തിരുവനന്തപുരത്ത് സഹപാഠികള്‍ തമ്മില്‍ സംഘര്‍ഷം: സഹപാഠിയുടെ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരത്ത് സഹപാഠികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. തിരുവനന്തപുരം പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ അസ്ലമിനാണ് കുത്തേറ്റത്. ശ്വാസകോശം തുളഞ്ഞ് കുത്തേറ്റ വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ തന്നെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ നാലുപേര്‍ ചേര്‍ന്നാണ് അസ്ലമിനെ അക്രമിച്ചത്. പൂവച്ചല്‍ ബാങ്ക് നട ജംഗ്ഷനില്‍വെച്ച് ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ശനിയാഴ്ച്ചയായതിനാല്‍ ഇന്ന് സ്കൂള്‍ അവധിയായിരുന്നു.
അതേസമയം ഒരുമാസം മുമ്പ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളും പ്ലസ് ടു വിദ്യാഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് പ്രിന്‍സിപ്പലിനും പി.ടി.എ പ്രസിഡന്റിനും പരിക്കേറ്റിരുന്നു. പ്രിന്‍സിപ്പല്‍ പ്രിയയെ വിദ്യാര്‍ഥികള്‍ കസേര ചുറ്റിയാണ് അന്ന് അടിച്ചത്.
സംഭവത്തില്‍ പരിക്കേറ്റ പ്രിന്‍സിപ്പളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് 18 വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു. കൂടാതെ 20 വിദ്യാര്‍ഥികള്‍ക്കെതിരെ കാട്ടാക്കട പൊലീസ് കേസുമെടുത്തിരുന്നു. അന്നത്തെ തര്‍ക്കത്തിന്റെ ബാക്കിയാണ് ഈ സംഭവം എന്നാണ് പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha


























