സര്‍ക്കാര്‍ ചിലവില്‍ മന്ത്രിമാര്‍ ഫോണ്‍ വിളിച്ച് ചെലവഴിച്ചത് കോടികള്‍

ഫോണ്‍ വിളിച്ച വകയില്‍ കോടികളുടെ കണക്കുമായി കേരള സര്‍ക്കാര്‍. സര്‍ക്കാര്‍ ഫോണുകള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപത്തിനിടെ മുഖ്യമന്ത്രിയും മന്ത്രിമാരും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഫോണ്‍ വിളിക്ക് ചെലവഴിച്ച തുക പുറത്തുവന്നു. 1,26,39,067 രൂപയാണ് ചെലവഴിച്ചത്.
മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് വിപ്പുമടക്കം 25 പേരുടെ ഫോണ്‍ ബില്‍ ആണ് ഇത്. ഇക്കാലയളവില്‍ മന്ത്രിമാരുടെ മൊബൈല്‍ ഫോണ്‍ ബില്‍ 26,14,550 രൂപയും ലാന്‍ഡ് ഫോണ്‍ ബില്‍ 1,00,24,517 രൂപയുമാണ്. മൊബൈല്‍ ഫോണ്‍വിളിയില്‍ മുമ്പന്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണനാണ്. 26,6277 രൂപയുടെ മൊബൈല്‍ ഉപയോഗമാണ് മന്ത്രി നടത്തിയത്. 10,81,604 രൂപയാണ് മുഖ്യമന്ത്രിയുടെ ലാന്‍ഡ് ഫോണ്‍ ബില്‍. ക്ലിഫ് ഹൗസിലെ രണ്ട് നമ്പറുകളില്‍ നിന്നടക്കം സരിത എസ്. നായരെ സര്‍ക്കാര്‍ ഫോണുകളില്‍ നിന്നും വിളിച്ചിരുന്നതായി തെളിവു സഹിതം സോളര്‍ കമ്മിഷന്‍ പുറത്തു വിട്ടിരുന്നു.
മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമായി അഞ്ചുവര്‍ഷത്തിനിടെ ചെലവാക്കിയത് 100 കോടി രൂപ. അറുന്നൂറു പേരിലധികം വരുന്ന, മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനു നല്‍കിയ ശമ്പളവും ആനുകൂല്യങ്ങളും കൂടി കണക്കാക്കിയുള്ള ചെലവാണ് ഇത്. ഈ അഞ്ചു വര്‍ഷത്തിനുള്ളില്‍ മന്ത്രിമാര്‍ക്കുവേണ്ടി 25 കോടി രൂപയും, എം.എല്‍.എമാര്‍ക്ക് 57.75 കോടി രൂപ യുമാണ് ചെലവഴിച്ചത്. കണക്കുകള്‍ പ്രകാരം മന്ത്രിമാരുടെ വിമാനയാത്രയ്ക്ക് ചെലവിട്ടത് 2.75 കോടിയാണ്. അതിഥി സല്‍ക്കാരം രണ്ടു കോടി. വാഹനം വാങ്ങിയ ഇനത്തില്‍ മൂന്നു കോടി. വൈദ്യുതി ചെലവ് 1.96 കോടി. എം.എല്‍.എമാരുടെ ചികിത്സ 4.49 കോടി രൂപ. മന്ത്രിമാരുടെ ചികിത്സയ്ക്ക് 96 ലക്ഷം രൂപയും ചെലവാക്കി. യാത്രാ ബത്ത ഇനത്തില്‍ ഇവര്‍ തന്നെവാങ്ങിയത് 7.77 കോടി രൂപയാണ്. മന്ത്രിമാരില്‍ വാഹനങ്ങള്‍ വാങ്ങിയതില്‍ ഒന്നാമത് പി.കെ. ജയലക്ഷ്മിയാണ്. ഇബ്രാഹിം കുഞ്ഞും തിരുവഞ്ചൂരുമാണ് ഇതില്‍ രണ്ടാം സ്ഥാനത്തുള്ളത്. പി.ജെ. ജോസഫ് ആണ് വിമാനയാത്രക്കൂലിയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്. പി.കെ. കുഞ്ഞാലിക്കുട്ടി രണ്ടാം സ്ഥാനത്തും.
കെ.എം. മാണിക്കാണ് അതിഥിസല്‍ക്കാരത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി രണ്ടാം സ്ഥാനത്തുണ്ട്. ഏറ്റവും കുറവ് ഹാജര്‍ നിലയുള്ള എ.കെ. ശശീന്ദ്രനാണ് എം.എല്‍.എമാരില്‍ ഏറ്റവും കൂടുതല്‍ യാത്രച്ചെലവ് കൈപ്പറ്റിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha