ഒളിച്ചോടേണ്ട ഉദ്യോഗസ്ഥരേ... കല്‍മണ്ഡപം പൊളിച്ചത് ജില്ലാ ജഡ്ജിയും കളക്ടറും ഐഎഎസുകാരനും അറിഞ്ഞ്

നവീകരണത്തിന്റെ പേരില്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിലുള്ള പത്മതീര്‍ത്ഥക്കരയിലെ കല്‍മണ്ഡപം പൊളിച്ചത് ക്ഷേത്ര ഭരണ സമിതിയുടെ പൂര്‍ണ്ണ അറിവോടെ. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനമായ കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിന്റെ തലയില്‍ കുറ്റമെല്ലാം ചാരി രക്ഷപ്പെടാനൊരുങ്ങുകയാണ് അധികൃതര്‍.
തിരുവനന്തപുരം ജില്ലാജഡ്ജി, എക്‌സിക്യൂട്ടിവ് ഓഫീസര്‍ കെ എന്‍ സതീഷ്, ജില്ലാ കളക്ടര്‍ ബിജുപ്രഭാകര്‍ എന്നിവരടങ്ങിയ ക്ഷേത്രം ഭരണസമിതിയാണ് കല്‍മണ്ഡപം പൊളിക്കാനും പുനര്‍നിര്‍മ്മിക്കാനും ഉത്തരവിട്ടത്. Dismantle and Reset എന്നാണ് മിനിറ്റ്‌സില്‍ ഇതു സംബന്ധിച്ച് ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍. മലയാളത്തില്‍ പറഞ്ഞാല്‍ പൊളിച്ച് പണിയുക.
ക്രെയിന്‍ ഉപയോഗിച്ച് പൊളിക്കാന്‍ തീരുമാനിച്ചതും അധികൃതര്‍ തന്നെയാണ്. തീരുമാനപ്രകാരം നിര്‍മ്മിതി ക്രയിന്‍ ഉപയോഗിച്ചാണ് കല്‍മണ്ഡപം പൊളിച്ചത്. എന്നാല്‍ ജെസിബി ഉപയോഗിച്ച് പൊളിച്ചില്ലെന്നാണ് ജില്ലാഭരണകൂടം പറയുന്നത്. ഇതു ശരിയല്ല.
ആരുമറിയാതെ രാത്രിയില്‍ കല്‍മണ്ഡപം പൊളിച്ചു എന്ന സര്‍ക്കാര്‍ വാദവും പൊളിയാണ്, വൈകിട്ട് അഞ്ചിനാണ് കല്‍മണ്ഡപം പൊളിച്ചത്. സമീപത്തെ കടക്കാരും മറ്റും ഇതിനു സാക്ഷിയാണ്.
കല്‍മണ്ഡപത്തിന്റെ മുകള്‍ഭാഗം പൊളിഞ്ഞു വീഴാറായ അവസ്ഥയിലായിരുന്നു, അതിനാലാണ് പുതുക്കി പണിയാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതിന് സുപ്രീം കോടതിയുടെ അംഗീകാരം ലഭിച്ചതായും സൂചനയുണ്ട്.
ഒന്നരകോടിയായിരുന്നു കല്‍മണ്ഡപം പൊളിച്ച് പണിയാനുള്ള എസ്റ്റിമേറ്റ്. ആര്‍ക്കിടെക്റ്റ് മഹേഷാണ് പ്ലാന്‍ വരച്ചത്. ആദ്യം സ്വകാര്യ ഏജന്‍സികളെ കൊണ്ട് നിര്‍മ്മാണം നടത്താനായിരുന്നു പദ്ധതി. ഇതിനായി ഇ-ടെണ്ടര്‍ ക്ഷണിച്ചെങ്കിലും ആരും മുന്നോട്ടും വരാത്തതുകാരണം ഭവനനിര്‍മ്മാണ വകുപ്പിനു കീഴിലുള്ള സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തെ സമീപിക്കുകയായിരുന്നു. സര്‍ക്കാര്‍ ക്ഷണിച്ച ടെണ്ടറിലും dismantle and Reset എന്ന് കാണിച്ചിട്ടുണ്ട്. ഇതിപ്പോഴും വെബ്‌സൈറ്റില്‍ ലഭ്യമാണ്.
അതിനിടെ ക്ഷേത്രം ഭരണസമിതിയിലുള്ള രണ്ട് ഐഎഎസുകാര്‍ തമ്മിലുള്ള പിണക്കമാണ് വിവാദത്തിന് കാരണമായതെന്നും പറയപ്പെടുന്നു. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ എന്‍ സതീഷ് സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാതെ പ്രതിഷേധിക്കുകയാണ് ഇപ്പോഴും.
dismantle and Reset എന്ന വാക്ക് മിനിറ്റ്‌സില്‍ നിന്നും ഒഴിവാക്കാന്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം ശ്രമിച്ചിരുന്നതായും ആക്ഷേപമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha