അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുന്നതിനിടെ ഇടുക്കി മലങ്കര ഡാം തുറന്നു...

സംസ്ഥാനത്ത് റെഡ് അലര്‍ട്ടും അതിതീവ്ര മഴ മുന്നറിയിപ്പും തുടരുന്നതിനിടെ ഇടുക്കി മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ആറ് ഷട്ടറുകളില്‍ അഞ്ചെണ്ണം തുറന്നത്. ഇതോടെ തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയരും. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.
അതേസമയം മഴക്കെടുതിക്കുള്ള സാധ്യത മുന്‍നിര്‍ത്തി പല ജില്ലകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം വിലക്കി. തിരുവനന്തപുരം പൊന്മുടി ഇക്കോടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധിച്ചിരിക്കുകയാണ്.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കാസര്‍കോട്, ബീച്ചുകളിലും റാണിപുരം ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.
ഇടുക്കി രാമക്കല്‍മേട്ടില്‍ ശക്തമായ മഴയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി തലകീഴായി മറിഞ്ഞു. കാറില്‍ ഉണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറത്ത് തീരപ്രദേശങ്ങളില്‍ 3.1 മുതല്‍ 4.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കു സാധ്യതയുള്ളതിനാല്‍ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം വിലക്കി.
തീരപ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. കോഴിക്കോട് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജലാശയങ്ങളില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ജില്ലയിലെ നദീതീരങ്ങള്‍, ബീച്ചുകള്‍, വെള്ളച്ചാട്ടങ്ങള്‍ ഉള്‍പ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം താല്‍ക്കാലികമായി വിലക്കിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha