രണ്ടും കല്‍പ്പിച്ച് സഭയിലേക്ക്... കേരളത്തിലെ തന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഇന്ന് നടത്തും; കേന്ദ്ര നയങ്ങള്‍ക്കെതിരെയുള്ള ഭാഗങ്ങള്‍ വായിക്കുമോ എന്ന ആകാംക്ഷ

സംഭവ ബഹുലമായ മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനിന് ശേഷം രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഇന്ന് നിയമസഭയില്‍ എത്തുകയാണ്. കേരളത്തിലെ തന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഇന്നു നിയമസഭയില്‍ നിര്‍വഹിക്കും. സര്‍ക്കാര്‍ തയാറാക്കി മന്ത്രിസഭ അംഗീകരിച്ചു നല്കിയ പ്രസംഗം ഗവര്‍ണര്‍ അതേപടി അംഗീകരിച്ചെന്നും മാറ്റങ്ങളൊന്നും നിര്ദേശിച്ചിട്ടില്ലെന്നുമാണു വിവരം. അതേസമയം കേന്ദ്ര നയങ്ങള്‍ക്കെതിരെയുള്ള ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ അത് വായിക്കുമോ എന്ന ആകാംക്ഷയുമുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പു വര്‍ഷമായതിനാല്‍ സര്‍ക്കാരില്‍നിന്നു ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കു സാധ്യതയുണ്ട്. സഭാ സമ്മേളനം ആരംഭിക്കുന്ന ഇന്നു രാവിലെ 9നാണു നയപ്രഖ്യാപന പ്രസംഗം. ആദ്യമായി കേരള നിയമസഭയിലെത്തുന്ന ഗവര്‍ണറെ മുഖ്യമന്ത്രിയും സ്പീക്കറും പാര്‍ലമെന്ററികാര്യ മന്ത്രിയും ചേര്‍ന്നു സ്വീകരിക്കും. നയപ്രഖ്യാപന പ്രസംഗത്തിനുശേഷം പിരിയുന്ന സഭ തിങ്കളാഴ്ച വീണ്ടും ചേരും.
അതേസമയം സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്കെതിരെയുള്ള നിയമപോരാട്ടത്തിന് സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത് 75 ലക്ഷത്തോളം രൂപ. സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് ഒന്നരകോടിയിലേറെ രൂപ പ്രതിമാസം നല്‍കുമ്പോഴാണ് പുറമേ നിന്നുള്ളവര്‍ക്ക് ഇത്രയും തുക ചെലവാക്കിയത്. അധ്യാപക നിയമനത്തിന് കോഴ വാങ്ങിയെന്ന കേസില്‍ കെ.എം.ഷാജിക്കെതിരെ 11 ലക്ഷം രൂപ മുടക്കിയാണ് പുറമെ നിന്നും അഭിഭാഷകനെ കൊണ്ടുവന്നത്.
പ്രമാദമായ പല കേസുകളിലും സംസ്ഥാന സര്‍ക്കാറിന് വേണ്ടി വാദിക്കാന്‍ പുറമേ നിന്നുള്ള അഭിഭാഷകര്‍ എത്താറുണ്ട്. ലക്ഷങ്ങളാണ് ഇങ്ങനെ ഹാജരാകുന്ന അഭിഭാഷകര്‍ക്ക് നല്‍കാറുള്ളത്. ഇത്തരത്തില്‍ പുറമേ നിന്നുള്ള അഭിഭാഷകര്‍ ഹാജരായ രണ്ട് കേസുകളുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്.
വൈസ് ചാന്സുകള് നിയമനവുമായി ബന്ധപ്പെട്ട് ചാന്‍സിലര്‍ കൂടിയായ മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി തുടര്‍ച്ചയായ നിയമ പോരാട്ടങ്ങള്‍ നടന്നിരുന്നു. ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന അഭിഭാഷകരാണ് ഹാജരായതെങ്കിലും സുപ്രീംകോടതിയിലെത്തിയപ്പോള്‍ കഥ മാറി. 2022 മുതല്‍ 24 വരെ മുതിര്‍ന്ന അഭിഭാഷകരായ ജയദീപ് ഗുപ്ത, കെ.കെ.വേണുഗോപാല്‍ എന്നിവരാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഈ കേസുകളില്‍ സുപ്രീംകോടതിയില്‍ ഹാജരായത്.
എഴുപതിനാല് ലക്ഷത്തി എഴുപതിനായിരം രൂപയാണ് ഫീസിനത്തില്‍ ഇവര്‍ക്ക് നല്‍കിയത്. അധ്യാപക നിയമനത്തിന് കോഴ വാങ്ങിയെന്ന കേസില്‍ കെ.എം.ഷാജിക്കെതിരെ ഹാജരായ മുതിര്‍ന്ന അഭിഭാഷകന് നീരജ് കിഷന് കൗളിന് 11 ലക്ഷം രൂപയാണ് നല്‍കിയതെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു.
സംസ്ഥാന സര്‍ക്കാരിന് സ്വന്തമായി 138 അഭിഭാഷകരുണ്ട്. ഇവര്‍ക്ക് പ്രതിമാസം ഒരുകോടി അമ്പത്തിയഞ്ച് ലക്ഷത്തി മുപ്പതിനായിരം രൂപയാണ് ശമ്പളമായി നല്‍കുന്നത്. എന്നിട്ടാണ് കേസ് വാദിക്കാന്‍ പുറമേ നിന്നും അഭിഭാഷകരെ കൊണ്ടുവരുന്നത് എന്നാണ് വിമര്‍ശനം.
അതേസമയം, സംസ്ഥാന സര്‍ക്കാരിനെതിരെ വാദിക്കാന്‍ പുറമേ നിന്നും അഭിഭാഷകരെ കൊണ്ടുവന്ന വകയില്‍ ആരിഫ് മുഹമ്മദ് ഖാന്റെ കാലത്ത് എത്ര രൂപ ചിലവായെന്ന ചോദ്യത്തിന് അത് ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല എന്നാണ് രാജഭവന്റെ മറുപടി.
അതേസമയം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ചുമതല ഗവര്‍ണര്‍ക്കാണെന്നും ഇതില്‍ രണ്ട് അഭിപ്രായമില്ലെന്നും കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ വ്യക്തമാക്കി. യുജിസി ആവര്‍ത്തിച്ച് പറയും മുന്‍പ് കോടതികള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്. വിഷയത്തില്‍ ഏതെങ്കിലും രീതിയില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ അവയെല്ലാം പരിഹരിച്ച് കേരള സര്‍ക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha

























