വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പെട്ട് കാണാതായവരുടെ പട്ടിക അംഗീകരിച്ചു; ഉരുള്‍പൊട്ടലില്‍ ഇതുവരെ തിരിച്ചറിയാത്തത് 32 പേരെ; ആനുകൂല്യങ്ങള്‍ ബന്ധുക്കള്‍ക്ക് ലഭിക്കും

വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പെട്ട് കാണാതായവരുടെ പട്ടിക അംഗീകരിച്ചു. ഇതുവരെയും തിരിച്ചറിയാത്ത 32 പേരുടെ പട്ടികയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്. വരെ ദുരന്തത്തില്‍ മരണപ്പെട്ടവരായി കണക്കാക്കി സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. ദുരന്തത്തില്‍ ഉള്‍പ്പെട്ട 231 മൃതദേഹങ്ങളും 223 മൃതദേഹ ഭാഗങ്ങളും അടക്കം മൊത്തം 454 മൃതദേഹം/ഭാഗങ്ങള്‍ ആണ് ഇതുവരെ കണ്ടെടുത്തത്.
ഇതില്‍ ആദ്യ ദിവസം തിരിച്ചറിഞ്ഞു ബന്ധുക്കള്‍ക്കു വിട്ടുകൊടുത്ത 19 മൃതദേഹങ്ങളും ഡിഎന്‍എ സാംപിളുകള്‍ ശേഖരിക്കാന്‍ കഴിയാത്ത മൂന്നു മൃതദേഹ ഭാഗങ്ങളും ഒഴികെ ബാക്കി 432 മൃതദേഹം/ഭാഗങ്ങളില്‍നിന്നു ഡിഎന്‍എ സാംപിളുകള്‍ ശേഖരിച്ചിരുന്നു.
കണ്ണൂര്‍ റീജിയനല്‍ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലാണ് ആദ്യ ഘട്ടത്തില്‍ ഡിഎന്‍എ പരിശോധന നടത്തിയത്. 77 പേരെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. കണ്ണൂര്‍ ഫൊറന്‍സിക് സയന്‍സ് ലാബില്‍ തിരിച്ചറിയാന്‍ കഴിയാതിരുന്ന 209 മൃതദേഹം/ഭാഗങ്ങള്‍ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയിലേക്കു പരിശോധനക്കയച്ചു.
അവിടെ നടത്തിയ പരിശോധനയില്‍ ദുരന്തത്തില്‍ കാണാതായ 22 പേരെ കൂടി തിരിച്ചറിഞ്ഞു. 99 പേരെ ഡിഎന്‍എ പരിശോധനയിലൂടെയാണു തിരിച്ചറിഞ്ഞത്. ദുരന്തത്തില്‍ മരിച്ച 167 പേരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു. മൊത്തം 266 പേരെയാണു തിരിച്ചറിഞ്ഞത്. ദുരന്തത്തില്‍ ഉള്‍പ്പെട്ടു കാണാതായ ബാക്കിയുള്ള 32 പേരുടെ പട്ടികയാണ് അംഗീകരിച്ചത്. ദുരന്തത്തില്‍ 298 പേര് മരിച്ചതായാണു കണക്കാക്കുന്നത്.
സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വെള്ളരിമല വില്ലേജ് ഓഫിസര്‍, മേപ്പാടി പഞ്ചായത്ത് സെക്രട്ടറി, മേപ്പാടി സ്റ്റേഷന് ഹൗസ് ഓഫിസര്‍ എന്നിവര്‍ ചേര്‍ന്നു തയാറാക്കിയ പട്ടികയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്. ലിസ്റ്റ് ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, റവന്യൂ ആന്‍ഡ് ദുരന്ത നിവാരണം പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ അടങ്ങിയ സംസ്ഥാനതല സമിതി പരിശോധിക്കും.
അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവരെ ദുരന്തത്തില്‍ മരിച്ചവരായി കണക്കാക്കി സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. സര്‍ക്കാര്‍ ഉത്തരവിന്റ അടിസ്ഥാനത്തില്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കു നല്‍കിയിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും ഇവരുടെ ബന്ധുക്കള്‍ക്കു നല്‍കും. ഇവരുടെ മരണം റജിസ്റ്റര്‍ ചെയ്യാന്‍വേണ്ട നടപടിക്രമങ്ങളും സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്.
അതേസമയം മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം അതിതീവ്ര ദുരന്തമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജൂലൈ 30നായിരുന്നു മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ഉണ്ടായത്. അന്ന് മുതല്‍ തന്നെ ഇതിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നായിരുന്നു കേരളം ആദ്യം ആവശ്യപ്പെട്ടത്.
ചൂരല്‍മല- മുണ്ടക്കൈ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ദേശീയ ദുരന്ത നിവാരണ ഫണ്ടിന് പുറമേ കൂടുതല്‍ ഫണ്ട് ലഭിക്കണമെങ്കില്‍ തീവ്ര ദുരന്തമായി പ്രഖ്യാപിക്കേണ്ടതുണ്ട്. എന്നാല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്ന രീതി ഇപ്പോള്‍ ഇല്ല എന്ന് കേന്ദ്രം അറിയിച്ചതിനെ തുടര്‍ന്ന് അതിതീവ്രദുരന്തമായി പ്രഖ്യാപിക്കണമെന്നായി പിന്നീട് കേരളത്തിന്റെ ആവശ്യം. ആ ആവശ്യം അംഗീകരിച്ച് അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha

























