ഇല്ല ഞങ്ങളോടാരും ചോദിക്കാനില്ല... കോടതി വിധിയില്‍ വിപണയിലെത്തിയിട്ടും നിറപറയില്‍ സര്‍വ്വത്ര മായം, വിഷം, കൂടാതെ പുഴുക്കളും

മിക്ക കറി പൊടികളുടെയും പരസ്യത്തിലെ സുന്ദരികളുടെ സുന്ദരവാക്കുകളാല്‍ വഞ്ചിതരാകരുതേ. മായം ഇല്ലാത്ത കറിപൊടികള്‍ ഇല്ലെന്നു തന്നെ പറയാം. നിറപറ ചിക്കന്‍ മസാലയില്‍ പുഴുക്കളെ കണ്ടെത്തിയ പരാതിയില്‍ നിറപറക്കെതിരെ സംസ്ഥാന ഫുഡ് ആന്‍ഡ് സേഫ്റ്റി കമ്മീഷണര്‍ ശക്തമായ നടപടിയ്ക്ക്. കഴിഞ്ഞ ദിവസം മലപ്പുറം നഗരസഭാ ആരോഗ്യവിഭാഗത്തില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം ഫൂഡ് ആന്‍ഡ് സേഫ്റ്റി മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധന നടത്തി. പരാതിക്കാരനായ ഉപഭോക്താവില്‍ നിന്നും തെളിവുകള്‍ ശേഖരിക്കുകയും പരാതി സ്വീകരിക്കുകയും ചെയ്തു. ചിക്കന്‍ മസാലയില്‍ മാരകമായ തോതില്‍ മായം ചേര്‍ത്തതായാണ് സംശയിക്കുന്നത്.
തിരൂരിലെത്തിയ ഉദ്യോഗസ്ഥരാണ് പരാതിക്കാരനില്‍ നിന്ന് തെളിവുകള്‍ ശേഖരിച്ചത്. ഒരു മണിക്കൂറിലധികം പരിശോധ നീണ്ടു. നിറപറയുടെ ചിക്കന്‍ ചില്ലി മസാല പൗഡര്‍ പാക്കറ്റില്‍ ജീവനുള്ള പുഴുക്കളും പ്രാണികളും ഉള്ളതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പൗഡറില്‍ വലിയ തോതില്‍ മായം ചേര്‍ത്തിട്ടുണ്ടോയെന്നും പരിശോധനക്ക് ശേഷം ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചു. ചിക്കന്‍ മസാലയുടെ പാക്കറ്റ് സീല്‍ വച്ച ശേഷം പരിശോധനക്കായി ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി. സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയതിന്റെ ബില്ലും ഉപഭോക്താവില്‍ നിന്നുള്ള പരാതിയും തെളിവായി സ്വീകരിച്ചിട്ടുണ്ട്.
തൂക്കം കൂട്ടുന്നതിനായി 20 മുതല്‍ 70 ശതമാനം വരെ മായം ചേര്‍ത്ത് കമ്പനി കൊള്ള ലാഭം കൊയ്യുകയാണ്. നിറപറ കറിപൗഡറുകളുടെ വിപണനം തടഞ്ഞുകൊണ്ട് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ടി വി അനുപമയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് നിറപറ കമ്പനി നേരത്തെ സ്‌റ്റേ വാങ്ങുകയായിരുന്നു. എന്നാല്‍ കമ്മീഷണറുടെ ഉത്തരവിനെ കോടതി സ്‌റ്റേയിലൂടെ മറികടന്ന നിറപറ വീണ്ടും മായം കലര്‍ത്തിയ കറിപൗഡറുകള്‍ വിറ്റൊഴിക്കല്‍ തുടരുകയാണ്. ഭക്ഷ്യയോഗ്യമല്ലാത്ത നിറപറ കറിപൗഡറുകള്‍ക്കെതിരെ ഉപഭോക്താക്കള്‍ നല്‍കിയ പരാതിപ്രളയമായിരുന്നു അന്വേഷണത്തില്‍ കാണാന്‍ സാധിച്ചത്.
മായംകലര്‍ത്തിയതും പുഴുവരിക്കുന്നതുമായ ഭക്ഷ്യയോഗ്യമല്ലാത്ത കറിപൗഡറുകള്‍ വില്‍പന നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിറപറക്കെതിരെ മാത്രം 78 കേസുകളാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തില്‍ നിലനില്‍ക്കുന്നത്. നേരത്തെ നിറപറയുടെ കറിപൗഡറില്‍ അന്നജം മായമായി ചേര്‍ക്കുന്നത് കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിറപറയുടെ മഞ്ഞള്‍പൊടി, മുളകുപൊടി, മല്ലിപൊടി എന്നിവയുടെ നിര്‍മ്മാണവും വിപണനവും തടഞ്ഞ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടിവി അനുപമ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഉത്തരവിനെതിരെ സ്‌റ്റേ വാങ്ങി വിപണിയില്‍ സജീവമായ നിറപറ ജനങ്ങളെ വീണ്ടും മായം തീറ്റിക്കുന്നതായാണ് ഈ പരാതികളില്‍ നിന്നും വ്യക്തമാകുന്നത്.
നിറപറയുടെ മുളക് പൊടി, മഞ്ഞള്‍ പൊടി, മല്ലി പൊടി, ചിക്കന്‍ മസാല, ചിക്കന്‍ ചില്ലി മസാല, കുരുമുളക് പൊടി എന്നിവയിലാണ് മായം ചേര്‍ത്ത് വില്‍പ്പന നടത്തുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഇത്തരം കറിപൗഡറുകള്‍ നിര്‍മ്മിക്കുന്നതിനും വിപണനം നടത്തുന്നതിനും ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമ പ്രകാരം ചില മാനദണ്ഡങ്ങളുണ്ട്. ഈ മാനദണ്ഡങ്ങളെല്ലാം മറികടന്നാണ് തൂക്കം കൂട്ടുന്നതിനായി വ്യാപകമായി മായം കലര്‍ത്തുന്നത്. 20 ശതമാനം മുതല്‍ 70 ശതമാനം വരെ സ്റ്റാര്‍ച്ച് ആഡ് ചെയ്തിരിക്കുന്നതായി ഏറ്റവും ഒടുവില്‍ കണ്ടെത്തിയിരിക്കുന്നു. ഇതില്‍ അരിപ്പൊടി, ഗോതമ്പ് പൊടി, പിണ്ണാക്ക്, മറ്റു വിലകുറഞ്ഞ പൊടികളും അതിന്റെ അവശിഷ്ടങ്ങളും വരെയാണ് മസാലപ്പൊടികളില്‍ ചേര്‍ക്കുന്നത്. ചില രാസ പദാര്‍ത്ഥങ്ങളും ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
കറിപൗഡറുകളിലും മസാലപ്പൊടികളിലും കൂടുതലായി മിക്‌സ് ചെയ്തിരിക്കുന്നത് അരിപ്പൊടിയാണ്. 100 ഗ്രാം കുരുമുളക് പൊടിയുടെ പാക്കറ്റിന് 8590 രൂപയാണ് വില.എന്നാല്‍ ഈ കുരുമുളക് പാക്കറ്റില്‍ 30 ശതമാനവും അരിപ്പൊടി ചേര്‍ത്തതായാണ് കണ്ടെത്തല്‍. കറിപൗഡറുകളില്‍ ചേര്‍ക്കുന്നതിനായി വന്‍തോതില്‍ റേഷനരികള്‍ ശേഖരിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. ഓരോ മസാലപ്പൊടിയിലൂടെയും ജനങ്ങളെ ചൂഷണം ചെയ്ത് കോടികളാണ് നിറപറ കമ്പനി ലാഭമുണ്ടാക്കുന്നത്. എന്നാല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വീണ്ടും ഇവര്‍ വിപണി കീഴടക്കുകയാണ്. പരസ്യത്തിനായി മുന്‍നിര സിനിമാ താരങ്ങളും മുഖ്യധാരാ മാദ്ധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങളും ജനങ്ങളുടെ തെറ്റിദ്ധാരണക്ക് ഇടയാക്കുന്നു. നിറപറക്കു പുറമെ പ്രോമിസ് ഉള്‍പ്പടെ വേറെയും കറിപൗഡര്‍ കമ്പനികള്‍ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ അത് വിരലിലെണ്ണാവുന്ന പരാതികളാണെങ്കില്‍ നിരവധി ശൃംഘലകളുള്ള നിറപറക്കെതിരെയാണ് പരാതി വ്യാപകമായുള്ളത്.
വാര്‍ത്ത കൊടുത്ത് മടുത്തതാണെങ്കിലും മായം വിഷയത്തില്‍ എന്തുചെയ്യും, ഞങ്ങള്‍ ജനങ്ങളുടെ പക്ഷത്താണ്. കാരണം ഇത് ആളുകളുടെ ഭക്ഷണക്കാര്യമാണ്. ആരോഗ്യപ്രശ്‌നമാണ്. മാരക അസുഖങ്ങളാണ് ഇതുപയോഗിക്കുന്നവരെ കാത്തിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha