പുലിവാലുപിടിക്കാന്‍ താനില്ലെന്ന് മോഹന്‍ലാല്‍

സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ തനിക്ക് സമ്മാനിച്ച വിന്റേജ് ക്യാമറ തിരിച്ചുകൊടുക്കാന്‍ നടന്‍ മോഹന്‍ലാല്‍ ഒരുങ്ങുന്നു. 1978 - ല്‍ ലാലിന്റെ ആദ്യചിത്രമായ ‘തിരനോട്ടം’ ചിത്രീകരിച്ച മൂവിക്യാമറയാണ് ലാലിന് വില്ലനായി മാറിയത്. പ്രവര്‍ത്തനരഹിതമായ ക്യാമറ ചലച്ചിത്രവികസന കോര്‍പ്പറേഷന്റെ കൈയ്യിലാണുള്ളത്. ക്യാമറ തനിക്ക് നല്‍കണമെന്ന് ലാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് അഭ്യര്‍ത്ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ ക്യാമറ ലാലിന് നല്‍കിയത്.
എന്നാല്‍ ക്യാമറ നല്‍കിയത് ചട്ടവിരുദ്ധമാണെന്ന് കാണിച്ച് ഒരാള്‍ കോടതിയെ സമീപിച്ചു. ഇക്കാര്യം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ക്യാമറ പ്രവര്‍ത്തനരഹിതമാണെന്നും അതിന് പുരാവസ്‌തുപരമായ പ്രാധാന്യമില്ലെന്നും കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സാബുചെറിയാന്‍ അറിയിച്ചു. പഴയ ക്യാമറക്ക് പകരം പുതിയൊരണ്ണം ലാല്‍ കോര്‍പ്പറേഷന് വാങ്ങി നല്‍കിയതായും സാബുചെറിയാന്‍ പറഞ്ഞു.
തിരനോട്ടത്തിന്റെ സംവിധായകന്‍ അശോക് കുമാറിന്റെയും ഛായാഗ്രാഹകന്‍ എസ്. കുമാറിന്റെയും സാന്നിദ്ധ്യത്തിലാണ് മോഹന്‍ലാലിന് സര്‍ക്കാര്‍ ക്യാമറ കൈമാറിയത്. എന്നാല്‍ സര്‍ക്കാര്‍ സാധനം ഒരാള്‍ക്ക് എങ്ങനെ സൗജന്യമായി നല്‍കിയെന്നാണ് ചോദ്യം. ഏതായാലും വിവാദത്തിന് താനില്ലെന്നും ക്യാമറ മടക്കി നല്‍കാമെന്നുമാണ് താരത്തിന്റെ നിലപാട്.
https://www.facebook.com/Malayalivartha