എംഎല്‍എ ഉമാ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതി; ആശുപത്രിയില്‍ നിന്നും മന്ത്രി ആര്.ബിന്ദുവുമായും വീഡിയോ കോളില്‍ സംസാരിച്ചു

കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ സ്റ്റേജില്‍ നിന്നും വീണ് സാരമായി പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമാ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. ആശുപത്രിയില്‍ നിന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്.ബിന്ദുവുമായും വീഡിയോ കോളില്‍ സംസാരിക്കുന്നതിന്റെ വീഡിയോ എംഎല്‍എയുടെ ഫേസ്ബുക്കില്‍ പങ്കുവെച്ചു. തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ രാധാമണി പിള്ള, മറ്റ് സഹപ്രവര്‍ത്തകര്‍ എന്നിവരുമായി ഉമ തോമസ് നടത്തിയ വീഡിയോ കോള്‍ ദൃശ്യങ്ങളും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.
ഇപ്പോള്‍ കുറച്ച് ആശ്വാസമുണ്ടെന്നും വരുന്ന നിയമസഭാ സമ്മേളനത്തില്‍ ചിലപ്പോ പങ്കെടുക്കില്ലെന്നും, മിനിസ്റ്റര്‍ വന്നതില്‍ സന്തോഷമെന്നും വീഡിയോ കോളില്‍ ഉമാ തോമസ് പറയുന്നുണ്ട്. ഉമാ തോമസ് എംഎല്‍എയെ മുറിയിലേക്ക് മാറ്റി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 11-ാം ദിവസമാണ് ഉമാ തോമസിനെ മുറിയിലേക്ക് മാറ്റുന്നത്. തലച്ചോറിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യനിലയില്‍ ഉണ്ടായ മികച്ച പുരോഗതിയാണ് ഇന്ന് റൂമിലേക്ക് മാറ്റാനുണ്ടായ സാഹചര്യം.
ഇന്ന് ഉച്ചയോടെയാണ് ഉമാത തോമസിനെ റൂമിലേക്ക് മാറ്റിയത്. ഗുരുതരമായി പരിക്കേറ്റ എംഎല്‍എയെ ആദ്യം വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ഉമാ തോമസ് പരസഹായത്തോടെ നടന്നു തുടങ്ങിയെന്നും അപകടനില തരണം ചെയ്തെങ്കില്‍കൂടി അണുബാധയുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ആവശ്യമായതിനാല്‍ സന്ദര്‍ശകരെ അനുവദിക്കുന്നതല്ലെന്നും കുടുംബം ഫേസ്ബുക്കിലൂടെ അറിയിച്ചു.
'മിനിസ്റ്ററേ..
ഇപ്പൊ കുറച്ചു ആശ്വാസൊണ്ട്..,
വരുന്ന അസംബ്ലി സെഷനില്‍ ചിലപ്പോ ഉണ്ടാവില്ല,
മിനിസ്റ്റര്‍ വന്നതില്‍ സന്തോഷം'...
ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീമതി R. ബിന്ദു, തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി രാധാമണി പിള്ള, മറ്റ് പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ എന്നിവരുമായി ഹോസ്പിറ്റല്‍ മുറിയില്‍ നിന്നും നടത്തിയ വീഡിയോ കോള്‍...' ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
https://www.facebook.com/Malayalivartha

























