ശേഷം അന്നുരാത്രി പതിനൊന്നരയോടെ ജോയലും മനോജും കണ്ണൂരിൽ നിന്ന് തിരിക്കുകയും ചെയ്തു.
പന്ത്രണ്ടരയോടെയാണ് കരിമ്പനപാലത്ത് റോഡരികിൽ വാഹനം നിറുത്തിയിട്ടത്. തിങ്കളാഴ്ച ഉച്ചയോടെ വാഹനം മലപ്പുറത്ത് എത്തേണ്ടതായിരുന്നു. കാരവാൻ എത്താത്തതിനെത്തുടർന്ന് കമ്പനി നടത്തിയ അന്വേഷണത്തിലാണ് കരിമ്പനപാലത്ത് നിർത്തിയിട്ടിരിക്കുന്നതായി ജിപിഎസിന്റെ സഹായത്തോടെ കണ്ടെത്തിയത്.
പിന്നാലെ പ്രദേശവാസികളിൽ ഒരാളെ അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തുന്നത്. കാരവാന്റെ പുറകിലായി പുതച്ച നിലയിലായിരുന്നു ജോയലിന്റെ മൃതദേഹം. കാരവാനിൽ വാതിലിനോട് ചേർത്തായിരുന്നു മനോജിന്റെ മൃതദേഹം കിടന്നിരുന്നത്. മനോജിന്റെ കയ്യിൽ വണ്ടിയുടെ താക്കോൽ ഉണ്ടായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മരണപ്പെട്ടതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. മലപ്പുറം എടപ്പാളില്‍ ഫ്രണ്ട് ലൈന്‍ ഹോസ്പിറ്റാലിറ്റി പ്രോപ്പര്‍ട്ടി മാനേജ്മെന്റ് സ്ഥാപനത്തിന്റേതാണ് വാഹനം.
കെ എല്‍ 54 പി 1060 വാഹനത്തില്‍ എടപ്പാളില്‍നിന്നും വിവാഹ പാര്‍ട്ടിയെ ഞായറാഴ്ച വൈകീട്ട് 3.30ഓടെ കണ്ണൂരില്‍ ഇറക്കി തിരിച്ചുവരുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ മലപ്പുറത്ത് ഇവര്‍ വാഹനവുമായി എത്തേണ്ടിയിരുന്നതാണ്. എത്താതായതോടെ ലൊക്കേഷന്‍ മനസ്സിലാക്കി സ്ഥാപനവുമായി ബന്ധപ്പെട്ടവരും അന്വേഷണത്തിലായിരുന്നു. എസി.യിട്ട് ഉറങ്ങിയപ്പോള്‍ ഉള്ളില്‍ കാര്‍ബണ്‍ മോണോക്സൈഡ് നിറഞ്ഞ് അത് ശ്വസിച്ചതാകാം മരണത്തിനിടയാക്കിയതെന്ന സംശയം നിലനിന്നിരുന്നു.
മൃതദേഹം കാണുമ്പോള്‍ എ.സി. ഓണായനിലയിലായിരുന്നു. പാര്‍ക്കിങ് ലൈറ്റും കത്തുന്നുണ്ട്.ദേശീയപാതയില്‍ കരിമ്പനപ്പാലത്തെ കെ.ടി.ഡി.സി. റസ്റ്ററന്റിലേക്ക് പോകുന്ന വഴിയുടെ തുടക്കത്തില്‍ത്തന്നെയാണ് വണ്ടി നിര്‍ത്തിയത്. തിരക്കേറിയ റോഡിനുസമീപമായതിനാല്‍ ആരും വണ്ടി അത്ര ശ്രദ്ധിച്ചിരുന്നില്ല. വിഷവാതകമായ കാർബൺ മോണോക്സൈഡ് വാഹനത്തിലെത്തിയത് എങ്ങിനെയെന്ന് കണ്ടെത്താനാണ് നിലവിലെ പരിശോധന.
https://www.facebook.com/Malayalivartha


























