പെരിയ ഇരട്ടക്കൊലക്കേസില്‍ നിയമ പോരാട്ടത്തിനായി വീണ്ടും പണപ്പിരിവിന് നീക്കവുമായി സിപിഎം

പെരിയ ഇരട്ടക്കൊലക്കേസില്‍ നിയമ പോരാട്ടത്തിനായി വീണ്ടും പണപ്പിരിവിന് നീക്കവുമായി സിപിഎം. കാസര്‍കോട് ജില്ലയിലെ പാര്‍ട്ടി അംഗങ്ങളോട് 500 രൂപ വീതം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്പെഷല്‍ ഫണ്ടെന്ന പേരിലാണ് പണം പിരിക്കുന്നത്. രണ്ട് കോടി രൂപ ഈ രീതിയില്‍ സമാഹരിക്കാനാണ് ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
ജോലിയുള്ള സിപിഎം അംഗങ്ങള്‍ ഒരു ദിവസത്തെ ശമ്പളം നല്‍കണം. പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും ഒരു ദിവസത്തെ ശമ്പളം നല്‍കണം. ശിക്ഷിക്കപ്പെട്ട നേതാക്കള്‍ അടക്കമുള്ളവര്‍ക്കായി നിയമപോരാട്ടം നടത്താനാണ് പണപ്പിരിവ്.
നേരത്തെ കേസിലെ നാല് പ്രതികള്‍ ജയില്‍മോചിതരായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ ഉദുമ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍, പ്രാദേശിക സിപിഎം നേതാക്കളായ കെ മണികണ്ഠന്‍, വെലുത്തോളി രാഘവന്‍, കെവി ഭാസ്‌കരന്‍ എന്നിവരാണ് പുറത്തിറങ്ങിയത്. കേസില്‍ ശിക്ഷാവിധിയില്‍ സ്റ്റേ കിട്ടിയതിന് പിന്നാലെയാണ് ജയില്‍മോചനം.
പ്രതികളെ സ്വീകരിക്കാനായി സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് എംവി ജയരാജന്‍, കാസര്‍കോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്‍, സിപിഎം സംസ്ഥാന സമിതി അംഗം സതീഷ് ചന്ദ്രന്‍ തുടങ്ങിയവര്‍ ണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയിരുന്നു.
ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മരവിപ്പിച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്. ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. 5 വര്‍ഷം തടവും 10,000 രൂപവീതം പിഴയുമാണ് ഇവര്‍ക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ.
കേസില്‍ സിബിഐയുടെ വിചാരണ കോടതി ഉത്തരവിനെതിരെ കുഞ്ഞിരാമന്‍ അടക്കമുള്ളവര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. പിന്നാലെ 14-ാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.മണികണ്ഠന്‍, 20-ാം പ്രതി ഉദുമ മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍, 21-ാം പ്രതി രാഘവന്‍ വെളുത്തോളി എന്ന രാഘവന്‍ നായര്‍, 22-ാം പ്രതി കെ.വി.ഭാസ്‌കരന്‍ എന്നിവരുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിക്കുകയായിരുന്നു.
ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്ത പ്രതിയെ പൊലീസ് കസ്റ്റഡിയില്‍നിന്ന് കടത്തിക്കൊണ്ടു പോയി എന്നതാണ് 4 പേരെയും ശിക്ഷിക്കാന്‍ കാരണമായത്. ഇവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നു.
കുറ്റകൃത്യം നടത്തിയ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിച്ചതായിരുന്നു ഇവര്‍ക്കെതിരെയുള്ള കുറ്റം. അതേസമയം ഡിവിഷന്‍ ബെഞ്ച് ഉത്തരവ് കോടതി ഉദ്യോഗസ്ഥന്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ച ശേഷമേ നാലുപേര്‍ക്കും പുറത്തിറങ്ങാന്‍ സാധിക്കുകയുള്ളൂ.
നേരത്തെ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതി, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യ എന്നിവര്‍ ജയിലിലെത്തി എല്ലാ പ്രതികളെയും സന്ദര്‍ശിച്ചിരുന്നു. മനുഷ്യത്വത്തിന്റെ പേരിലാണ് ഇവരെ സന്ദര്‍ശിച്ചതെന്നു ശ്രീമതി പറഞ്ഞു.
കാസര്‍ഗോഡ് കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ലാല്‍ എന്നിവരെ വെട്ടിക്കൊന്ന കേസില്‍ 10 പ്രതികള്‍ക്ക് വിചാരണക്കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. 2 ലക്ഷം രൂപ പിഴയും നല്‍കണം. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്.
ആറ് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ഒടുവിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിലെ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പത്ത് പ്രതികള്‍ക്കെതിരെ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളായിരുന്നു ചുമത്തിയിരിക്കുന്നത്. എന്നാല്‍ മറ്റ് പത്ത് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.
ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റവും ഗൂഢാലോചനയും തെളിഞ്ഞിട്ടുണ്ട്. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കമുള്ളവര്‍ കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത്. കുറ്റക്കാരായ 16 പേരില്‍ ആറ് പേര്‍ സിപിഎമ്മിന്റെ പ്രധാന നേതാക്കളാണ്.
മുഖ്യ ആസൂത്രകന്‍ സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം എ പീതാംബരന്‍, കൊലപാതകം കൃത്യം നടത്തിയ സജി സി. ജോര്‍ജ് (സജി), കെ.എം. സുരേഷ്, കെ. അനില്‍ കുമാര്‍ (അബു), ജിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി) എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞത്.
കൂടാതെ ടി. രഞ്ജിത്ത്, കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), എ. സുരേന്ദ്രന്‍ (വിഷ്ണു സുര), കെ.വി. കുഞ്ഞിരാമന്‍ (ഉദുമ മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), കെ. വി. ഭാസ്‌കരന്‍ എന്നിവരാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റ് പ്രതികള്‍.
2019 ഫെബ്രുവരി 17-നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ട് ശരത് ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതിയും സിപിഎം മുന്‍ ലോക്കല്‍ക്കമ്മിറ്റിയംഗം എ.പീതാംബരനള്‍പ്പെടെ 14 പേരെ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തിരുന്നത്. മുന്‍ എം എല്‍ എ കെ.വി.കുഞ്ഞിരാമന്‍ ഉള്‍പ്പെടെ പത്തുപേരെ സി.ബി.ഐയുമാണ് അറസ്റ്റു ചെയ്തത്.
https://www.facebook.com/Malayalivartha