മറ്റൊരു നിയമ പോരാട്ടത്തിന് വിഎസ്, ശ്രീധരന്‍ നായരുടെ രഹസ്യമൊഴിയും സരിതയുടെ റിമാന്റ് റിപ്പോര്‍ട്ടും ആവശ്യപ്പെടും

സോളാര്‍ തട്ടിപ്പുകേസിലെ പരാതിക്കാരന്‍ ശ്രീധരന്‍ നായരുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ കോടതിയില്‍ ഹര്‍ജി നല്‍കും. പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ ഇതിനായി ഹര്‍ജി നല്‍കും. സോളാര്‍ തട്ടിപ്പിലെ പ്രതി സരിത എസ് നായരുടെ റിമാന്റ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടും ഹര്‍ജി നല്‍കും. നിയമ പോരാട്ടത്തിന് സിപിഎം സംസ്ഥാന ദേശിയ നേതൃത്വങ്ങള്‍ വിഎസിന് അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് വിഎസ് സുപ്രീം കോടതി അഭിഭാഷകരുടെ നിയമോപദേശം തേടിയിരുന്നു.
വിഎസിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രേഖകള്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്. നിയമപരമായും വിവരാവകാശത്തിന്റെ അടിസ്ഥാനത്തിലും രേഖകള്‍ പരസ്യപ്പെടുത്തേണ്ടതാണെന്ന് വിഎസ് കോടതിയില്‍ ചൂണ്ടിക്കാട്ടും. കേസില്‍ ഹൈക്കോടതിയെ ആണോ സുപ്രീം കേടതിയെ ആണോ സമീപിക്കേണ്ടതെന്ന് രേഖകള്‍ ലഭിച്ച ശേഷം തീരുമാനിക്കും. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പങ്ക് പുറത്ത് കൊണ്ടു വരാനായി കേടതിയുടെ മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിക്കണമെന്നും ആവശ്യപ്പെടും. മന്ത്രിമാരും സരിതയും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളുടെ വിശദാംശങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെടും.
https://www.facebook.com/Malayalivartha