സിബിഐ കണ്ടെത്തിയത്... ബാലഭാസ്‌കറിന്റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി അന്വേഷണ ഉദ്യോഗസ്ഥന്‍; സി.ബി.ഐ അഡി. എസ്.പി ടി.പി അനന്തകൃഷ്ണന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു

മരണമടഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബാലഭാസ്‌കറുടെ മരണം ഇപ്പോഴും ചര്‍ച്ചയാണ്. ദേശീയ പാതയില്‍ ആസൂത്രിതമായി കാറപകടമുണ്ടാക്കിയല്ല വയലിനിസ്റ്റ് ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയതെന്നും, പിതാവ് കെ.സി. ഉണ്ണി ആരോപിക്കുന്നതു പോലെ അപകടത്തിന് സ്വര്‍ണക്കടത്ത് ബന്ധമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി.ബി.ഐ അഡി.എസ്.പി ടി.പി അനന്തകൃഷ്ണന്‍ വ്യക്തമാക്കി.
പിന്‍സീറ്റില്‍ കിടന്നുറങ്ങിയ ബാലുവിനെ മാത്രം ലക്ഷ്യമിട്ട് അപകടമുണ്ടാക്കാനാവുമോ? ഇക്കാര്യത്തില്‍ സംശയത്തിന്റെ കണിക പോലും അവശേഷിക്കുന്നില്ല, ബാലുവിനെ കൊന്നതാണെന്നും സി.ബി.ഐ തൃപ്തികരമായ അന്വേഷണം നടത്തിയില്ലെന്നുമുള്ള പിതാവിന്റെ ആരോപണത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ചെന്നൈയില്‍ സി.ബി.ഐ എ.എസ്.പിയാണിപ്പോള്‍ അനന്തകൃഷ്ണന്‍. തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് പ്രതിയായ സ്വര്‍ണക്കടത്ത് ഡി.ആര്‍.ഐ, സി.ബി.ഐ അന്വേഷിച്ച് കുറ്റപത്രം നല്‍കിയതാണ്. ബാലുവിന്റെ മരണത്തിന് എട്ടു മാസത്തിനു ശേഷമുണ്ടായ കേസില്‍ മാനേജരായിരുന്ന പ്രകാശന്‍ തമ്പിയും സുഹൃത്ത് വിഷ്ണു സോമസുന്ദരവും വയലിനിസ്റ്റ് അബ്ദുള്‍ജമീലും പ്രതികളായി.
ബാലുവിന്റെ മരണത്തിന് ശേഷമാണ് സുഹൃത്തുക്കള്‍ സ്വര്‍ണക്കടത്തിലേക്ക് തിരിഞ്ഞതെന്നാണ് കണ്ടെത്തല്‍. ബാലുവിന്റെ കാര്‍ ആറ്റിങ്ങല്‍ കഴിഞ്ഞ് കെ.എസ്.ആര്‍.ടി.സി ബസിനെ മറികടന്നപ്പോഴേ അമിതവേഗത്തിലായിരുന്നു. ഇക്കാര്യം ഭാര്യ ലക്ഷ്മിയും കോടതിയെ അറിയിച്ചിരുന്നു. അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിനിടയാക്കിയത്. പിന്‍സീറ്റില്‍ കിടന്നുറങ്ങുകയായിരുന്ന ബാലു മുന്നോട്ടുതെറിച്ച് രണ്ട് സീറ്റുകള്‍ക്കിടയില്‍ അതിശക്തിയായി ഇടിച്ചതാണ് ഗുരുതരമായത്. ലക്ഷ്മിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടശേഷം ബാലുവിന്റെ ഫോണ്‍ വിളി വിവരങ്ങള്‍ ശാസ്ത്രീയമായി പരിശോധിച്ചപ്പോള്‍ അസ്വാഭാവികമായി ഒന്നുമില്ല.
ബാലുവിന്റെ പേരിലുള്ള പോളിസിയിലെ 93 ലക്ഷം രൂപ ഇന്‍ഷ്വറന്‍സ് തുക നിയമപരമായ അവകാശിക്ക് നല്‍കാന്‍ സി.ബി.ഐ ക്ലിയറന്‍സ് നല്‍കി. തുക ഭാര്യയ്ക്ക് നല്‍കുന്നതില്‍ എതിര്‍പ്പുണ്ടോയെന്ന് എല്‍.ഐ.സി സി.ബി.ഐയോട് ആരാഞ്ഞിരുന്നു. ഇന്‍ഷ്വറന്‍സിന് കേസുമായി ബന്ധമില്ലെന്ന് മറുപടി നല്‍കി. അപകടത്തിന് 8 മാസം മുന്‍പാണ് 82 ലക്ഷത്തിന്റെ പോളിസിയെടുത്തത്.
ബാലുവിന്റെ കാര്‍ ആക്രമിക്കപ്പെട്ടെന്നും അപകടസ്ഥലത്ത് സ്വര്‍ണക്കടത്ത് പ്രതിയെ കണ്ടെന്നുമുള്ള കലാഭവന്‍ സോബിയുടെ മൊഴി കളവാണെന്ന് കണ്ടെത്തി. സമീപത്തെ കോളനിയിലുള്ളവരെത്തി ബാലുവിനെയടക്കം പുറത്തെടുക്കുമ്പോള്‍ കാര്‍ ആക്രമിക്കപ്പെട്ടിരുന്നില്ല. തെറ്റായ വിവരങ്ങള്‍ നല്‍കിയതിനും വ്യാജതെളിവു നല്‍കി അന്വേഷണം വഴിതെറ്റിച്ചതിനും സോബിക്കെതിരെ കേസെടുത്തു. ഡ്രൈവര്‍ അര്‍ജ്ജുനാണ് ഏക പ്രതി. അപകടകരമായി വാഹനമോടിച്ചതിനും മരണത്തിനിടയാക്കിയതിനും മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കും കേസെടുത്തു.
തേസമയം വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടം ആസൂത്രിതമാണെന്ന് തോന്നിയിട്ടില്ലെന്ന് ഭാര്യ ലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. അങ്ങനെ എന്തെങ്കിലും സൂചന ലഭിച്ചിരുന്നെങ്കില്‍ അതിനെതിരെ പ്രതികരിക്കുമായിരുന്നു. ആര്‍ക്കും സമ്മര്‍ദം ചെലുത്തി തന്നെ നിശബ്ദയാക്കാനാകില്ല. എന്തെങ്കിലും സംശയം തോന്നിയാല്‍ ഏതറ്റംവരെയും താന്‍ പോകുമായിരുന്നുവെന്നും ലക്ഷ്മി പറഞ്ഞു. അര്‍ജുന്‍ മൊഴിമാറ്റിയത് തന്നെ ഞെട്ടിച്ചെന്നു പറഞ്ഞ ലക്ഷ്മി, ഇതുവരെയുള്ള അന്വേഷണത്തില്‍ തനിക്ക് വിശ്വാസമുണ്ടെന്നും വ്യക്തമാക്കി.
മരണത്തിന് ഇടയാക്കിയ വാഹനാപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെയാണ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സമയത്ത് അര്‍ജുന്‍ തന്നെ ഇക്കാര്യം ബാലഭാസ്‌ക്കറിന്റെ സുഹൃത്തുക്കളോട് സമ്മതിച്ചിരുന്നു. ഉറങ്ങിപ്പോയതുകൊണ്ടാണ് അപകടം സംഭവിച്ചതെന്ന് പറഞ്ഞ് കരഞ്ഞിരുന്നു. അപകടശേഷം അവസാനമായുള്ള ഓര്‍മയില്‍ ഡ്രൈവര്‍ സീറ്റില്‍ അര്‍ജുന്‍ പകച്ച് ഇരിക്കുന്നതാണ് താന്‍ കണ്ടത്. പിന്നീട് അര്‍ജുന്‍ മൊഴി മാറ്റുകയായിരുന്നു. ആദ്യദിനങ്ങളില്‍ കുറ്റസമ്മതം നടത്തിയ അര്‍ജുന്‍ പിന്നെ ആരു പറഞ്ഞിട്ടാണ് മൊഴിമാറ്റിയതെന്ന് അറിയില്ല. ബാലു മരിച്ചു, താനും ജീവനോടെയുണ്ടായേക്കില്ലെന്ന് കരുതി സ്വയം രക്ഷപ്പെടാനാകണം അര്‍ജുന്‍ മൊഴി മാറ്റിയതെന്നും ലക്ഷ്മി പറഞ്ഞു.
"
https://www.facebook.com/Malayalivartha

























