മുഖ്യമന്ത്രി പിണറായി വിജയന് അടുത്തയാഴ്ച നിര്‍ണായകം.... ദില്ലി ഹൈക്കോടതി അകത്താക്കുമെന്ന ആശങ്ക...

മുഖ്യമന്ത്രി പിണറായി വിജയന് അടുത്തയാഴ്ച നിര്‍ണായകം.
സി എം. ആര്‍.എല്‍ മകള്‍ വീണയുടെ കമ്പനിയുമായി ചേര്‍ന്ന് അഴിമതി നടത്തിയതായി ദില്ലി ഹൈക്കോടതി വിധി പറഞ്ഞാല്‍ പിണറായിക്ക് അധികാരത്തില്‍ തുടരാനാവില്ല. അധികാരത്തില്‍തുടര്‍ന്നാല്‍ തദ്ദേശ സ്വയം ഭരണ തെരഞ്ഞടുപ്പിന് മുമ്പ് സി.പി.എം. ചരിത്രത്തില്‍ നിന്നും മറഞ്ഞു പോകും. കാലിത്തീറ്റ കുംഭകോണവും ടു.ജി. സ്‌പെക്ട്രവുമൊക്കെ രാഷ്ട്രീയക്കാര്‍ നടത്തിയ അഴിമതിയാണെങ്കില്‍ മാസപ്പടി മുഖ്യമന്ത്രിയായ പിതാവിനെ ഉപയോഗിച്ച് മകള്‍ നടത്തിയ കുംഭകോണമാണ്.
ഇത്രയും കാലം ഇത് സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളും തമ്മിലുള്ള ഇടപാടായിരുന്നു. എന്നാലിപ്പോള്‍ ഇത് കോടതിയില്‍ എത്തിയിരിക്കുകയാണ്. ഇനി ഇതില്‍ നിന്നും ഊരിപോവുക പ്രയാസമാണ്. കോടതിയുടെ ഒരു ചെറിയ പരാമര്‍ശം പോലും പിണറായിക്ക് ഭൂമറാങ്കായി മാറാം. മുമ്പും പരാമര്‍ശങ്ങളുടെ പേരിലാണ് മന്ത്രിമാര്‍ രാജിവച്ചിട്ടുള്ളത്. വീണാ വിജയന്‍ പങ്കാളിയായ അഴിമതി രാജ്യസുരക്ഷയെ ബാധിച്ചെന്നാണ് കോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ് മൂലം. സി ഐ.ടി യു പോലും നോക്കുകൂലി വാങ്ങാതിരിക്കുമ്പോള്‍ വീണ സി എം ആര്‍ എല്ലില്‍ നിന്നും നോക്കുകൂലിയായി കോടികള്‍ കൈപ്പറ്റിയത് സി പി എമ്മുകാര്‍ പരസ്പരം പറഞ്ഞ് പൊട്ടിച്ചിരിക്കുന്നു.
സിഎംആര്‍എല്‍ മാസപ്പടി കേസില്‍ 185 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയത് . എസ്എഫ്‌ഐഒ -ഐടി വകുപ്പുകളുടെ അന്വേഷണത്തിലെ കണ്ടെത്തലാണ് ദില്ലി ഹൈക്കോടതിയില്‍ കേന്ദ്രം സമര്‍പ്പിച്ചത്. അഴിമതി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയാണെന്നും കേന്ദ്രവും ആദായനികുതി വകുപ്പും ദില്ലി ഹൈക്കോടതിയില്‍ എഴുതി നല്‍കിയ വാദങ്ങളില്‍ വ്യക്തമാക്കുന്നു.
സിഎംആര്‍എല്‍ നടത്തിയത് സങ്കല്‍പ്പത്തിനും അപ്പുറത്തുള്ള അഴിമതിയെന്ന് കേന്ദ്രം ദില്ലി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. മാസപ്പടി കേസിലെ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി നേരത്തെ ദില്ലി ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരുന്നു. വിധിക്ക് മുന്നോടിയായ വാദങ്ങള്‍ എഴുതി നല്‍കാന്‍ കക്ഷികളോട് കോടതി നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രവും ആദായ നികുതി വകുപ്പും എഴുതി നല്‍കിയ വാദങ്ങളിലാണ് ഗുരുതരമായ കണ്ടെത്തലുകള്‍. പിണറായിയുടെ മകള്‍ അച്ഛന്റെ അധികാരത്തണലില്‍ അഴിമതി നടത്തിയെന്ന വാദം സി.പി.എമ്മിന്റെ ഇമേജ് തകര്‍ത്തു.
വീണ വിജയന്റെ കമ്പനിക്കും വിവിധ രാഷ്ട്രീയ കക്ഷികള്‍ക്കുംനേതാക്കള്‍ക്കും ഉള്‍പ്പെടെ നല്‍കിയ പണമിടപാടിന്റെ ഭാഗമായി 185 കോടി രൂപയുടെ അഴിമതിയാണ് നടന്നതെന്ന് എസ്എഫ്‌ഐഒ അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. ചരക്ക് നീക്കത്തിനും മാലിന്യ നിര്‍മാര്‍ജനത്തിനും കോടികള്‍ ചെലവിട്ടെന്ന് വ്യാജ ബില്ലുകള്‍ സിഎംആര്‍എല്‍ ഉണ്ടാക്കി. ഇതുവഴി സിഎംആര്‍എല്‍ ചെലവുകള്‍ പെരുപ്പിച്ചു കാട്ടി അഴിമതിപ്പണം കണക്കില്‍പ്പെടുത്തി. കേസില്‍ പൊതുതാല്‍പര്യമില്ലെന്ന സിആര്‍എംഎല്ലിന്റെ വാദത്തിനെയും കേന്ദ്രം തള്ളുകയാണ്.
പൊതുമേഖല സ്ഥാപനമായ കെഎസ്‌ഐഡിസിക്ക് 13 ശതമാനം ഓഹരി പങ്കാളിത്തമുള്ളതിനാല്‍ പൊതുതാല്‍പര്യത്തിന്റെ പരിധിയില്‍ കേസ് വരുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവിന് മേല്‍ മറ്റ് അന്വേഷണം പാടില്ലെന്ന വാദവും നിലനില്‍ക്കില്ല. നിയമം അനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാനാകുമെന്നും മുന്‍ക്കാലകോടതിവിധികള്‍ ചൂണ്ടിക്കാട്ടി ആദായനികുതി വകുപ്പ് പറയുന്നു. സിഎംആര്‍എല്ലിന്റെ ഹര്‍ജിയില്‍ അടുത്ത ആഴ്ച്ച കോടതി വിധിയുണ്ടാകുമെന്നാണ് വിവരം.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേമെടുക്കണമോ എന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കും. അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രമന്ത്രി അമിത് ഷാ എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടറിയണം.
സ്വതന്ത്ര അന്വേഷണമാണ് നടത്തുന്നതെന്നും ആദായ നികുതി സെറ്റില്‍മെന്റ് കമ്മീഷന്റെ ഉത്തരവിനെ അടിസ്ഥാനപ്പെടുത്തിയല്ല അന്വേഷണമെന്നും എസ് എഫ് ഐ ഒ സത്യവാങ്മൂലത്തില്‍ പറയുന്നു.
അന്വേഷണത്തിന്റെ ഭാഗമായി വീണാ വിജയന്‍ അടക്കം 20 പേരുടെ മൊഴി എടുത്തു. ശശിധരന്‍ കര്‍ത്തയുടെ മകന്‍ ശരണ്‍ എസ് കര്‍ത്തയുടെയും മൊഴി എടുത്തു. സിഎംആര്‍ എല്ലിന്റെ ഹര്‍ജി തള്ളണമെന്നും എസ്എഫ്‌ഐഒ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു. മാസപ്പടി ഇടപാട് ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയതാണെന്നും, മറ്റ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിഎംആര്‍എല്ലിന്റെ ഹര്‍ജി. ആദായനികുതി വകുപ്പ് പിടിച്ചെടുത്ത രേഖകള്‍ മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട് . സി.എം. ആര്‍ എല്ലിന്റെ ഹര്‍ജിയെ എസ്. എഫ്. ഐ. ഒ എതിര്‍ത്തു.
എസ് എഫ്.ഐ.ഒ അന്വേഷണ റിപ്പോര്‍ട്ട് എവിടെ പോയെന്നാണ് പ്രതിപക്ഷം ഉള്‍പ്പെടെ ചോദിച്ചുകൊണ്ടിരുന്നത്. എന്നാല്‍ അന്വേഷണം കൃത്യമായി നടക്കുന്നുണ്ടായിരുന്നു. അക്കാര്യം ആരും അറിഞ്ഞില്ലെന്ന് മാത്രം. ഇക്കഴിഞ്ഞ തിരഞ്ഞടുപ്പില്‍ പോലും കേന്ദ്രത്തെ അടിക്കാനുള്ള വടിയായി അന്വേഷണം മാറിയിരുന്നു.
എസ്എഫ്‌ഐഒ വീണാ വിജയന്റെ മൊഴിയെടുത്തത് ഇക്കഴിഞ്ഞ ഒക്ടോബറിലാണ്. ചെന്നൈയിലെ ഓഫീസിലെത്തി എസ് എഫ് ഐ ഒ അന്വേഷണ ഉദ്യോഗസ്ഥന്‍ അരുണ്‍ പ്രസാദിന് മുന്നിലാണ് വീണാ വിജയന്‍ മൊഴി നല്‍കിയത്. കേസ് ഏറ്റെടുത്ത് 10 മാസത്തിനു ശേഷമാണ് നടപടി. 2 വട്ടം വീണയില്‍ നിന്നും മൊഴിയെടുത്തതായാണ് സൂചന. അതീവരഹസ്യമായി നടന്ന നീക്കം സി. പി എം വ്യത്തങ്ങളില്‍ നിന്നുമാണ് പുറത്തു പോയത്. പിണറായിക്കെതിരെ നീങ്ങുന്ന ഒരു സംഘം സി.പി.എമ്മുകാരാണ് വിവരം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത്. മകള്‍ക്കൊപ്പം ഭരത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസും ഒപ്പമുണ്ടായിരുന്നു.
ഇ- മെയില്‍ മുഖാന്തരവും രേഖകളുമൊക്കെയായി നേരത്തെ നല്‍കിയ വിവരങ്ങള്‍ വീണ മൊഴിയായി ആവര്‍ത്തിച്ചു. ഐടി എക്‌സ്‌പേര്‍ട്ട് എന്ന നിലയില്‍ നല്‍കിയ സേവനങ്ങള്‍ക്കാണ് സിഎംആര്‍എല്ലില്‍ നിന്ന് പണം കൈപ്പറ്റിയത് എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് വീണ. സിഎംആര്‍എല്ലും എക്‌സലോജിക്കുമായി ബന്ധമുള്ള ചില ഇടപാടുകളില്‍ എസ്എഫ്‌ഐഓ വിവരം തേടി.
ജനുവരിയില്‍ അന്വേഷണം പ്രഖ്യാപിച്ചതിന് ശേഷം പലതവണയായി സിഎംആര്‍എല്‍, കെഎസ് ഐഡിസി ഉദ്യോഗസ്ഥരില്‍ നിന്ന് എസ് എഫ് ഐഒ വിവരങ്ങളെടുത്തിരുന്നു. തുടക്കത്തില്‍ കാണിച്ച ആവേശം പിന്നെ എന്ത് കൊണ്ട് ഇല്ലെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് വീണ വിജയന്റെ മൊഴിയെടുത്തത്. അതേസമയം പേരിന് വേണ്ടിയാണ് മൊഴിയെടുത്തതെന്നും ഇതില്‍ ഒന്നും സംഭവിക്കില്ലെന്നും പിണറായി സി.പി.എം നേതാക്കളെ അറിയിച്ചിരുന്നു.. എന്നാല്‍ അതില്‍ എന്തെങ്കിലും സംഭവിക്കുന്നതിനെക്കാള്‍ സി. പി എമ്മിനെ അലോസരപ്പെടുത്തുന്നത് പാര്‍ട്ടിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയമാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയുമായുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് എസ് എഫ് ഐ ഒ അന്വേഷണം നടത്തിയത്. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്നും വീണ വിജയന്‍ ചെയ്യാത്ത സേവനത്തിന്റെ പേരില്‍ മാസപ്പടിയായി 1.72 കോടിയോളം രൂപയുടെ പണമിടപാട് നടത്തിയെന്നാണ് കേസ്. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയത് 185 കോടിയുടെ അഴിമതി നടന്നെന്നാണ്.
കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ആദ്യ ഉത്തരവ് പ്രകാരം ആര്‍ഒസി സംഘം തുടങ്ങിവച്ച വിശദ അന്വേഷണമാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് ഏറ്റെടുത്തത്. വീണയ്‌ക്കെതിരായ മാസപ്പടി കേസില്‍, സിഎംആര്‍എല്ലില്‍ നിന്നും കെഎസ്‌ഐഡിസിയില്‍ നിന്നും നേരത്തെ എസ് എഫ് ഐ ഒ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വീണയുടെ കമ്പനിയായ എക്‌സാലോജിക്കും കെഎസ്‌ഐഡിസിയുമടക്കം അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു. സിഎംആര്‍എല്‍ ആര്‍ക്കൊക്കെ പണം, എന്തിനൊക്കെ പണം നല്‍കിയെന്നത് അന്വേഷിക്കണം എന്നാണ് പരാതിക്കാരനായ ഷോണ്‍ ജോര്‍ജ്ജിന്റെ പ്രധാന ആവശ്യം.
എസ്. എഫ് ഐ ഒ ക്ക് ധാരാളം നടപടിക്രമങ്ങളുണ്ട്. കൃത്യമായ അന്വേഷണത്തിലൂടെ മാത്രമേ കേരളമുഖ്യമന്ത്രിയുടെ മകള്‍ പ്രതിയായ കേസില്‍ അന്വേഷണം നടത്താന്‍ കഴിയുകയുള്ളു. അതിനുള്ള കാലതാമസമാണ് ഉണ്ടായതെന്ന് അവര്‍ പറയുന്നു. ചട്ട പ്രകാരമല്ല കമ്പനി പ്രവര്‍ത്തിച്ചിട്ടുള്ളത്. അക്കാര്യം സൂചിപ്പിക്കാതിരിക്കാന്‍ കഴിയില്ല. റിപ്പോര്‍ട്ടില്‍ സി.എം. ആര്‍. എല്ലിനെതിരെ നടപടി വന്നാലും അത് വീണയെ ബാധിക്കും. കാരണം ചെയ്യാത്ത ജോലിക്കാണ് പ്രതിഫലം വാങ്ങിയിട്ടുള്ളത്. മാത്രവുമല്ല ഇരുവരും ചേര്‍ന്ന് അഴിമതി നടത്തിയെന്നും പറയുന്നു.
ഇത്തരം നടപടികള്‍ മുഖ്യമന്ത്രിയുടെ മകള്‍ എന്ന ആനുകൂല്യം ലഭിച്ചത് കൊണ്ടു മാത്രമാണ് സംഭവിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് സിഎംആര്‍എല്ലുമായി മാസപ്പടിക്ക് പുറമെയും ഇടപാടുകളെന്ന് വിവരവും പുറത്തുവന്നു. വീണയുടെ യാത്ര, താമസ ചെലവുകള്‍ അടക്കം സിഎംആര്‍എല്‍ വഹിച്ചെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വീണാ വിജയനില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വിവരം തേടി.
വീണയുടെ മൊഴി എടുക്കലിന്റെ കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വന്നത്. സിഎംആര്‍എല്ലിന് പുറമെ മറ്റ് പണമിടപാടുകളിലും ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സിഎംആര്‍എല്ലുമായുളള മറ്റ് ഇടപാടുകളിലെ വിവരങ്ങളും നേടിയത്.
എക്സാലോജിക് സൊലൂഷന്‍സ് ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന എസ്.എഫ്.ഐ.ഒ. അന്വേഷണം കോടതിയില്‍ ചോദ്യംചെയ്യുന്നതിന് കെ.എസ്.ഐ.ഡി.സി. എന്ന സര്‍ക്കാര്‍ സ്ഥാപനം ലക്ഷങ്ങളാണ് ചെലവിട്ടത്.ഇത് പുറത്തുവന്ന കണക്കാണ്. പുറത്തുവരാത്ത കണക്ക് എത്രയെന്ന് കണ്ടറിയണം.
ഈ കേസില്‍ കെ.എസ്.ഐ.ഡി.സി.ക്കായി ഹൈക്കോടതിയില്‍ ഹാജരാകുന്ന സുപ്രീംകോടതി അഭിഭാഷകന്‍ സി.എസ്. വൈദ്യനാഥന് ഫീസായി നല്‍കിയത് 82.50 ലക്ഷം രൂപയാണ്. ഹൈക്കോടതിയില്‍ മൂന്നുതവണയാണ് ഇദ്ദേഹം ഹാജരായത്. കേസില്‍ ഇതുവരെ അന്തിമതീരുമാനം ഉണ്ടായിട്ടില്ല. വേനല്‍ അവധിക്കുശേഷം ഹര്‍ജിയില്‍ വിശദമായ വാദംകേള്‍ക്കും.അപ്പോള്‍ ഇനിയും കോടികള്‍ കൊടുക്കും.
എക്സാലോജിക് കമ്പനിക്ക് ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലിനെത്തുടര്‍ന്നാണ് എസ്.എഫ്.ഐ.ഒ. അന്വേഷണം തുടങ്ങിയത്. എന്നാല്‍ സി.എം.ആര്‍.എല്‍. നടത്തിയ ഇടപാടിന്റെ പേരില്‍ തങ്ങള്‍ക്കെതിരേ അന്വേഷണം നടത്തേണ്ടതില്ലെന്നാണ് കെ.എസ്.ഐ.ഡി.സി.യുടെ വാദം.
സി.എം.ആര്‍.എലിന്റെ പണമിടപാടിനെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്ന വാദമാണ് കെ.എസ്.ഐ.ഡി.സി. ഉന്നയിച്ചത്. എന്നാല്‍, സി.എം.ആര്‍.എല്‍. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ കെ.എസ്.ഐ.ഡി.സി.യുടെ പ്രതിനിധിയും ഉള്ള സാഹചര്യത്തില്‍ ഇത്തരമൊരു വാദം ഉന്നയിക്കാനാകുമോ എന്നായിരുന്നു ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതിയുടെ പ്രതികരണം നേരത്തേ ഉണ്ടായിരുന്നു. സര്‍ക്കാര്‍ സ്ഥാപനത്തെ സ്വകാര്യം കമ്പനി ദുരുപയോഗം ചെയ്‌തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതാണ് മുഖ്യമന്ത്രി കസേരക്ക് സംഭവിക്കാന്‍ പോകുന്ന കുരുക്ക്.
എക്‌സാലോജിക്കും സി.എം. ആര്‍ എല്ലും തമ്മില്‍ നടന്ന അഴിമതിയാണ് പുറത്ത് വന്നതെങ്കില്‍ അത് മുഖ്യമന്ത്രിയെ ബാധിക്കുമായിരുന്നില്ല. എന്നാല്‍ കേരളത്തിലെ ഒന്നാം കിട പൊതുമേഖലാ സ്ഥാപനവും ഇപ്പോള്‍ സംശയ നിഴലിലായിരിക്കുന്നു. സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് അഴിമതി നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതാണ് ഏറ്റവും വലിയ കുരുക്ക്. ഇതിന് സര്‍ക്കാര്‍ തന്നെ മറുപടി നല്‍കേണ്ടി വരും. കൂടുതല്‍ അന്വേഷണം വന്നാല്‍ എല്ലാവരും കുരുങ്ങും.
https://www.facebook.com/Malayalivartha

























