കപ്പൽ ദുരന്തം; കടലിൽ സംഭവിക്കുന്നത് ഇത്.. മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ

കൊച്ചി തീരത്തിനടുത്ത് എംഎസ്.സി എൽസ ത്രീ എന്ന കപ്പൽ മറിഞ്ഞ സംഭവത്തിൽ ആശങ്ക ഒഴിയുന്നില്ല. തീര പ്രദേശത്തെ ജനങ്ങളെയാണ് ഇത് സാരമായി ബാധിച്ചിരിക്കുന്നത്. പ്രത്യേകിച്ച് മത്സ്യബന്ധനത്തൊഴിലാളികളെ സംബന്ധിച്ച് വലിയ നഷ്ടമാണ് ഇത് വരുത്തി വച്ചിരിക്കുന്നത്.
നിലവിലത്തെ സാഹചര്യത്തിൽ കപ്പലിൽ നിന്ന് കടലിലേക്ക് മറിഞ്ഞ് കരയ്ക്കടിയേണ്ടുന്ന സാധനങ്ങളെല്ലാം എത്തിക്കഴിഞ്ഞു. ഇനി ശേഷിക്കുന്നത് ഇരുമ്പ് പോലുള്ള കടലിനടിയിൽ പോകുന്ന സാധനങ്ങളാണ്. ഇത്തരം സാധനങ്ങൾ അടിയുന്ന കടൽ പ്രദേശങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകുക എന്നുള്ളതാണ് പ്രധാന വെല്ലുവിളി.
മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുന്ന വലയടക്കം വിലപിടിപ്പുള്ള മത്സ്യ ബന്ധന ഉപകരണങ്ങൾക്ക് കേടുപാടുകൾ വരാൻ കപ്പലിന്റെ അവശിഷ്ടങ്ങൾ കാരണമായേക്കാം എന്നാണ് വിലയിരുത്തൽ. അതേ സമയം ഇന്ന് കൊല്ലം തീരപ്രദേശത്ത് കപ്പൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനിടെ ചെറിയ തോതിൽ തീപ്പിടുത്തം ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.
കൊല്ലം ശക്തികുളങ്ങരയിലാണ് തീപ്പിടിത്തമുണ്ടായത്. കണ്ടെയ്‌നറിലെ തെര്‍മോകോള്‍ കവചത്തിനാണ് തീപിടിച്ചത്. അഗ്നിരക്ഷാസേന തീ നിയന്ത്രണവിധേയമാക്കി.ഒമ്പത് കണ്ടെയ്‌നറുകളായിരുന്നു ശക്തികുളങ്ങര തീരത്തടിഞ്ഞത്. കണ്ടെയ്‌നറുകള്‍ മുറിച്ച് കഷ്ണങ്ങളാക്കി കൊല്ലം പോര്‍ട്ടിലേക്ക് മാറ്റാനായിരുന്നു തീരുമാനം. ഇതിനായി ഓരോ കണ്ടെയ്‌നറുകളായി മുറിച്ച് നീക്കംചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുന്നതിനിടെയാണ് തീപ്പിടിത്തം ഉണ്ടായത്.
ഗ്യാസ്‌കട്ടിങ് നടത്തുന്നതിനിടെ, ഫ്രീസര്‍ സംവിധാം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ടായിരുന്ന കണ്ടെയ്‌നറിന്റെ തെര്‍മോകോള്‍ കവചത്തിന് തീപിടിക്കുകയായിരുന്നു. തീ ആളിക്കത്തിയതോടെ വലിയ തോതില്‍ പുക ഉയര്‍ന്നത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. സ്ഥലത്തുണ്ടായിരുന്ന അഗ്നിരക്ഷാസേന യൂണിറ്റ് തീ നിയന്ത്രണവിധേയമാക്കി.
https://www.facebook.com/Malayalivartha