കരമന കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയതിന് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക... കരമന സൂപ്പര്‍ പ്രിയ അപ്പാര്‍ട്ട്‌മെന്റ് വൈശാഖ് കൊലക്കേസ്, വിചാരണ അന്തിമ ഘട്ടത്തില്‍

പെണ്‍വാണിഭ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയില്‍ തലസ്ഥാനത്തെ കരമന തളിയില്‍ സൂപ്പര്‍ പ്രിയ അപ്പാര്‍ട്‌മെന്റ് ഫ്‌ലാറ്റില്‍ നടന്ന വൈശാഖ് കൊലക്കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലെത്തി. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികളെ വിചാരണ ചെയ്യുന്നത്. അന്വേഷണ ഉദ്യോഗസ്ഥനടക്കം 68 സാക്ഷികളെ വിസ്തരിക്കുകയും 81 രേഖകളും 4 തൊണ്ടി മുതലുകളും
കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു.
എഫ് എസ് എല്‍ റിപ്പോര്‍ട്ടും തൊണ്ടി മുതലുകളും തിരികെ ഹാജരാക്കാത്തതിന് എഫ് എസ് എല്‍ ഡയറക്ടര്‍ നേരിട്ടു ഹാജരായി വിശദീകരണം നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. കുറ്റകൃത്യ ദൃശ്യങ്ങളടങ്ങിയ ക്ലോണ്‍ഡ് പെന്‍ ഡ്രൈവും ക്ലോണ്‍ഡ് സിഡിയും മാത്രം ഹാജരാക്കിയതിന് ലാബിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. വലിയമല കവര്‍ച്ച , വധശ്രമ കേസ് പ്രതി നവീന്‍ സുരേഷും തമ്പാനൂര്‍ സിറ്റി ടവര്‍ റിസപ്ഷനിസ്റ്റ് കൊലക്കേസ് പ്രതി അജീഷിന്റെ ഭാര്യയും വിഴിഞ്ഞം ജ്വല്ലറി സ്വര്‍ണ്ണ കവര്‍ച്ചാ കേസ് പ്രതിയുമായ ഷീബയുമടക്കം 7 പ്രതികള്‍ വിചാരണ നേരിടുന്ന കേസിലാണ് നിര്‍ണ്ണായക ഉത്തരവുണ്ടായത്.
ഒന്നാം പ്രതി നവീന്‍ സുരേഷിനും കൂട്ടുപ്രതികള്‍ക്കും അനവധി തവണ ജാമ്യം നിരസിച്ചിരുന്നു. ഒന്നാം പ്രതി നവീന്‍ സുരേഷ് 2012 മുതല്‍ വധശ്രമമടക്കം അനവധി കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരം കുറ്റവാളിയാണെന്നും കാപ്പ ചുമത്തപ്പെട്ട് കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ട് ജയില്‍ മോചനത്തിന് ശേഷവും കുറ്റകൃത്യങ്ങളില്‍ പ്രതിയായതെന്നും നിരീക്ഷിച്ചാണ് മുന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയും നിലവില്‍
ഹൈക്കോടതി ജഡ്ജിയുമായ പി. കൃഷ്ണകുമാര്‍ ജാമ്യം നിരസിച്ചത്. ഒന്നാം പ്രതിയുടേതടക്കമുള്ള പ്രതികളുടെ വെളിപ്പെടുത്തല്‍ കുറ്റസമ്മത മൊഴികള്‍ പ്രകാരം പ്രതികള്‍ കൃത്യത്തിനുപയോഗിച്ച കാര്‍ , മോട്ടോര്‍ സൈക്കിള്‍ , കൃത്യത്തിനുപയോഗിച്ച കത്തി എന്നിവ പോലീസ് വീണ്ടെടുത്തതായും കോടതി നിരീക്ഷിച്ചു. കാറില്‍ രക്ഷപ്പെടവേ ഒന്നാം പ്രതിയുടെ ശരീരത്തിലും വസ്ത്രത്തിലുമുണ്ടായിരുന്ന രക്തക്കറ കാറില്‍ പതിഞ്ഞത് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയതായും ജാമ്യം തള്ളിയ ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി.
2021 ഏപ്രില്‍ 3 ന് അര്‍ദ്ധരാത്രിയിലാണ് റെസിഡന്റ്‌സ് ഏരിയയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ കൊല നടന്നത്. പിറ്റേന്ന് രാവിലെ 6 മണിക്കാണ് ഫ്‌ലാറ്റ് നിവാസികള്‍ മൃതദേഹം കണ്ട് പോലീസില്‍ വിവരമറിയിച്ചത്. ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തുന്നയാളാണ് വലിയ ശാല നിവാസിയും 34 കാരനുമായ കൊല്ലപ്പെട്ട വൈശാഖ്.
ഫ്‌ലാറ്റില്‍ പെണ്‍വാണിഭം നടത്തിവന്ന ആറ്റുകാല്‍ സ്വദേശി നവീന്‍ സുരേഷ് , കാട്ടാക്കട സ്വദേശി സുജിത് എന്ന ചിക്കു , നെടുമങ്ങാട് സ്വദേശിനി ഷീബ , മലയിന്‍കീഴ് സ്വദേശി ചുണ്ണാമ്പ് സജീവ് എന്ന സജീവ് ,വിനീഷ . അഭിലാഷ് , വിഷ്ണു എന്ന വിച്ചു എന്നിവരാണ് കൊലക്കേസിലെ ഒന്നു മുതല്‍ ഏഴു വരെയുള്ള പ്രതികള്‍. ആദ്യ പ്രതിപ്പട്ടികയിലുണ്ടായിരുന്ന ശിവപ്രസാദ് , ബാംഗ്ലൂര്‍ സ്വദേശിനി കവിത എന്നിവരെ കുറവ് ചെയ്ത് കുറ്റപത്രത്തില്‍ സാക്ഷികളാക്കിയിട്ടുണ്ട്.
ഒന്നാം പ്രതി നവീന്‍ സുരേഷുമായാണ് കൊല്ലപ്പെട്ട വൈശാഖിന് അടുപ്പമുണ്ടായിരുന്നത്. സെക്‌സ് റാക്കറ്റിന്റെ നഗരത്തിലെ പ്രധാന കണ്ണിയാണ് നവീന്‍. വൈശാഖ് മറ്റൊരു പെണ്‍വാണിഭ സംഘത്തിന്റെ കണ്ണിയാണ്. രണ്ടു പേരും കരമന കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയതിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
വെബ്‌സൈറ്റില്‍ പരസ്യം നല്‍കി വൈശാഖ് പെണ്‍വാണിഭ സംഘങ്ങള്‍ക്ക് ആവശ്യക്കാരെ എത്തിച്ചു നല്‍കാറുണ്ട്. കരമന അപ്പാര്‍ട്ട്‌മെന്റില്‍ പെണ്‍വാണിഭം നടക്കുന്നുവെന്ന വിവരമറിഞ്ഞെത്തിയ വൈശാഖ് തനിക്ക് സാമ്പത്തിക ലാഭം കിട്ടില്ലെന്ന് മനസിലാക്കിയതോടെ വിവരം പോലീസിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഈ സമയം അപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന സുജിത്തും ഷീബയും ചേര്‍ന്ന് സമീപത്തെ മുറിയില്‍ താമസിച്ചിരുന്ന സുജിത്തിന്റെ സുഹൃത്ത് നവീനെ വിളിച്ചു വരുത്തി. കത്തിയുമായെത്തിയ നവീന്‍ വൈശാഖിനെ ഭീഷണിപ്പെടുത്തി പുറത്തു കടക്കാന്‍ ആവശ്യപ്പെട്ടു. വഴങ്ങാതായതോടെ നവീനും വൈശാഖും സുജിത്തുമായി പിടിവലിയായി. തുടര്‍ന്ന് നടന്ന കത്തിക്കുത്തില്‍ രക്തം വാര്‍ന്നാണ് വൈശാഖ് കൊല്ലപ്പെട്ടത്. നെഞ്ചിലും ജനനേന്ദ്രിയത്തിലുമടക്കം 64 പരിക്കുകള്‍ മൃതദേഹത്തില്‍ കാണപ്പെട്ടു. തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികള്‍ ശ്രമിച്ചതായും പോലിസ് കുറ്റപത്ര റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha