ജീവിത ദുരിതങ്ങളോട് പടവെട്ടി ഫുള്‍ എ പ്‌ളസ് നേടിയ കൊച്ചുമിടുക്കന്‍

ജീവിതദുരിതം പിടിമുറുക്കിയിട്ടും അതൊന്നും തനിക്ക് ഒരു പ്രശ്‌നമല്ലെന്ന് എസ്.എസ്.എല്‍.സി പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ കെ.ആര്‍.അഭിനവ് തെളിയിച്ചു. നൂറുശതമാനം വിജയം നേടിയ മച്ചാട് സര്‍ക്കാര്‍ സ്‌കൂളില്‍ സമ്പൂര്‍ണ എ പ്ലസ് നേടിയ 9 പേരില്‍ ഒരാളാണ് താന്‍ എന്നതില്‍ കെ.ആര്‍.അഭിനവിന് സന്തോഷമാണ്.
തെക്കുംകര കാര്യാട് ദുബായ് റോഡില്‍ കുണ്ടുകാട്ടുപറമ്പില്‍ രാജീവ്-സജിത ദമ്പതികളുടെ രണ്ട് മക്കളില്‍ മൂത്തവനാണ് അഭിനവ്. 2018 ലെ പ്രളയം മുത്തച്ഛനും മുത്തശ്ശിയും അടങ്ങുന്ന ആറംഗ കുടുംബത്തിന്റെ കൊച്ചുവീട് തകര്‍ത്തു. അധികൃതര്‍ക്ക് അപേക്ഷ നല്‍കിയപ്പോള്‍ ലഭിച്ചത് ഒരുലക്ഷം രൂപ. പപ്പടം നിര്‍മ്മാണമാണ് മാതാപിതാക്കളുടെ ജോലി. തുച്ഛമായ വരുമാനത്തില്‍ നിന്നും കിട്ടുന്ന പണം സ്വരുക്കൂട്ടി വീടിന് തറകെട്ടി. വളര്‍ത്ത് മൃഗങ്ങളോടൊപ്പം തൊഴുത്തിലേക്ക് താമസം മാറ്റി. താമസം ദുഃസഹമായപ്പോള്‍ മൃഗങ്ങളെ വിറ്റ് തൊഴുത്തില്‍ സ്ഥിരമാക്കി. ടാര്‍പോളിനാണ് മേല്‍ക്കൂര. ചൂട് അസഹനീയം.
രാത്രികാലങ്ങളില്‍ പഠനം പാതയോരത്തെ വിളക്കിന് ചുവട്ടിലാക്കി. വനാതിര്‍ത്തിയോട് ചേര്‍ന്ന ജണ്ടയില്‍ (അതിര്‍ത്തി കല്ല്) അന്തിയുറങ്ങി. ജീവിതദുരിതം മലയായി മുന്നില്‍ നിലകൊണ്ടിട്ടും കീഴടങ്ങാന്‍ അഭിനവ് കൂട്ടാക്കിയില്ല. ഒടുവില്‍ വിജയക്കൊടുമുടി മുഴുവന്‍ വിഷയങ്ങളിലും എ പ്ലസായി ഈ മിടുക്കനെ തേടിയെത്തി. അഭിനന്ദന പ്രവാഹത്തിനിടയിലും ഒരു കൊച്ചുഭവനം എന്ന സ്വപ്നം ഇപ്പോഴും അവശേഷിക്കുന്നു.
https://www.facebook.com/Malayalivartha