എ കെ ജി സെന്ററില്‍ കയറി ആദ്യ അറസ്റ്റ് ? ദിവ്യയുടെ ആട്ടം അവസാനിക്കാറായി

പുതുവര്‍ഷം പിണറായിക്കും സിപിഎമ്മിനും ഒരു ലോഡ് പണികളുടെ കാലം. ദിവ്യയുടെ രാഷ്ട്രീയ ഭാവിക്ക് റീത്തുവെക്കുന്ന കാലം. ഗോവിന്ദന് മക്കളെ അഴിക്കുള്ളില്‍ കാണേണ്ടി വരുമോയെന്ന ഭയത്തിന്റെ കാലം. നവീന്‍ ബാബു കേസിന് പിന്നിലെ പെട്രോള്‍ പമ്പ് ഇടപാടും മുഖ്യമന്ത്രിക്ക് നല്‍കിയ വ്യാജ പരാതിയും സിബിഐ അന്വേഷിച്ചാല്‍ എകെജി സെന്ററിനുള്ളിലും അറസ്റ്റ് നടക്കുമെന്ന ഭയത്തില്‍ സിപിഎം. 2025 പുലര്‍ന്നപ്പോള്‍ ഹാപ്പി ന്യൂ ഇയര്‍ പോസ്റ്റിട്ട ദിവ്യയ്ക്ക് ഇനിയങ്ങോട്ട് കാര്യങ്ങള്‍ അത്ര ഹാപ്പി ആയിരിക്കില്ല. എഡിഎമ്മിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി എടുക്കുന്ന തീരുമാനം അതിനിര്‍ണ്ണായകമാണ്. ഈ കേസില്‍ അന്വേഷണത്തിന് സിബിഐ എത്തിയാല്‍ കണ്ണൂരിലെ സിപിഎം നേതൃത്വമാകെ വെട്ടിലാകും. പെരിയ കേസ് വിധിയില്‍ അടപ്പ് തെറിച്ച പാര്‍ട്ടിക്ക് കുരുക്കായി നവീന്‍ ബാബു കേസ്.
ദിവ്യയുടെ അടിവേരിളക്കിയേ പോരാട്ടം അവസാനിപ്പിക്കൂ നവീന്റെ ജീവനെടുത്തത് എത്ര വലിയ കൊമ്പന്മാരായാലും അവരെ നിയമത്തിന് മുന്നിലെത്തിച്ചേ അടങ്ങൂവെന്ന മഞ്ജുഷയുടെ നിശ്ചയദാര്‍ഡ്യമാണ് സിപിഎമ്മിന്റെ കുറ്റി തെറിപ്പിക്കുന്നത്. ചതിച്ചവരോടൊക്കെ നിയമം കൊണ്ട് മറുപടി പറയാന്‍ മഞ്ജുഷ ഇറങ്ങിയപ്പോള്‍ കണ്ണൂര്‍ മാഫിയയുടെ നെഞ്ചത്ത് റീത്തുവെച്ചതാണ്. നവീന്റെ കുടുംബത്തെ പിന്തിരിപ്പിക്കാന്‍ പല കളി കളിച്ചിട്ടും ഏറ്റില്ല. ഒപ്പമുണ്ടെന്ന് പറഞ്ഞ് ഗോവിന്ദന്‍ കാലുവാരിയിടത്ത് നിന്ന് മഞ്ജുഷ വഴി വെട്ടിത്തുടങ്ങിയതാണ്. സിപിഎമ്മിനെ മൂടാനുള്ള വജ്രായുധങ്ങള്‍ ഇതിനോടകം കോടതിയില്‍ നിരത്തിക്കഴിഞ്ഞു മഞ്ജുഷ.
നവീന്‍ ബാബു തൂങ്ങിമരിച്ചു എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും കൊല നടത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് സംശയിക്കേണ്ടിവരുമെന്നും, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മഞ്ജുഷ ആരോപിച്ചിരുന്നു. ശരിയായ രീതിയിലുള്ള പോസ്റ്റുമോര്‍ട്ടം നടന്നില്ല. ഇന്‍ക്വസ്റ്റില്‍ കഴുത്തില്‍ കണ്ടെത്തിയ പാട് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇല്ല. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങളും നല്‍കുന്നില്ല. 55 കിലോ ഭാരമുള്ള നവീന്‍ എങ്ങനെ ചെറിയ കയറില്‍ കെട്ടിതൂങ്ങി മരിക്കുമെന്നും ഹര്‍ജിക്കാരി ചോദിച്ചു. പ്രതിയെ സംരക്ഷിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നുവെന്നും ജയിലില്‍നിന്ന് ഇറങ്ങിയപ്പോള്‍ പി.പി. ദിവ്യയെ സ്വീകരിക്കാന്‍ സെക്രട്ടറിയുടെ ഭാര്യ പോയെന്നും മഞ്ജുഷ ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.
നവീന്‍ കേസില്‍ ദിവ്യ ഉള്‍പ്പെട്ടതാണ് സിപിഎമ്മിന്റെ ഉറക്കംകെടുത്തുന്നത്. പെരിയ കേസില്‍ ഉദുമ മുന്‍ എംഎല്‍എ കുഞ്ഞിരാമന്‍ ഉള്‍പ്പെടെ സംഘത്തെ പൂട്ടിയ സിബിഐ ദിവ്യയെ തൂക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കുഞ്ഞിരാമനെ പഴുതടച്ച് തൂക്കി അകത്തിടുകയായിരുന്നു അന്ന് സിബിഐ. നവീന്‍ കേസില്‍ ദിവ്യയെ രക്ഷിച്ചത് പോലെ പെരിയ കേസില്‍ കുഞ്ഞിരാമനെ രക്ഷിക്കാന്‍ നോക്കിയിരുന്നു ക്രൈംബ്രാഞ്ച്. എന്നാല്‍ കുഞ്ഞിരാമന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും പ്രതിയെ രക്ഷിക്കാന്‍ ഇടപെട്ടുവെന്നും സിബിഐ കണ്ടെത്തി. രണ്ടാംപ്രതി സജി.സി.ജോര്‍ജിനെയാണ് കെ.വി.കുഞ്ഞിരാമന്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചത്. ഇതിന് തെളിവില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ഈ വാദം കോടതി തള്ളി. ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന മനോജ്, സജി.സി.ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത് ജീപ്പിലിരുത്തിയിരുന്നു. അവിടെയെത്തിയാണ് കെ.വി കുഞ്ഞിരാമന്‍, ഉദുമ മുന്‍ ഏരിയ സെക്രട്ടറി കെ.മണികണ്ഠന്‍, പാക്കം ലോക്കല്‍ സെക്രട്ടറിയായിരുന്ന രാഘവന്‍ വെളുത്തോളി, കെ.വി.ഭാസ്‌കരന്‍ എന്നീ സിപിഎം നേതാക്കള്‍ പ്രതികളെ മോചിപ്പിച്ചതെന്ന സിബിഐ വാദം കോടതി അംഗീകരിച്ചു. സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മാധവന്റെ മൊഴിയും നിര്‍ണായകമായി. അന്വേഷണസംഘത്തിന് മുന്നിലും, വിചാരണ സമയത്തും താന്‍ കണ്ട കാര്യം കൃത്യമായി തന്നെ ഇദ്ദേഹം വിവരിച്ചിരുന്നു. തുടര്‍ന്നാണ് കേസില്‍ കെ.വി.കുഞ്ഞിരാമന്‍ അടക്കമുള്ള നാല് സിപിഎം നേതാക്കളെ കോടതി ശിക്ഷിച്ചത്.
പ്രതിയെ രക്ഷിച്ച കുഞ്ഞിരാമനെ വെറുതെ വിടാത്ത സിബിഐ നവീന്‍ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കാന്‍ കളമൊരുക്കിയ ദിവ്യയെ വെറുതെ വിടുമോ. അധികാര മോഹത്തില്‍ വഴിവിട്ട പലതിനും കൂട്ടുനിന്ന ദിവ്യയുടെ തനിനിറം വെളിച്ചത്ത് വരാനിരിക്കുന്നതേയുള്ളു. എംഎല്‍എ കസേര മുതല്‍ മന്ത്രിക്കസേര വരെ സ്വപ്‌നം കണ്ടിട്ടാണല്ലോ കണ്ണൂര്‍ സിപിഎം മാഫിയയുടെ നെറികേടുകള്‍ക്ക് സഖാത്തി കുടപിടിച്ചത് അതിനുള്ള വിലങ്ങ് ഒരുങ്ങുന്നുണ്ട്. ദിവ്യയും പ്രശാന്തനും കളക്ടറും നടത്തിയ ഗൂഡാലോചനകളും. അതിന് പിന്നില്‍ വമ്പന്മാരുടെ മാഫിയ ബന്ധങ്ങളും കണ്ടെത്താന്‍ സിബിഐ ഇഴകീറി പരിശോധിക്കും. കളക്ടേറിറ്റിലെ ജീവനക്കാര്‍ അരുണ്‍ കെ വിജയന്റെ തനിനിറം പുറത്ത് പറയും. യോഗം നടക്കുന്നതിന് മുന്‍പ് ദിവ്യയും കളക്ടറും ഫോണില്‍ സംസാരിച്ചത് ഉള്‍പ്പെടെ പുറത്താകും. പോസ്റ്റ്‌മോര്‍ട്ടത്തിലെ കള്ളക്കളി വെളിച്ചത്താകും.
നവീന്‍ ബാബു കേസില്‍ സിബിഐ വന്നാല്‍ ആഭ്യന്തര വകുപ്പും കേന്ദ്ര അന്വേഷണ ഏജന്‍സിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. സര്‍ക്കാരിനെ വെള്ളംകുടിപ്പിച്ച പെരിയ കേസിലും സിബിഐയും പിണറായിയും പോരായിരുന്നല്ലോ. 2019 സെപ്റ്റംമ്പര്‍ 30ന് പെരിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇരട്ടക്കൊലക്കേസ് അന്വേഷണം സി.ബി.ഐ.ക്ക് വിട്ടെങ്കിലും കേസ് ഡയറിയടക്കമുള്ള രേഖകള്‍ കൈമാറാന്‍ നേരത്തേ അന്വേഷണംനടത്തിയ ക്രൈംബ്രാഞ്ച് തയ്യാറായില്ല. ഈ കാര്യമാവശ്യപ്പെട്ട് ആറു കത്തുകള്‍ അന്ന് ഡി.ജി.പി.യായിരുന്ന ലോക്‌നാഥ് ബെഹ്‌റയ്ക്കും ക്രൈംബ്രാഞ്ച് ചുമതലയുള്ള എസ്. ശ്രീജിത്തിനും നല്‍കിയെങ്കിലും അനുകൂലമറുപടിയുണ്ടായില്ല. കേസ് രേഖകള്‍ എങ്ങനെ സി.ബി.ഐ.ക്ക് കൈമാറണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടിയിരിക്കുകയാണെന്ന വിചിത്രമായ മറുപടിയാണ് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ സി.ബി.ഐ.ക്ക് നല്‍കിയത്. പിന്നീട് സിബിഐ നിര്‍ണ്ണായക നീക്കം നടത്തി.
അന്വേഷണരേഖകള്‍ പിടിച്ചെടുക്കുന്നതിനടക്കം അധികാരമുള്ള സി.ആര്‍.പി.സി. 91 നോട്ടീസ് സി.ബി.ഐ. ക്രൈംബ്രാഞ്ചിനു നല്‍കി. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സര്‍ക്കാരും ക്രൈംബ്രാഞ്ചും സഹകരിക്കാതിരുന്നതോടെ അന്വേഷണവുമായി സ്വന്തംനിലയ്ക്ക് സി.ബി.ഐ. മുന്നോട്ടുപോയി. എഫ്.ഐ.ആര്‍. രഹസ്യമായി രജിസ്റ്റര്‍ചെയ്ത് എറണാകുളം സി.ജെ.എം. കോടതിയില്‍ നല്‍കി. ഇതിനിടയില്‍ അന്വേഷണം സി.ബി.ഐ.ക്കുവിട്ട നടപടിക്കെതിരായി സര്‍ക്കാര്‍ അപ്പീല്‍ ഡിവിഷന്‍ ബെഞ്ചില്‍ നല്‍കി. അന്വേഷണം സ്റ്റേചെയ്യാത്ത സാഹചര്യത്തില്‍ സി.ബി.ഐ. രഹസ്യമായി മുന്നോട്ടുപോയി. കാസര്‍കോട്ടെ സി.പി.എമ്മിന്റെ രണ്ട് പാര്‍ട്ടി ഓഫീസുകള്‍ റെയ്ഡ് ചെയ്ത് രേഖകള്‍ ശേഖരിച്ചു.
https://www.facebook.com/Malayalivartha


























