തിരഞ്ഞെടുപ്പ് സ്‌പെഷ്യല്‍; ബിജെപി കേന്ദ്രത്തെക്കൊണ്ടു സഹായപദ്ധതികള്‍ പ്രഖ്യാപിപ്പിച്ച് പ്രചാരണത്തിന് ആക്കം കൂട്ടാനൊരുങ്ങുന്നു

നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് കേരളത്തിനുവേണ്ടി കേന്ദ്രത്തെക്കൊണ്ടു സഹായപദ്ധതികള്‍ പ്രഖ്യാപിപ്പിച്ച് പ്രചാരണത്തിന് ആക്കം കൂട്ടാന്‍ ബിജെപി പദ്ധതി. ലോക്‌സഭാ സമ്മേളനത്തില്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണു കരുതപ്പെടുന്നത്. ഇതിനു കളമൊരുക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസും ഡല്‍ഹിയിലെത്തി.
തിരഞ്ഞെടുപ്പു നേരിടാന്‍ ബിജെപി കേരള ഘടകം സജ്ജമായെന്നും ഇനി കേരളത്തിനായി കേന്ദ്രത്തിന്റെ
പദ്ധതികളാണ് വേണ്ടതെന്നും ബിജെപി നേതൃത്വവും സംസ്ഥാന ആര്‍എസ്എസ് ഘടകവും ദേശീയ അധ്യക്ഷന്‍ അമിത്ഷായെ ബോധ്യപ്പെടുത്തിയിരുന്നു. അമിത്ഷായുടെ നിര്‍ദേശപ്രകാരം കുമ്മനവും കൃഷ്ണദാസും ഇന്നലെയും ഇന്നുമായി 12 കേന്ദ്ര മന്ത്രിമാരുമായി ചര്‍ച്ച പൂര്‍ത്തിയാക്കും. ഇന്നലെ മഹേഷ് ശര്‍മ, വെങ്കയ്യനായിഡു, ജിതേന്ദ്രസിങ്, ഉമാഭാരതി എന്നിവരെ കണ്ടു. നിര്‍മലാ സീതാരാമന്‍ ഉള്‍പ്പെടെ എട്ടു മന്ത്രിമാരെ ഇന്നു കാണുന്നുണ്ട്.
റബര്‍ പാക്കേജ്, ശബരിമല ആക്ഷന്‍ പ്ലാന്‍, പമ്പ പദ്ധതി, ഏലം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ അനുകൂല പ്രഖ്യാപനമുണ്ടായേക്കും. നഗരങ്ങളുടെ സൗകര്യം വര്‍ധിപ്പിച്ച് ഹെറിറ്റേജ് നഗരങ്ങളുടെ യാത്രാസര്‍ക്യൂട്ട് ഉണ്ടാക്കുന്ന ഹൃദയ് പദ്ധതിയില്‍ കേരളത്തിലെ ഒരു നഗരത്തെ പെടുത്താനും സാധ്യതയുണ്ട്. മാറാട് കേസിലും ടിപി വധക്കേസ് ഗൂഢാലോചനയിലും സിബിഐ അന്വേഷണം വൈകരുതെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബിജെപി കേരള ഘടകം കേന്ദ്രസര്‍ക്കാരിനു നേരത്തെ സമര്‍പ്പിച്ചിട്ടുള്ള 12 പ്രധാന പദ്ധതികളില്‍ പകുതിയിലെങ്കിലും ഈ ലോക്‌സഭാ സമ്മേളനത്തില്‍ പ്രഖ്യാപനമുണ്ടാക്കാനാണ് കുമ്മനം രാജശേഖരന്‍ ശ്രമിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളും കേരളത്തിനായി കേന്ദ്രം പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികളും ലഘുലേഖകളായി തിരഞ്ഞെടുപ്പിനു മുന്‍പ് എല്ലാവീടുകളിലും എത്തിക്കുന്ന ഗൃഹസമ്പര്‍ക്ക യജ്ഞത്തിനും സംസ്ഥാന ഘടകം പദ്ധതിയിട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha