മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയര്‍ത്തിക്കാട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കടത്തി വെട്ടി കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ പേര് ഉയര്‍ന്ന വരുകയും രാഹുല്‍ ഗാന്ധിയുടെ നോമിനിയായി സുധീരന്‍ മുഖ്യമന്ത്രി കസേരയിലേക്കെത്തുമെന്നുള്ള വാര്‍ത്തകള്‍ ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ പുതിയ പ്രസ്താവനയുമായി രമേശ് ചെന്നിത്തല രംഗത്ത്.
നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയര്‍ത്തിക്കാട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇങ്ങനെയൊരു പാരമ്പര്യം കോണ്‍ഗ്രസിനില്ല. നേതാക്കള്‍ കൂട്ടായ തിരഞ്ഞെടുപ്പിനെ നേരിടും. ജയസാധ്യതയും ജനസമ്മിതിയുമാവും മാനദണ്ഡമെന്നും ചെന്നിത്തല പറഞ്ഞു.
ബിഡിജെസുമായി ചര്‍ച്ച നടത്തുന്ന കാര്യം ഇപ്പോള്‍ പരിഗണിനയിലില്ല. നിലവില്‍ യുഡിഎഫിനകത്തുള്ള കക്ഷികളുമായി മാത്രമാണ് ചര്‍ച്ച നടത്തുന്നത്. നാലു തവണ ജയിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന ധാരണ ഉണ്ടായിട്ടില്ല. പി.പി.തങ്കച്ചന്‍ ഉദ്ദേശിച്ചത് യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നാണെന്നും ചെന്നിത്തല വ്യക്തമാക്കി.
അതേസമയം, തിരഞ്ഞെടുപ്പ് സംബന്ധിച്ച് പരസ്യപ്രസ്താവനകള്‍ നടത്തുന്നതിന് എഐസിസി വിലക്കേര്‍പ്പെടുത്തി. സ്വയം പ്രഖ്യാപനങ്ങള്‍ നടത്തരുതെന്നും നിര്‍ദേശമുണ്ട്.
കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിനു താഴെത്തട്ടു മുതല്‍ ചര്‍ച്ച നടത്താന്‍ കേരള നേതാക്കളും ഹൈക്കമാന്‍ഡ് പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാമുഖ്യമുള്ളതായിരിക്കും സ്ഥാനാര്‍ഥി പട്ടിക. ജയസാധ്യതയും ജനസ്വീകാര്യതയുമായിരിക്കും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ മുഖ്യ മാനദണ്ഡങ്ങള്‍. താഴെത്തട്ടു മുതല്‍ ചര്‍ച്ച എന്ന നിര്‍ദേശം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍തന്നെ നേതൃത്വത്തിനു മുന്നില്‍ വയ്ക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha