അശ്ലീല പരാമര്‍ശ കേസില്‍ ബോബി ചെമ്മണൂര്‍ ജയിലില്‍ തുടരും: ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

അശ്ലീല പരാമര്‍ശ കേസില്‍ കാക്കനാട് ജില്ലാ ജയിലില്‍ റിമാന്റില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. സര്‍ക്കാരിനു മറുപടി പറയാന്‍ സമയം നല്‍കണമെന്നു പറഞ്ഞാണ് കോടതി കേസ് മാറ്റിവച്ചത്. എന്താണ് ഇത്ര ധൃതിയെന്നും മറ്റ് കേസുകള്‍ പരിഗണിക്കണമെന്നും കോടതി പറഞ്ഞു. തെളിവുകള്‍ ഹാജരാക്കിയെങ്കിലും മജിസ്ട്രേറ്റ് അതൊന്നും പരിഗണിച്ചില്ലെന്ന് ബോബിയുടെ അഭിഭാഷകന് വാദിച്ചു.
നടി ഹണി റോസിന്റെ പരാതിയിലാണ് ബുധനാഴ്ച അറസ്റ്റിലായ ബോബി ചെമ്മണൂരിനെ ഇന്നലെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെ അപ്രതീക്ഷിതമായിരുന്നു മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം. ഇതോടെ മേല്‍ക്കോടതിയെ സമീപിക്കാന്‍ പോലും സാഹചര്യമില്ലാതെ ബോബി ചെമ്മണൂരിന് ആദ്യ ദിനം കാക്കനാട് ജയിലില്‍ കഴിയേണ്ടി വന്നു.
5 റിമാന്‍ഡ് പ്രതികള്‍ കൂടിയുള്ള എ ബ്ലോക്കിലെ സെല്ലിലായിരുന്നു ബോബി കഴിഞ്ഞത്. എല്ലാവരും സമീപ ദിവസങ്ങളില്‍ എത്തിയവരാണ്. പകല്‍ കാര്യമായി ഭക്ഷണം കഴിക്കാതിരുന്നതിനാല്‍ ജയിലില്‍ കരുതിയിരുന്ന ചോറും ചപ്പാത്തിയും കറിയും കഴിച്ചു. വസ്ത്രം മാറി പുതിയത് ധരിച്ചു. മരുന്നുകളും ബോബി കൈവശം കരുതിയിരുന്നു.
ബോബിയെ ഇന്ന് രാവിലെ ജയില്‍ ഡോക്ടര്‍ പരിശോധിച്ചു. ഇന്നലെ രക്തസമ്മര്‍ദം താഴ്ന്നതിനെ തുടര്‍ന്ന് കോടതി മുറിക്കുള്ളില്‍ ബോബി തളര്‍ന്നു വീണിരുന്നു. എന്നാല്‍ വൈകിട്ട് ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് വ്യക്തമായിരുന്നു. തന്റെ കാലിനു പരുക്കുണ്ടെന്ന് ജയിലിലേക്ക് കയറുന്നതിനു മുന്‍പ് ബോബി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇന്ന് ഡോക്ടര്‍ ബോബിയെ വിശദമായി പരിശോധിച്ചതായാണ് വിവരം.
https://www.facebook.com/Malayalivartha

























